കൊച്ചി
വൈറ്റില അമ്പേലിപാഠം റോഡിൽ വിമല കുര്യന്റെ പച്ചക്കറി തോട്ടം സിസിടിവി നിരീക്ഷണത്തിലാണ്. മറ്റുള്ളവർ അതിക്രമിച്ചുകയറി പച്ചക്കറികളും പൂക്കളും പറിക്കാൻ തുടങ്ങിയതോടെയാണ് വിമല തോട്ടത്തിൽ കാമറ സ്ഥാപിച്ചത്. അതിക്രമിച്ചുകയറുന്നവരെ തന്റെ ഫോണിൽ കാണാൻ കഴിയുന്നവിധത്തിലാണ് സിസിടിവി സംവിധാനം ഒരുക്കിയത്.
വൈറ്റില കൃഷിഭവൻ മുഖേന ഗ്രോബാഗും പച്ചക്കറിത്തൈകളും വാങ്ങിയാണ് കൃഷി തുടങ്ങിയത്. വീട്ടുമുറ്റത്ത് ഇരുമ്പ് സ്റ്റാൻഡുകൾ നിർമിച്ച് അതിന് മുകളിൽ ഗ്രോബാഗുകൾ നിരത്തിയാണ് കൃഷി. നാട്ടിലെ കൃഷിരീതികളെക്കുറിച്ച് അറിവില്ലാത്തതിനാൽ കൃഷി ഓഫീസർ ഷിബുവിന്റെ നിർദേശപ്രകാരം ആവശ്യമായ വളപ്രയോഗവും പരിപാലനവും നടത്തി. കൃഷിഭവനും ഏതാനും സംഘടനകളും സംഘടിപ്പിച്ച ക്ലാസുകളിൽ പങ്കെടുത്തു. പിന്നീട് കൃഷിക്കാരുടെ വാട്സാപ് കൂട്ടായ്മകളിൽ അംഗമായി. കൃഷിയെക്കുറിച്ച് കൂടുതൽ അറിയാനും പുതിയയിനം വിത്തുകൾ ലഭ്യമാക്കാനും പച്ചക്കറിയുടെ വിപണനത്തിനും വാട്സാപ് ഗ്രൂപ്പ് സഹായകരമായി.
ഉണക്ക ചാണകപ്പൊടി, കരിയില, എല്ലുപൊടി എന്നിവയാണ് അടിവളമായി നൽകുന്നത്. പുളിപ്പിച്ച കഞ്ഞിവെള്ളത്തിൽ മഞ്ഞൾ പൊടി ചേർത്ത ലായനി തളിച്ച് കീടങ്ങളെ നിയന്ത്രിക്കും. വീട്ടിലെ മാലിന്യസംസ്കരണത്തിൽനിന്ന് ലഭിക്കുന്ന സ്ലറിയും വളമായി ഉപയോഗിക്കും. വിമലയുടെ കൃഷിയോടുള്ള താൽപ്പര്യം മനസ്സിലാക്കിയ ഭർത്താവ് കുര്യൻ വീടിനോടുചേർന്നുള്ള അഞ്ച് സെന്റ് കൃഷിക്കായി വാങ്ങി. ഇതോടെ ഗ്രോബാഗിനുപുറമെ ഒഴിഞ്ഞ പെയിന്റ് ബക്കറ്റുകളിലും ചെടിച്ചട്ടികളിലും ചെടികൾനട്ട് കൃഷി വിപുലമാക്കി. പയർ, വെണ്ട, തക്കാളി, കോവൽ, മത്തൻ, കുമ്പളം, മുരിങ്ങ, പാവൽ, ചീര, ചേന, ഇഞ്ചി, മുളക് തുടങ്ങി പലതരം പച്ചക്കറികളും തുളസി, കറ്റാർവാഴ, ആടലോടകം, പനിനീർകൂർക്ക തുടങ്ങിയ ഔഷധസസ്യങ്ങളും കൃഷി ചെയ്യുന്നുണ്ട്. വിയറ്റ്നാം ചക്കമുതൽ പലതരത്തിലുള്ള മാങ്ങ, പേരക്ക, നാരങ്ങ തുടങ്ങി പലതരം പൂക്കളുമുണ്ട്. മികച്ച കർഷകയ്ക്കുള്ള കോർപറേഷന്റെയും കാർഷിക വികസന ബാങ്കിന്റെയും അവാർഡുകളും ലഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..