20 April Saturday

കുരുങ്ങണ്ട, വൈറ്റിലയിലും
ഇടപ്പള്ളിയിലും ; ജങ്‌ഷനുകളിൽ ഗതാഗതം സുഗമമാക്കുന്നതിന്‌ നടപടി

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

ഇടപ്പള്ളിയിൽ മന്ത്രി പി രാജീവ് സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു, മേയർ എം അനിൽകുമാർ 
എന്നിവർക്കൊപ്പം സന്ദർശനം നടത്തുന്നു


കൊച്ചി
വൈറ്റില, ഇടപ്പള്ളി ജങ്‌ഷനുകളിൽ ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പി രാജീവ്. വൈറ്റിലയിലെ പരിഷ്കാരങ്ങൾ സംബന്ധിച്ച് നാറ്റ്പാക്കും ദേശീയപാത അതോറിറ്റിയുടെ കൺസൾട്ടൻസിയും നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ ധാരണയിലെത്തും. ഇടപ്പള്ളിയിൽ റോഡ് വീതികൂട്ടിയും ഫ്ലൈഓവർ നിർമിച്ചും ഗതാഗതം സുഗമമാക്കും. മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, കളമശേരി നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ, എഡിഎം എസ് ഷാജഹാൻ, സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു എന്നിവർക്കൊപ്പം ജങ്‌ഷനുകൾ സന്ദർശിച്ചശേഷമാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്.

വൈറ്റില ജങ്‌ഷനും മാറും
വൈറ്റില ജങ്‌ഷൻ വികസനത്തിന്റെ ഭാഗമായി നിലവിലുള്ള മീഡിയൻ രൂപംമാറ്റി റോഡ് വീതികൂട്ടുന്നതിനും പുതിയ കാന നിർമിക്കുന്നതിനും പൈപ്പുകളും കേബിളുകളും മാറ്റുന്നതിനും കേരള റോഡ് ഫണ്ട് ബോർഡിന് സമർപ്പിച്ച എസ്റ്റിമേറ്റ് കിഫ്ബിയുടെ പരിഗണനയിലാണ്. ജങ്‌ഷൻ നവീകരിക്കുന്നതിന്‌ കിഫ്ബി, നാറ്റ്പാക്കിനെ ചുമതലപ്പെടുത്തി. ദേശീയപാത അതോറിറ്റിയും കൺസൾട്ടൻസിയെ നിയോഗിച്ചു. രണ്ട് ഏജൻസികളും ഏകോപനത്തോടെ പ്രവർത്തിക്കും. ഇവയുടെ സംയുക്തയോഗം വിളിച്ചുചേർക്കാൻ സിറ്റി പൊലീസ് കമീഷണറെ മന്ത്രി ചുമതലപ്പെടുത്തി.

ഇടപ്പള്ളി ജങ്‌ഷനിൽ വീതി കൂട്ടും
ദേശീയപാത 66ൽ ചേരാനല്ലൂർ ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ കളമശേരി ഭാഗത്തേക്ക് പോകുന്ന റോഡിന് 7.7 മീറ്ററാണ് വീതി. ലുലുമാളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ ക്യൂവിൽ വരുമ്പോൾ റോഡിലെ ഗതാഗതം ഒറ്റവരിയായി പരിമിതപ്പെടുന്നു. ഇവിടെ നടപ്പാതയ്ക്ക് 2.1 മീറ്റർ വീതിയുണ്ട്. നടപ്പാത യോജിപ്പിച്ചാൽ റോഡിന് 9.7 മീറ്റർ വീതി ലഭിക്കും. മെട്രോയുടെ നടപ്പാതയുള്ളതിനാൽ കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാവില്ല. വാഹനങ്ങൾ ക്യൂവിൽ നിൽക്കുമ്പോഴും കളമശേരി ഭാഗത്തേക്ക് രണ്ടുവരി ഗതാഗതം ഇതുവഴി സാധ്യമാകുമെന്ന് പൊതുമരാമത്തുവകുപ്പ് വിശദമാക്കി. ദേശീയപാത അതോറിറ്റിയുടെ ആറുവരി പദ്ധതിയുടെ ഭാഗമായി എൻഎച്ച് 66ൽ ഇടപ്പള്ളി ജങ്‌ഷന്റെ ഇരുവശങ്ങളിലും ഫ്ലൈഓവർ നിർമിക്കുന്നതിന് രൂപകൽപ്പന ചെയ്തതായി ദേശീയപാത അതോറിറ്റി പ്രോജക്‌റ്റ്‌ ഡയറക്ടർ അറിയിച്ചു.

ഇടപ്പള്ളി യു ടേൺ മാറ്റും
പുക്കാട്ടുപടി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കളമശേരിയിലേക്കോ ലുലു മാളിലേക്കോ പോകേണ്ടത് ഫ്ലൈഓവറിന് താഴെയുള്ള സിഗ്നലിൽ യു ടേൺ എടുത്തിട്ടാണ്. ഇത്‌ 60 മീറ്റർ പുറകിലേക്ക് മാറി ഫ്ലൈഓവറിന് താഴെ മൂന്നുമീറ്റർ ഉയരമുള്ള ഭാഗത്ത് ആക്കിയാൽ തിരക്ക് ഒഴിവാക്കാം. ചേരാനല്ലൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് കളമശേരി ഭാഗത്തേക്ക് ഫ്രീ ലെഫ്‌റ്റ്‌ എടുക്കാൻ തടസ്സമുണ്ട്. ഇത് ഒഴിവാക്കുന്നതിന് നിലവിലുള്ള നടപ്പാത പൊളിച്ച് മീഡിയൻ നിർമിക്കണമെന്ന്‌ പൊതുമരാമത്തുവകുപ്പ് നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top