16 April Tuesday

തൃക്കാക്കരയുടെ വികസനം ഇനി അതിവേഗം

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

പൊന്നുരുന്നി മായിങ്കര പറമ്പിൽ നടത്തിയ പര്യടനത്തിനിടെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെ അനുഗ്രഹിക്കുന്ന മുതിർന്ന വോട്ടർ തങ്കമ്മ



കൊച്ചി
രാവിലെയും വൈകിട്ടും കാക്കനാടുനിന്ന്‌ കൊച്ചി നഗരത്തിലേക്കുള്ള യാത്രാക്ലേശം അനുഭവിച്ചവർക്കറിയാം തൃക്കാക്കരയെ കൊച്ചിയുടെ യാത്രാ ഹബ്ബാക്കി മാറ്റാനുള്ള എൽഡിഎഫ്‌ പ്രഖ്യാപനത്തിന്റെ പ്രാധാന്യം.  കേരളത്തിന്റെ സിലിക്കൺവാലിയും കലക്ടറേറ്റും സ്ഥിതിചെയ്യുന്ന തൃക്കാക്കരയിൽ വിപുലമായ സൗകര്യങ്ങളോടെ സർക്കാർ ആശുപത്രി എന്ന സ്വപ്‌നവും സഫലമാകും. ഇതുൾപ്പെടെ തൃക്കാക്കരയുടെ വികസനമുരടിപ്പിനു പരിഹാരം കാണാനും ലോകശ്രദ്ധയാകർഷിക്കുന്ന നഗരമായി മാറ്റാനുമുള്ള പദ്ധതികളാണ്‌ എൽഡിഎഫ്‌ പ്രകടനപത്രിക മുന്നോട്ടുവയ്‌ക്കുന്നത്‌.

കുടുംബാരോഗ്യ കേന്ദ്രം ഉണ്ടെങ്കിലും ജില്ലാ ആസ്ഥാനത്ത്‌ ആധുനിക സൗകര്യമുള്ള വിപുലമായ ആശുപത്രി തൃക്കാക്കരയുടെ സ്വപ്‌നമാണ്‌. പ്രകടനപത്രികയിലെ പ്രധാന നിർദേശം കാക്കനാട്‌ ആധുനിക സർക്കാർ ആശുപത്രിയാണ്‌. ഒപ്പം ഇടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തെ കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററാക്കാനും പദ്ധതിയുണ്ട്‌.

കെ–-ഫോൺ പദ്ധതിയിൽ മണ്ഡലത്തിലാകെ ചെലവുകുറഞ്ഞ ഇന്റർനെറ്റ്‌ സൗകര്യവും ഏർപ്പെടുത്തും. സിറ്റി ഗ്യാസ്‌ മണ്ഡലത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലുമെത്തിക്കാനുള്ള പദ്ധതിയും പാചകവാതക ചെലവ്‌ നാലിലൊന്നായി കുറയ്‌ക്കും. മണ്ഡലത്തിൽ വീടില്ലാത്ത എല്ലാവർക്കും വീടും അർഹരായവർക്കെല്ലാം പട്ടയവും നൽകും. കുടിവെള്ളപ്രശ്‌നം പരിഹരിക്കാൻ അമ്പലമേട്‌ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്‌ പുനരുദ്ധരിക്കും. തൃക്കാക്കരയിലെ ഓവർഹെഡ്‌ ടാങ്ക്‌ സംഭരണശേഷി കൂട്ടും.  ഇൻഫോപാർക്കിലും കൊല്ലംകുടിമുകളിലും പുതിയ ഓവർഹെഡ്‌ ടാങ്കുകളും സ്ഥാപിക്കും.  ഇതോടെ തൃക്കാക്കരയിലെ കുടിവെള്ളക്ഷാമം പൂർണമായി പരിഹരിക്കും.

ഇൻഫർമേഷൻ സൂപ്പർഹൈവേ കടന്നുപോകുന്ന കൊച്ചിയുടെ സാധ്യതകളും കേരളത്തിന്റെ സിലിക്കൺവാലിയായ കാക്കനാട്‌ ഇൻഫോപാർക്കിലെ ഐടി സാധ്യതകളും പ്രയോജനപ്പെടുത്തി മണ്ഡലത്തിൽ നൈപുണ്യ വികസനത്തിലൂടെ തൊഴിൽ സാധ്യത വർധിപ്പിക്കാനുള്ള പദ്ധതിയും വിഭാവനം ചെയ്‌തിട്ടുണ്ട്‌. ആലുവ–- അമ്പലമുകൾ വ്യവസായ ഇടനാഴി പുനരുദ്ധരിക്കുന്നതോടെ ഈ മേഖലയിൽ ചെറുകിട വ്യവസായങ്ങൾ വരും. സ്‌റ്റാർട്ടപ്പുകൾക്കും അവസരം കൈവരും.

കായികരംഗത്തെ പ്രോത്സാഹിപ്പിക്കാൻ  കാക്കനാട്‌ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയവും ഓരോ വില്ലേജിലും   കളിസ്ഥലവും ഒരുക്കും. തൃക്കാക്കരയ്‌ക്ക്‌ സമഗ്ര മാലിന്യസംസ്‌കരണ പദ്ധതി നടപ്പാക്കിയും കടമ്പ്രയാറിനെ മാലിന്യമുക്തമാക്കിയും തൃക്കാക്കരയെ ഹരിതചാരുത നഗരമാക്കാനും പ്രകടനപത്രികയിൽ പദ്ധതികളുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top