07 June Wednesday

ജനസമക്ഷം ഡോ. ജോ

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

കാക്കനാട് പടമുകളില്‍ സിഐടിയു കുടുംബസംഗമത്തിനെത്തിയ തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന പ്രവര്‍ത്തകര്‍


തൃക്കാക്കര
നഗരപ്രദേശമായ തൃക്കാക്കരയ്‌ക്ക്‌ തിരക്കുകുറഞ്ഞ ദിവസം. അയൽവാസികളുടെ ആ ഞായർ ഒഴിവുനേരങ്ങളിലേക്കാണ്‌ ഡോ. ജോ ജോസഫ്‌ എത്തിയത്‌. മഴയിലും കുതിരാത്ത തെരഞ്ഞെടുപ്പ്‌ പര്യടനം.  പതിവ്‌ പ്രസന്നതയോടെ എളിമ വിടാതെ ഡോക്ടർ പരിചയക്കാരോട്‌ സംസാരിച്ചു. തെരഞ്ഞെടുപ്പുവിശേഷങ്ങൾ പങ്കിട്ടു. വലിപ്പച്ചെറുപ്പമില്ലാതെ ഏവരോടും അടുത്തിടപഴകുന്ന രീതിക്ക്‌ പ്രചാരണത്തിരക്കിലും മാറ്റമില്ല. മുഖത്ത്‌ ക്ഷീണം തോന്നിയവർക്കുമുന്നിൽ ജോ തനി ഡോക്ടറായി. ‘എന്തുപറ്റി മരുന്ന്‌ മുടങ്ങിയോ’ എന്നചോദ്യത്തിലെ പരിഭവത്തിൽ എല്ലാമുണ്ട്‌.  

   പാതിമുറിഞ്ഞ ഉറക്കത്തിനോ പ്രചാരണദിവസങ്ങളിൽക്കൊണ്ട മഴയ്‌ക്കോ ഒന്നും ഡോ. ജോയുടെ പതിവ് തെറ്റിക്കാനായില്ല. പ്രചാരണ പകലിലെ പ്രസരിപ്പിന്റെ തുടർച്ച പ്രഭാതത്തിലും വിടാതെയാണ്‌ ഡോ. ജോ ജോസഫ് വാഴക്കാല സെന്റ് ജോസഫ്‌സ് പളളിയിലെത്തിയത്. വികാരിയച്ചൻ സജിയുമായി സൗഹൃദസംഭാഷണം മഴയും ഉറക്കവും  സ്വീകരണങ്ങളുമെല്ലാമായി അൽപ്പം നീണ്ടു.

 ഇടപ്പള്ളി മരോട്ടിച്ചുവടിലെ ആനന്ദഭവൻ ടീ കോർണറിൽ ചായക്കൊപ്പം തെരഞ്ഞെടുപ്പ്‌ ചൂടും ചർച്ചയാക്കിയവർക്കിടയിലേക്ക്‌ സ്ഥാനാർഥി വന്നപ്പോൾ പലർക്കും അമ്പരപ്പ്‌. കൂടെയുണ്ടെന്ന്‌ അവരുടെ വാഗ്‌ദാനം. ആ സ്‌നേഹം ഒരു സെൽഫിയിലാക്കി ഡോ. ജോ ജോസഫ്‌ കൈവീശിയകന്നു. സുഹൃത്ത് ഡോ. വിവേക് തോമസിന്റെ വീട്ടിലേക്ക്‌.

കെ ജെ മാക്‌സി എംഎൽഎക്കൊപ്പം പൊന്നുരുന്നി സെന്റ് ഇഗ്‌നേഷ്യസ് പള്ളിയിലെത്തിയ ഡോക്ടർ അന്നദാനത്തിൽ പങ്കെടുത്ത് കഞ്ഞി കുടിച്ചശേഷമാണ് മടങ്ങിയത്. പൊന്നുരുന്നി മായിങ്കരയിലെ വീടുകളും അസാസ്സുൽ മുസ്ലിം പള്ളിയും സന്ദർശിച്ചു.  പനമ്പിള്ളി നഗറിൽ ചലച്ചിത്രതാരം കുഞ്ചന്റെ വീട്ടിലെത്തി.  

ഇടയ്‌ക്ക്‌ കെഎംഎം ലോ കോളേജിലെ പ്രൊഫഷണൽ മീറ്റിൽ സംസാരിച്ചു. കോർപറേഷനിലെ മുൻ കൗൺസിലറും സ്ഥിരംസമിതി അധ്യക്ഷയുമായ ഗ്രേസി ജോസഫ്‌ എളംകുളത്തെ ബന്ധുവീട്ടിലെത്തിയ ഡോക്ടർക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. തിങ്കൾ രാവിലെ ഏഴിന്‌ കടവന്ത്രയിൽ ഡോ. ജോ ജോസഫിന്റെ റോഡ്‌ ഷോ ആരംഭിക്കും. പകൽ 3.30 മുതൽ അത്താണിയിൽനിന്ന്‌ പൊതുപര്യടനം. മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്‌ച എത്തുന്നതോടെ തൃക്കാക്കരയിൽ ആവേശം വാനോളമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top