11 December Monday

നഗരസഭാ ചെയർമാൻ പ്രതിപക്ഷത്തിന് വഴങ്ങി ; 
ഉപരോധസമരം ഒത്തുതീർപ്പായി

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023


അങ്കമാലി
നഗരസഭാ ഭരണം അവതാളത്തിലായതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രണ്ടുദിവസമായി നടത്തിവന്നിരുന്ന നഗരസഭാ ഓഫീസ് ഉപരോധസമരം ഒത്തുതീർപ്പായി. തദ്ദേശ ജോയിന്റ് ഡയറക്ടറുടെ ഇടപെടലിനെ തുടർന്ന് നഗരസഭാ സെക്രട്ടറിയും അങ്കമാലി പൊലീസ് ഇൻസ്പെക്ടറുമായി പ്രതിപക്ഷ കൗൺസിലർമാർ സിപിഐ എം ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് പ്രതിപക്ഷം ആവശ്യപ്പെട്ട കാര്യങ്ങളിൽ ഒത്തുതീർപ്പുണ്ടായത്.

വാർഡുകളിൽ പുല്ലുവെട്ടുന്നതിനും കാനയിൽനിന്ന്‌ കോരിയ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനും തീരുമാനമായി. ബുഷ് കട്ടർ വാങ്ങും. ചെയർമാൻ പിടിച്ചുവച്ച പെർമിറ്റ് ഫയലുകൾ വിട്ടുകൊടുക്കും. നഗരസഭാ ഓഫീസിൽ ജനറേറ്റർ ഉപയോഗത്തിന്‌ ദിനംതോറും 100 ലിറ്ററോളം ഡീസൽ ദുരുപയോഗം ചെയ്യുന്നത്‌ പരിശോധിക്കും.

ബുധനാഴ്ചയാണ് ഉപരോധസമരം തുടങ്ങിയത്. രാവിലെ 6.30 മുതൽ വൈകിട്ട് ഓഫീസ് അടയ്ക്കുന്നതുവരെ ആദ്യദിവസത്തെ സമരം നീണ്ടു. തീരുമാനമാകാത്തതിനെ തുടർന്ന് വ്യാഴം രാവിലെമുതൽ ഉപരോധം തുടർന്നു.രണ്ടാംദിവസത്തെ ഉപരോധം സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ് അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി സജി വർഗീസ്, ബെന്നി മൂഞ്ഞേലി, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ലക്സി ജോയി, എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി പി എൻ ജോഷി, കൗൺസിലർമാരായ വിൽസൻ മുണ്ടാടൻ, ഗ്രേസി ദേവസി, മാർട്ടിൻ ബി മുണ്ടാടൻ, ലേഖ മധു, അജിത ഷിജോ, രജനി ശിവദാസൻ, സരിത അനിൽകുമാർ, മോളി മാത്യു എന്നിവർ സംസാരിച്ചു. ചെയർമാന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് സമരവിജയമെന്ന് ടി വൈ ഏല്യാസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top