25 April Thursday

കൊച്ചി കുതിക്കും ഇനി ഓളപ്പരപ്പിൽ ; ജലമെട്രോ ജനുവരിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020


കൊച്ചി
ജനുവരിയിൽ ആദ്യയാത്ര ലക്ഷ്യമിട്ട്‌ കൊച്ചി വാട്ടർ മെട്രോയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. വൈറ്റില, കാക്കനാട്, ഹൈക്കോടതി ജങ്‌ഷൻ, വൈപ്പിൻ, ചേരാനല്ലൂർ, ഏലൂർ എന്നിവിടങ്ങളിലെ ടെർമിനലുകളുടെ നിർമാണം നടക്കുകയാണ്‌. കെഎംആർഎലിനാണ്‌ ചുമതല. ബോൾഗാട്ടി, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, കടമക്കുടി, പാലിയം തുരുത്ത്, ചേരാനല്ലൂർ, സൗത്ത് ചിറ്റൂർ, മുളവുകാട് നോർത്ത്, എറണാകുളം ഫെറി എന്നിവിടങ്ങളിലെ ടെൻഡർ നടപടികൾ പൂർത്തിയായി.

ടെർമിനലുകൾ, ടിക്കറ്റിങ്‌, പ്രവേശന കവാടം തുടങ്ങിയവ അന്താരാഷ്ട്ര നിലവാരത്തിലാണ്‌ നിർമിക്കുക. ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യമൊരുക്കും. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് ബോട്ടുജെട്ടികളുടെ നിർമാണം. കിൻഫ്രയിൽ ഒരേസമയം എട്ട് ബോട്ടുകൾക്കുവരെ അറ്റകുറ്റപ്പണി ചെയ്യാവുന്ന ബോട്ട്‌യാർഡ് നിർമിക്കും. ഇതിന്‌ ആവശ്യമായ ഭൂമി സർക്കാർ ലഭ്യമാക്കി. സ്വകാര്യഭൂമിയുടെ ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്.

ആറ്‌ കിലോമീറ്ററിൽ 15 റൂട്ടുകളിലാണ് ജലമെട്രോ സർവീസ് നടത്തുക. വൈപ്പിൻ, വില്ലിങ്‌ടൺ, ഇടക്കൊച്ചി, കുമ്പളം, നെട്ടൂർ, വൈറ്റില, ഏലൂർ, കാക്കനാട്, ബോൾഗാട്ടി, മുളവുകാട് തുടങ്ങിയ ദ്വീപുനിവാസികളുടെ യാത്രാപ്രശ്‌നങ്ങൾക്ക് ഇതോടെ പരിഹാരമാകും. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കൂടി ബന്ധിപ്പിച്ചാണ്  സർവീസ്. ടൂറിസം വികസനത്തിനും ഇത്‌ പ്രയോജനപ്പെടും.

പതിനഞ്ച്‌ റൂട്ടുകളിലായി 38 സ്റ്റേഷനുകളുണ്ട്‌. 678 കോടി രൂപ മുടക്കിയാണ്‌ നിർമാണം നടക്കുന്നത്‌. തുടക്കത്തിൽ ഒരു ബോട്ട് സർവീസ് നടത്താനും ഘട്ടംഘട്ടമായി കൂടുതൽ ബോട്ടുകൾ ഓടിക്കാനുമാണ്‌ ഉദ്ദേശിക്കുന്നത്. കൊച്ചി കപ്പൽശാലയാണ്‌ ആദ്യ ബോട്ട്‌ നിർമിക്കുക. ഡിസംബറോടെ പൂർത്തിയാക്കും. 100 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടാണിത്. 100 പേർക്ക് യാത്ര ചെയ്യാവുന്ന 23 ബോട്ടുകളും 50 പേർക്ക് യാത്ര ചെയ്യാവുന്ന 55 ബോട്ടുകളുമാണ്‌ സർവീസ് നടത്തുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top