അങ്കമാലി
നാലുപതിറ്റാണ്ടിലധികമായി പീറ്ററിന്റെ കലാസപര്യ തുടങ്ങിയിട്ട്. ഇന്നും ശിഷ്യരുടെ നടുവിലാണ് പീച്ചാനിക്കാട് സ്വദേശിയായ ഈ കലാകാരൻ.
തബല, ഓർഗൻ, ഡ്രംസ്, ഹാർമോണിയം എന്നീ സംഗീതോപകരണ പരിശീലകൻ എന്ന നിലയിൽ അയ്യായിരത്തിലധികം ശിഷ്യരുണ്ട്.
ക്വയറിൽ തബലയും ഓർഗനും വായിച്ചാണ് തുടക്കം. 1977ൽ എറണാകുളം കലാഭവനിൽ വിദ്യാർഥിയായി. സംഗീതംകൊണ്ടൊന്നും ജീവിക്കാൻ പറ്റില്ലെന്ന വീട്ടുകാരുടെ മുറുമുറുക്കലിൽ തയ്യൽ പഠിക്കാനെന്നു പറഞ്ഞാണ് കലാഭവനിലേക്കുള്ള യാത്ര. പാവപ്പെട്ട കർഷകകുടുംബത്തിന് താങ്ങാൻ കഴിയുന്നതായിരുന്നില്ല സംഗീതത്തിന്റെ കാണാചക്രവാളങ്ങൾ. ചെറിയ ഒരു മുറിയിൽ കലാസദൻ എന്ന പേരിൽ സംഗീതോപകരണ പരിശീലനം അങ്കമാലിയിൽ തുടങ്ങുന്നത് 1980ൽ. ചെറിയഫീസ് മാത്രം വാങ്ങിയാണ് പഠിപ്പിക്കൽ.
ആലുവ ടാസ് ഹാൾ, ത്യാഗരാജ സ്കൂൾ ഓഫ് മ്യൂസിക്, പെരുമ്പാവൂർ ഫൈൻ ആർട്സ് സൊസൈറ്റി, വൈഎംസിഎ, വെങ്ങോല താളം ആർട്സ് സൊസൈറ്റി, കോതമംഗലം വിമൻസ് സ്കൂൾ ഓഫ് മ്യൂസിക്, കലാഗൃഹം, കിഴക്കമ്പലം സെന്റ് ആന്റണീസ് മ്യൂസിക് ഹോം എന്നിങ്ങനെ നിരവധി ഇടങ്ങളിൽ സംഗീതക്ലാസുകൾ നടത്തി.
ദേവരാജൻ മാസ്റ്ററുമായി സൗഹൃദം സ്ഥാപിക്കാനും അദ്ദേഹത്തിൽനിന്ന് സംഗീതപാഠങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞത് വലിയ അനുഗ്രഹമായി കാണുന്നു പീറ്റർ. കലാഭവനിൽ ഡ്രംസ്, തബല, കീബോർഡ് തുടങ്ങിയവ പഠിപ്പിച്ചു. മികച്ച തബലിസ്റ്റ് എന്ന നിലയിൽ സാംസ്കാരികവകുപ്പിന്റെ പെൻഷനുണ്ട്. അനാരോഗ്യം വേട്ടയാടുമ്പോഴും ഹൃദയം തൊടുന്ന ശിഷ്യരാണ് പീറ്ററിന്റെ ആശ്വാസം. ഭാര്യ: റെയ്ച്ചൽ (മുൻ അങ്കമാലി നഗരസഭാ കൗൺസിലർ, അങ്കണവാടി ടീച്ചർ). മക്കൾ: അഞ്ജു റിയ, അനുസാര, അനില മേഴ്സി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..