25 April Thursday

ഇടുക്കി ഡാമിലെ വെള്ളമെത്തിയത്‌ ബുധൻ പുലർച്ചെ ഒന്നോടെ

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021


കൊച്ചി
ഇടമലയാർ വെള്ളം എത്തിയശേഷം ആലുവയിലെ ജലനിരപ്പിൽ കുറവാണ്‌ രേഖപ്പെടുത്തിയത്‌. പുലർച്ചെ രണ്ടോടെമാത്രമാണ്‌ വെള്ളം ഉയരുന്നത്‌ ചെറിയതോതിലെങ്കിലും രേഖപ്പെടുത്തിയത്‌. ഇടുക്കി അണക്കെട്ടിൽനിന്നുള്ള വെള്ളം ആലുവ പിന്നിട്ട്‌ പുലർച്ചെ ഒന്നോടെയാണ്‌ കായലിൽ പതിച്ചത്‌. ബുധൻ പുലർച്ചെ 12.40ന്‌ ആരംഭിച്ച വേലിയിറക്കം ഇടുക്കി വെള്ളത്തെ സുരക്ഷിതമായി കായലിലെത്തിച്ചു. അർധരാത്രിക്കുശേഷം ആലുവയിലും മംഗലപ്പുഴയിലും കാലടിയിലും നേരിയതോതിൽ ജലനിരപ്പ്‌ ഉയർന്നു. അടുത്ത മണിക്കൂറുകളിൽ അതിൽ വലിയ മാറ്റമുണ്ടായില്ലെങ്കിലും വേലിയിറക്കം അവസാനിച്ചതോടെ നേരിയ മാറ്റം പ്രകടമായി. പകൽ 12ന്‌ മുൻദിവസത്തെ അപേക്ഷിച്ച്‌ ആലുവയിലെ ജലനിരപ്പ്‌ ഉയർന്നിരുന്നു. ഉച്ചയ്‌ക്കുശേഷം അതുംകുറഞ്ഞു.

ഇടുക്കിയും ഇടമലയാറും തുറന്നപ്പോൾ പെരിയാറിൽ മൂന്നോ നാലോ സെന്റീമീറ്റർമാത്രമാണ്‌ ജലനിരപ്പ്‌ ഉയർന്നതെന്ന്‌ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ജലസേചന വകുപ്പിന്റെ ഏകോപനച്ചുമതലയുള്ള മേജർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ ബാജി ചന്ദ്രൻ പറഞ്ഞു. രണ്ടു സമയങ്ങളിലാണ്‌ വെള്ളമൊഴുക്കാൻ തുടങ്ങിയതെങ്കിലും മഴകൂടി ഉണ്ടായിരുന്നെങ്കിൽ 40 സെന്റീമീറ്റർവരെ ജലനിരപ്പ്‌ ഉയരുമെന്ന്‌ കണക്കാക്കിയിരുന്നു. കരിമണൽ ഭാഗത്ത്‌ 1.2 മീറ്റർവരെ ഉയർന്ന ജലനിരപ്പ്‌ നേര്യമംഗലത്ത്‌ എത്തിയപ്പോൾ 30 സെന്റീമീറ്ററായും ഭൂതത്താൻകെട്ടിൽ 15 സെന്റീമീറ്ററായും കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്ത്‌ ഏറ്റവുംകൂടുതൽ ദുരിതമേറ്റുവാങ്ങിയത്‌ പറവൂർ താലൂക്ക്‌ പ്രദേശമാണ്‌. അണക്കെട്ടുകൾ തുറക്കുന്നതിനാൽ ജില്ലാ ഭരണനേതൃത്വം പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top