25 May Saturday

മാർ ജോസഫ് പൗവത്തിലിന് നാടിന്റെ യാത്രാമൊഴി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023


ചങ്ങനാശേരി
സിറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പൗവത്തിലിന് നാടിന്റെ യാത്രാമൊഴി. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ ബുധൻ പകൽ രണ്ടോടെയായിരുന്നു സംസ്‌കാരം. മെത്രാപ്പോലീത്തൻ പള്ളിയിൽ രാവിലെ ഒമ്പതോടെ രണ്ടാംഘട്ട  ശുശ്രൂഷ ആരംഭിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി  മുഖ്യകാർമികനായി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർ മാത്യു മൂലക്കാട്ട്, കർദിനാൾ ബസേലിയോസ് മാർ ക്ലിമിസ് മെത്രാപ്പോലീത്ത, ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ, മാർ തോമസ് തറയിൽ, മാർ ജോസഫ് പുളിക്കൽ, മാർ ജോർജ് രാജേന്ദ്രൻ, മാർ തോമസ് പടിയത്ത്, മാർ മാത്യു അറയ്ക്കൽ തുടങ്ങി 62 മെത്രാപ്പോലീത്തമാർ സഹകാർമികരായി.

ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ, സിറോ മലങ്കര സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കെസിബിസി ചെയർമാൻ ഡോ. വർഗീസ് ചക്കാലയ്ക്കൽ എന്നിവർ അനുസ്മരണ സന്ദേശം നൽകി.  ഫ്രാൻസിസ് മാർപ്പാപ്പയുടെ അനുശോചന സന്ദേശവും വിവിധ മതമേലധ്യക്ഷൻമാരുടെയും സോണിയ ഗാന്ധി തുടങ്ങിയ പ്രമുഖരുടെയും അനുസ്മരണ സന്ദേശവും വായിച്ചു. മാർ ജോർജ് ആലഞ്ചേരി, മാർ ജോസഫ് പെരുന്തോട്ടം എന്നിവർ ചേർന്ന് വിശുദ്ധ ഗ്രന്ഥം ചുംബിപ്പിച്ചു. 

കുർബാനയ്ക്ക് ശേഷം ദേവാലയത്തോടും അൾത്താരയോടുമുള്ള വിടവാങ്ങൽ ചടങ്ങ്‌ നടന്നു. മൃതദേഹം വഹിച്ചുകൊണ്ട് പള്ളിയുടെ ആനവാതിലിൽ മൂന്ന് തവണ മുട്ടി. തുടർന്ന്‌ നഗരികാണിക്കൽ നടന്നു. ഇതിനുശേഷം പൊലീസ്‌ ഗാർഡ് ഓഫ് ഓണർ നൽകി. കബറിട പള്ളിയിലേക്ക് കുടുംബാംഗങ്ങളാണ്  ശരീരം എത്തിച്ചത്. മാർ ജോസഫ് പെരുന്തോട്ടം ഒപ്പുവെച്ച, മാർ പൗവത്തിലിന്റെ ജീവിതരേഖകൾ ഏഴ് ചെമ്പ് ഫലകങ്ങളിലാക്കി മൃതദേഹത്തോടൊപ്പം വച്ചു. കുടുംബാംഗങ്ങളും മെത്രാപ്പോലീത്തമാരും 12 വർഷമായി പരിചരിച്ചിരുന്ന നിഥിൻ ഫ്രാൻസിസും കുന്തിരക്കമിട്ട് അന്തിമോപചാരം അർപ്പിച്ചു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം  മുഖക്കച്ചയിട്ടു. പകൽ രണ്ടോടെ കബറിട പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കബറിടത്തിൽ സംസ്‌കരിച്ചു. 

സംസ്‌കാര ചടങ്ങിന്‌ 
ആയിരങ്ങൾ
അതിരൂപതയിലെ 18 ഫൊറോന വികാരിമാരും 250 ഇടവകകളിൽ നിന്നുള്ള വൈദികരും സന്യസ്തരും കൈക്കാരന്മാരും വിവിധ സംഘടനാ പ്രതിനിധികളും വിശ്വാസികളുമാടക്കം ആയിരങ്ങൾ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.  മാർ ജോസഫ് പെരുന്തോട്ടം ആമുഖ സന്ദേശവും സ്വാഗതവും പറഞ്ഞു. സഹായ മെത്രാൻ മാർ തോമസ് തറയിൽ നന്ദി പറഞ്ഞു. മാർ തോമസ് ഇലവനാൽ, മാർ അലക്‌സ് താരമംഗലം, മാർ ലോറൻസ് മുങ്കുഴി, മാർ ജോർജ് രാജേന്ദ്രൻ, ബിഷപ്പ് സ്റ്റാൻലി റോമൻ, ബിഷപ്പ് വിൻസന്റ് സാമുവൽ, ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ്പ് തോമസ് മാർ കൂറിലോസ്, ആർച്ച് ബിഷപ്പ് എം സൂസാപാക്യം, ആർച്ച് ബിഷപ്പ് തോമസ് നെറ്റോ, ബിഷപ്പ് യുഹന്നാൻ മാർ ക്രിസ്‌റ്റോം, ബിഷപ്പ് മാർ ഐറേനിയോസ്, ബിഷപ്പ് ഏബ്രഹാം മാർ യൂലിയോസ്, ബിഷപ്പുമാരായ ടോണി നീലംകാവിൽ, ജോസഫ് പാംബ്ലാനി, ജോർജ് ഞെരളക്കാട്ട്, റെമിജിയോസ് ഇഞ്ചിയാനിക്കൽ, സെബാസ്റ്റ്യൻ വടക്കേൽ, ജോർജ് വലിയമറ്റം, ജോൺ നെല്ലിക്കുന്നേൽ, മാത്യു അറയ്ക്കൽ, സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവരും സംസ്‌കാര ശുശ്രൂഷയിൽ പങ്കെടുത്തു.

പ്രണാമവുമായി പ്രമുഖർ
സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി, ബംഗാൾ ഗവർണർ സി വി ആനന്ദബോസ്, ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി എൻ വാസവൻ, ആന്റണി രാജു, വീണാ ജോർജ്ജ്, റോഷി അഗസ്റ്റിൻ,  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സർക്കാർ ചീഫ് വിപ്പ് ഡോ എൻ ജയരാജ്, എംപിമാരായ ജോസ് കെ മാണി, കൊടിക്കുന്നിൽ സുരേഷ്, തോമസ് ചാഴികാടൻ, ആന്റോ ആന്റണി, കെ സി വേണുഗോപാൽ, എംഎൽഎമാരായ ജോബ് മൈക്കിൾ, കെ യു ജനീഷ് കുമാർ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പി കെ കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, കെ പി മോഹനൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി കലക്ടർ ഡോ. പി കെ ജയശ്രീ,  അഡ്വ. കെ സുരേഷ്‌കുറുപ്പ്, കെ ഫ്രാൻസിസ് ജോർജ്, പി സി തോമസ്, കെ സി ജോസഫ്, ജോസഫ് വാഴക്കൻ, ജോസഫ് എം പുതുശ്ശേരി, തോമസ് ഉണ്ണിയാടൻ, യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോം, വി എം സുധീരൻ എന്നിവരും അന്തിമോപചാരം അർപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top