കവളങ്ങാട്
കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് ജനറൽ സെക്രട്ടറി വി കെ റഷീദ് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കും. നെല്ലിമറ്റം പി കെ കരുണാകരൻ സ്മാരക ഹാളിൽ ഒരുക്കിയ സ്വീകരണത്തിൽ പാർടി ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ വി കെ റഷീദിന് പാർടി പതാക കൈമാറി.
ബിജെപിയോടൊപ്പം ചേർന്നുള്ള കോൺഗ്രസിന്റെ തെറ്റായ രാഷ്ട്രീയ നയങ്ങളിൽ പ്രതിഷേധിച്ചാണ് വി കെ റഷീദ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്. രണ്ടുതവണ കവളങ്ങാട് പഞ്ചായത്ത് അംഗം, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നിങ്ങനെ പ്രവർത്തിച്ചിട്ടുണ്ട്. യുഡിഎഫ് ഭരിച്ചിരുന്ന കവളങ്ങാട് പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചിരുന്നു. മൂന്ന് കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് ഭരണം എൽഡിഎഫ് പിടിച്ചത്. നൂറുകണക്കിന് പ്രവർത്തകരും ഇതോടെ എൽഡിഫിലെത്തിയിരുന്നു. നേര്യമംഗലം, കവളങ്ങാട്, മണിമരുതുംചാൽ, നെല്ലിമറ്റം, പുത്തൻകുരിശ് തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ പാർടികളിൽനിന്നുള്ള നിരവധിപേരാണ് അടുത്തനാളുകളിലായി സിപിഐ എമ്മിലെത്തിയത്.
കവളങ്ങാട് പഞ്ചായത്തിലെ വനമേഖലയിലുള്ള മരങ്ങൾ യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ അനധികൃതമായി തുച്ഛമായ വിലയ്ക്ക് ലേലം ചെയ്തിരുന്നു. തെരുവുനായശല്യം അടക്കമുള്ള കാര്യങ്ങളിൽ നിഷ്‌ക്രിയ ഭരണമായിരുന്നു. എൽഡിഎഫ് ഭരണം ഏറ്റതോടെ വിവിധ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.
യോഗം ആർ അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. നേര്യമംഗലം ലോക്കൽ സെക്രട്ടറി കെ ഇ ജോയി അധ്യക്ഷനായി. ആന്റണി ജോൺ എംഎൽഎ, എരിയ സെക്രട്ടറി ഷാജി മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം എ എ അൻഷാദ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..