25 April Thursday

ബ്രഹ്മപുരത്ത് സുരക്ഷ
 വർധിപ്പിക്കും ; മേൽനോട്ടസമിതി ചേർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023


കൊച്ചി
ബ്രഹ്മപുരത്തെ തീപിടിത്തം ആവർത്തിക്കാതിരിക്കാൻ രൂപീകരിച്ച മേൽനോട്ടസമിതിയുടെ ആദ്യയോഗം ചേർന്നു. ബ്രഹ്മപുരത്ത് അഗ്നിസുരക്ഷാ സംവിധാനങ്ങൾക്ക്‌ എത്താവുന്ന രീതിയിൽ റോഡ് സൗകര്യം മെച്ചപ്പെടുത്താനും പ്രദേശത്ത് എൽഇഡി ലൈറ്റുകൾ സ്ഥാപിക്കാനും കൂടുതൽ ഫയർ ഹൈഡ്രന്റുകൾ ഒരുക്കാനും തീരുമാനിച്ചു. സെക്യൂരിറ്റി സംവിധാനം കൂടുതൽ ശക്തിപ്പെടുത്താൻ ബ്രഹ്മപുരത്ത് വാച്ച്ടവർ സ്ഥാപിക്കും. ഗേറ്റ് സെക്യൂരിറ്റി വർധിപ്പിക്കും. ഫയർ വാച്ച്മാൻമാരെ നിയമിക്കാനും കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചു. ഇതുസംബന്ധിച്ച രൂപരേഖ അഗ്നി രക്ഷാസേന തയ്യാറാക്കി കലക്ടർക്കും കോർപറേഷനും സമർപ്പിക്കും.

അടുത്തമാസം വീണ്ടും യോഗം ചേർന്ന് മേൽപ്രവർത്തനങ്ങൾ അവലോകനം ചെയ്യും. ബ്രഹ്മപുരത്ത് അഗ്നി രക്ഷാപ്രവർത്തനങ്ങളിൽ അഗ്നി രക്ഷാസേനയെ സഹായിച്ച സിവിൽ ഡിഫൻസ് വളന്റിയർമാർക്ക് പാരിതോഷികം നൽകാനും യോഗം തീരുമാനിച്ചു. പി വി ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി. മേയർ എം അനിൽകുമാർ, വടവുകോട്–-പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ്‌ സോണിയ മുരുകേശൻ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ ടി കെ അഷറഫ്, സെക്രട്ടറി എം ബാബു അബ്ദുൾ ഖദീർ എന്നിവർ സംസാരിച്ചു.

മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് മേൽനോട്ടസമിതി രൂപീകരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top