19 April Friday

അഞ്ചുമനയിലെ കെട്ടിടത്തിൽ രാജീവൻ വീണ്ടും ബേക്കറി തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020


കൊച്ചി
പി ടി തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ കള്ളപ്പണം നൽകി കുടിയൊഴിപ്പിക്കാൻ ശ്രമിച്ച ഇടപ്പള്ളി അഞ്ചുമനയിലെ  കെട്ടിടത്തിൽ കടയുടമ രാജീവൻ വീണ്ടും ബേക്കറി തുടങ്ങി. പഴയ കെട്ടിടം അറ്റകുറ്റപ്പണി ചെയ്‌താണ്‌ ഞായറാഴ്‌ച രാവിലെ ബേക്കറി തുറന്നത്‌. താമസിയാതെ അടുത്തമുറിയിൽ അനിയനും ഭാര്യയും ചേർന്ന് കഞ്ഞിക്കടയും തുടങ്ങും. റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരൻ വി എസ്‌ രാമകൃഷ്‌ണൻ കുടിയൊഴിപ്പിക്കാനുള്ള കരാർ ഒപ്പിടീക്കാൻ ശ്രമിച്ച ഒക്ടോബർ ഏഴുവരെ‌ ഇവിടെ കട പ്രവർത്തിച്ചിരുന്നു. കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ സിപിഐ എം പിന്തുണ നൽകിയതിനാലാണ്‌ ‌കട തുറക്കാൻ ധൈര്യം കിട്ടിയതെന്ന്‌ രാജീവൻ പറഞ്ഞു.

സമീപമുള്ള സ്ഥലമെല്ലാം വാങ്ങിയ വി എസ് രാമകൃഷ്ണൻ പൊ‌ളിക്കുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടർന്ന്‌ കടയുടെ ഒരുഭാഗം വർഷങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. അമ്മ മരിച്ചുപോയാൽ കടയിരിക്കുന്ന വസ്തുവിൽ മക്കൾക്ക് അവകാശം ഉണ്ടാകില്ലെന്ന് പി ടി തോമസ് എംഎൽഎ പറഞ്ഞതിനാലാണ് 80 ലക്ഷം രൂപ വാങ്ങി ഒഴിയാൻ തയ്യാറായത്. ഇനി കുടികിടപ്പവകാശമായ 10 സെന്റ്‌ കിട്ടാതെ  ഒഴിയില്ലെന്നും രാജീവൻ പറഞ്ഞു.

ഒക്ടോബർ ഏഴിനാണ്‌ പി ടി തോമസ്‌ എംഎൽഎയുടെ നേതൃത്വത്തിൽ വി എസ്‌ രാമകൃഷ്‌ണൻ രാജീവനെയും കുടുംബത്തെയും ഒഴിപ്പിക്കാൻ എത്തിയത്‌. കൈവശമുണ്ടായിരുന്ന കള്ളപ്പണം ആദായനികുതിവകുപ്പ്‌ പിടിച്ചു. സെന്റിന്‌ 50 ലക്ഷത്തിലധികം രൂപ വിലയുള്ള സ്ഥലമാണിത്‌. ‌നാലുസെന്റ്‌ ആകെ 80 ലക്ഷത്തിന്‌ കൈമാറുന്ന കരാർ ഒപ്പിടീക്കാനാണ്‌ ശ്രമിച്ചത്‌. രാജീവൻ ആവശ്യപ്പെട്ടതനുസരിച്ച്,‌ ബാങ്ക്‌ അക്കൗണ്ട്‌ മുഖേന പണം എന്നാണ്‌ കരാർ‌ ടൈപ്പ്‌ ചെയ്‌ത്‌ തയ്യാറാക്കിയിരുന്നത്‌. ഇത്‌ ഒപ്പിടുന്ന സമയത്ത്‌ എംഎൽഎ നിർദേശിച്ചതനുസരിച്ച്‌ പണംകൈമാറ്റമെന്ന്‌‌ തിരുത്തി. 80 ലക്ഷം എന്നു പറഞ്ഞ്‌ എംഎൽഎയുടെ സാന്നിധ്യത്തിൽ മേശപ്പുറത്തുവച്ചത്‌, 40 ലക്ഷംമാത്രമായിരുന്നെന്ന്‌ ആദായനികുതി ഉദ്യോഗസ്ഥർ എണ്ണിയപ്പോഴാണ്‌ മനസ്സിലായത്‌. പണം കൈമാറിയ ഉടൻ കടയും വീടും പൊളിക്കാൻ ജെസിബി മുന്നിലിട്ടാണ്‌ കരാർ ഒപ്പിടീക്കാൻ ശ്രമിച്ചത്‌.

എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവനും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവും ജില്ലാ സെക്രട്ടറി സി എൻ മോഹനനും രാജീവനെ സന്ദർശിച്ചു.  നഷ്‌ടപരിഹാരം ലഭിക്കാതെ ഒഴിയേണ്ടതില്ലെന്നും കട നടത്താൻ സഹായം നൽകുമെന്നും അവർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top