25 April Thursday

ഓൺലൈൻ അരങ്ങിലും മീനാരാജിന്‌ നാടകം ജീവിതം

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020


മട്ടാഞ്ചേരി
കോവിഡ്‌ കാലത്ത്‌ ഓൺലൈൻ നാടക അരങ്ങുകളിൽ സജീവമായി മീനാരാജ്. വിവാഹം അടക്കമുള്ള ചടങ്ങുകളിലെ ധൂർത്തിനെതിരെയുള്ള പ്രമേയം ഉൾക്കൊള്ളുന്ന ‘സൂക്ഷിക്കുക നിങ്ങൾ പരിധിക്ക്‌ പുറത്ത് പോകരുത്‌’ എന്ന നാടകം വീട്ടകങ്ങൾ ഏറ്റെടുത്തു. ലഘുനാടകത്തിലെ അഭിനയം ഏറെ ശ്രദ്ധേയമായി. വാർധക്യകാലത്തെ അവഗണന പ്രമേയമാക്കിയ ‘മത്തായിയുടെ മരണ’വും ശ്രദ്ധേയമായി. രണ്ടും ജോൺ ഫെർണാണ്ടസ് എംഎൽഎ രചിച്ച നാടകങ്ങളാണ്‌. 

കുട്ടിക്കാലംമുതൽക്കേ നാടകത്തോട് കമ്പം തോന്നിയ മീനാരാജ് 10–-ാംവയസ്സിൽ ‘കറുത്ത നക്ഷത്രം’ എന്ന നാടകത്തിൽ അഭിനയിച്ചാണ്‌ അരങ്ങിലെത്തിയത്‌.  പി എം ആന്റണിയെ പരിചയപ്പെട്ടതോടെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനവുമായി അടുത്തു. 1978ൽ കെഎസ്‌വൈഎഫിന്റെ ഏരിയ ജാഥയിൽ തെരുവുനാടകത്തിൽ അഭിനയിച്ചു. ‘പുറപ്പാട്’ എന്ന നാടകം പിന്നീട് ജില്ലയിലെമ്പാടുമായി 120ലധികം വേദികളിൽ അവതരിപ്പിച്ചു. പിന്നീട് ഡിവൈഎഫ്ഐയുടെ ജില്ലാ പ്രചാരണജാഥയ്ക്കുവേണ്ടി തെരുവുനാടകം എഴുതി.

പിന്നീട്‌ കൊച്ചിൻ അനശ്വര എന്ന പേരിൽ സ്വന്തം നാടകസമിതിയുണ്ടാക്കി. ‘അരങ്ങിൽനിന്ന് അടുക്കളയിലേക്ക്’ എന്ന പേരിൽ ആറുമാസം നീണ്ട നാടകയാത്ര നടത്തി.ജോൺ ഫെർണാണ്ടസിന്റെ 17 നാടകങ്ങൾ മീനാരാജ് വേദികളിലും തെരുവുകളിലും നിരന്തരം അവതരിപ്പിച്ചു. ‘മത്തായിയുടെ മരണം’ നിയമസഭാമന്ദിരത്തിൽവരെ അവതരിപ്പിച്ചു. നിയമസഭാംഗങ്ങൾ നാടകം അവതരിപ്പിച്ചപ്പോൾ പരിശീലകനായി. ജോൺ ഫെർണാണ്ടസ്‌ എംഎൽഎയ്‌ക്കൊപ്പം  മലബാർ കലാപം പ്രമേയമാക്കി നാടകം ഒരുക്കാനുള്ള ഒരുക്കത്തിലാണ്‌ മീനാരാജ്‌. ഭാര്യ മംഗളാദേവിയും മക്കളായ അശ്വതി കെ രാജും അരുൺരാജും കലാപ്രവർത്തനത്തിന്‌ പിന്തുണയുമായി ഒപ്പമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top