19 April Friday

ജാതിവിവേചനത്തേക്കാള്‍ കുറ്റകരം 
അതിനെതിരായ നിശ്ശബ്ദത : തുഷാര്‍ ​ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022


കൊച്ചി-
ജാതിവിവേചനത്തേക്കാൾ കുറ്റകരമാണ് അതിനെതിരെയുള്ള നിശ്ശബ്ദതയെന്ന് ​ഗാന്ധിജിയുടെ പൗത്രൻ തുഷാർ ​ഗാന്ധി പറഞ്ഞു. എറണാകുളം പബ്ലിക്‌ ലൈബ്രറിയും പ്രണത ബുക്സും ചേർന്ന് സംഘടിപ്പിച്ച ദാക്ഷായണി വേലായുധൻ സ്മാരക പ്രഭാഷണത്തിൽ  ‘ജനാധിപത്യമൂല്യങ്ങളും മനുഷ്യാവകാശങ്ങളും സ്വതന്ത്ര ഇന്ത്യയിൽ' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ​

75–-ാ-ം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് ഉയർന്ന ജാതിക്കാർക്കുള്ള വെള്ളം കുടിച്ചതിന്റെ പേരിൽ ഒരു വിദ്യാർഥി കൊല ചെയ്യപ്പെട്ടത്. രണ്ടു ദിവസം മുൻപാണ് ബൽക്കിസ്  ഭാനു കേസ് പ്രതികളെ വെറുതെ വിട്ടത്. ഇതിനെതിരെ ഒരു ശബ്ദവും ഉയർന്നു കണ്ടില്ല. നാം അനീതികൾക്കെതിരെ നിശബ്ദത പാലിക്കുകയാണ്. പാർലമെന്റിൽ  ബില്ലുകൾ ഒരു ചർച്ചയുമില്ലാതെ പാസ്സാക്കുന്നു. ജനാധിപത്യം പാർലമെന്റിൽ അട്ടിമറിക്കുന്നു. സ്വതന്ത്ര ഇന്ത്യയിൽ രണ്ടു തവണ മാത്രമാണ്  ജനാധിപത്യം ഉയർന്നു നിന്നത്. അടിയന്തരാവസ്ഥക്ക് എതിരെയും സമീപനാളിലെ കർഷകസമരവേളയിലും. നമ്മൾ പൗരന്മാരായി ഉണർന്ന് പ്രവർത്തിക്കുമ്പോൾ മാത്രമേ രാജ്യത്തിന്റെ ജനാധിപത്യം അർത്ഥവത്താവുകയുള്ളൂ. ദാക്ഷായണി വേലായുധനെ അവകാശപ്പെടാൻ ധാർമിക അർഹതയില്ലാത്ത സമൂഹമാണ് ഇന്നത്തെ ഇന്ത്യ. ദാക്ഷായണി വേലായുധനെ ഉൾക്കൊള്ളാൻ ജാതിവിവേചനത്തിൽ മുഴുകുന്ന ഇന്ത്യ ഇനിയും വളരണമെന്നും അദ്ദേഹം പറഞ്ഞു. 

എറണാകുളം പബ്ലിക്‌ ലൈബ്രറി പ്രസിഡന്റ്‌ അശോക് എം ചെറിയാൻ അധ്യക്ഷനായി. ദാക്ഷായണി വേലായുധന്റെ മകൾ മീര വേലായുധൻ അനുസ്മരണപ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി കെ പി അജിത് കുമാർ, ഷാജി ജോർജ് പ്രണത എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top