25 April Thursday

യാത്രക്കാരെ കുത്തിനിറച്ച്‌ തീക്കളി ; നിർദേശം ലംഘിച്ച ബസുകൾക്ക്‌ വൻപിഴ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020


കൊച്ചി
ടിക്കറ്റ്‌ നിരക്ക് 50 ശതമാനം‌ കൂട്ടിവാങ്ങുമ്പോഴും പതിവുപോലെ യാത്രക്കാരെ കുത്തിനിറച്ചോടിയ സ്വകാര്യബസുകൾക്ക്‌ വൻതുക പിഴ. സാമൂഹ്യ അകലം പാലിച്ച്‌ കുറച്ച്‌ യാത്രക്കാരെ കയറ്റാനാണ്‌ ടിക്കറ്റ്‌ നിരക്ക്‌ കൂട്ടിയത്‌. ഇത്‌ കൊള്ളയ്‌ക്കുള്ള അവസരമാക്കിയ സ്വകാര്യബസുകൾക്കാണ്‌ പിടിവീണത്‌.

സീറ്റിൽ ഓരോ യാത്രക്കാരെമാത്രമേ അനുവദിക്കാവൂ എന്ന നിബന്ധന പല ബസുകളും പാലിക്കുന്നില്ല. നിന്നുള്ള യാത്ര അനുവദിക്കുന്നു.  നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകൾ കയറുന്നത്‌ നിയന്ത്രിക്കാൻ ബസ്‌ ജീവനക്കാർ തയ്യാറാകുന്നില്ലെന്നുമാത്രമല്ല, പരിശോധനയില്ലാത്തിടത്ത്‌ കൂടുതൽപേരെ വിളിച്ചുകയറ്റുകയും ചെയ്യുന്നതായി വ്യാപകപരാതിയുണ്ട്‌. ജില്ലയിൽ ക്വാറന്റൈൻ ലംഘനങ്ങൾ കൂടിവരുന്നതായി റിപ്പോർട്ടുകൾ ഉള്ളപ്പോഴാണ്‌ കൊള്ളലാഭംമാത്രം ലക്ഷ്യമിട്ട്‌ സ്വകാര്യബസുകളുടെ തീക്കളി.

യാത്രക്കാരെ കുത്തിനിറച്ചുകയറ്റിയ രണ്ടു ബസ്‌ നഗരത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സൗത്ത് പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബസുകള്‍ പിടികൂടിയത്. ഫോര്‍ട്ടുകൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന ബസ് തേവരയിലും എറണാകുളം–-പൂത്തോട്ട സര്‍വീസ് നടത്തുന്ന ബസ് വളഞ്ഞമ്പലത്തുമാണ് പിടികൂടിയത്. പള്ളുരുത്തി–-ഹൈക്കോർട്ട്‌ റൂട്ടിൽ ആളുകളെ കുത്തിനിറച്ച്‌ സർവീസ്‌ നടത്തിയ ബസ്‌ പിടികൂടി 10,000 രൂപ പിഴചുമത്തി. മറ്റു ബസുകൾക്ക്‌ 5000 രൂപയും പിഴചുമത്തിയിട്ടുണ്ട്‌. ലോക്ക്‌ഡൗൺ കാലയളവിൽ പിടികൂടുന്ന വാഹനങ്ങൾ പിഴചുമത്തി വിട്ടുനൽകണമെന്ന ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി.

ജില്ലയിൽ വ്യാഴാഴ്ച സർവീസ്‌ ആരംഭിച്ചെങ്കിലും ഭൂരിഭാഗം സർവീസും നഷ്ടത്തിലാണ്‌ ഓടുന്നതെന്ന്‌ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്സ്‌ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ എം ബി സത്യൻ പറഞ്ഞു. ആദ്യദിനത്തിൽ ഡീസലിനുള്ള തുകപോലും ലഭിച്ചില്ല. ഇതുമൂലം കൂടുതൽ ബസുകൾ സർവീസ്‌ നടത്തുന്നതിന്‌ തടസ്സമുണ്ട്‌. സാമൂഹ്യ അകലം പാലിക്കണമെന്ന നിർദേശം ഉടമകൾക്ക്‌ നൽകി‌. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി എടുക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top