19 April Friday

തൃക്കാക്കരയെ ഹൈടെക്കാക്കാൻ ടെക്കികളുടെ ഹൃദയത്തിലേക്ക്‌ ഡോ. ജോയുടെ ബൈപാസ്‌

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

ഇൻഫോപാർക്കിൽ എത്തിയ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനൊപ്പം ചിത്രമെടുക്കുന്നവർ ഫോട്ടോ/ മനു വിശ്വനാഥ്


കൊച്ചി
അതിവേഗ യാത്രാസൗകര്യവും ആരോഗ്യ സേവനങ്ങളുമുള്ള തൃക്കാക്കര. അടിസ്ഥാനസൗകര്യ വികസനത്തിൽ മുന്നേറാൻ ഇനിയുമേറെയുള്ള തൃക്കാക്കര. മൊത്തത്തിൽ ഹൈടെക്കാകാൻ കൊതിക്കുന്ന തൃക്കാക്കരയുടെ മനസ്സറിയാൻ ഐടി മേഖലയിലെ പുതുതലമുറയുമായി സംവദിച്ച്‌ ഡോ. ജോ ജോസഫ്‌. അവരിലൊരാളായി മാറിയ ജോയ്‌ക്ക്‌ ഒപ്പമുണ്ടെന്ന്‌ ഉറപ്പുനൽകി ടെക്കികളും.
ബുധനാഴ്‌ച ഇൻഫോപാർക്ക്‌ കാത്തിരുന്നത്‌ ഡോ. ജോ ജോസഫ്‌ എന്ന പ്രൊഫഷണലിനെ കാണാനും പരിചയപ്പെടാനുമായിരുന്നു. കേരളത്തിന്റെ ഐടി രംഗത്തെ പ്രതിഭകളോട്‌ സംസാരിക്കാൻ പര്യടന തിരക്കുകളിൽനിന്ന്‌ തൃക്കാക്കര മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫ്‌ എത്തി. മണ്ഡലത്തെക്കുറിച്ചുള്ള വികസനകാഴ്‌ചപ്പാട്‌ ചുരുങ്ങിയ വാക്കുകളിൽ പങ്കുവച്ചു. കൈയടികളോടെ വരവേറ്റ ഐടി ജീവനക്കാർ ഡോക്ടർക്ക്‌ തങ്ങളുടെ സ്‌നേഹം കൈമാറി. നമുക്കൊരുമിച്ച്‌ ഹൈടെക് തൃക്കാക്കര സൃഷ്‌ടിക്കാമെന്ന്‌ അദ്ദേഹം വാക്കുനൽകി.

ഇൻഫോപാർക്കുമായുള്ള ബന്ധത്തെക്കുറിച്ചാണ്‌ ആദ്യം സംസാരിച്ചത്‌. ടെക്കികളുമായി കൂടിക്കാഴ്‌ച നടന്ന ഇൻഫോപാർക്ക്‌ അതുല്യ ബിൽഡിങ്ങിൽ കലിക്കറ്റ്‌ ഐഐഎമ്മിന്റെ ഓഫ്‌ ക്യാമ്പസ്‌ ഉണ്ടായിരുന്നു. നാലുവർഷംമുമ്പ്‌ അവിടെ എംബിഎ എടുക്കാൻ പരീക്ഷയെഴുതി ഇന്റർവ്യൂവരെയെത്തി. അതിൽ വിജയിച്ചെങ്കിലും ഔദ്യോഗിക തിരക്കുകാരണം സായാഹ്‌നക്ലാസുകളിൽ പങ്കെടുക്കാനായില്ല. ആ എംബിഎ നഷ്ടം ഇപ്പോഴും മനസ്സിലുണ്ടെന്ന്‌ ഡോക്ടർ.

ഇൻഫോപാർക്കിലെ സ്‌റ്റാർട്ടപ്പുകൾ ഔദ്യോഗികജീവിതത്തിൽ സഹായിച്ചതിനെപ്പറ്റിയും ഡോക്ടർ ഓർത്തെടുത്തു. ഹൃദയത്തിന്റെ ഇസിജി വ്യതിയാനം കണ്ടെത്താനുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിച്ച ഗാഡ്‌ജിയോൺ കമ്പനിയുടെ വെബ്‌ കാർഡിയോ സംവിധാനത്തെപ്പറ്റി അദ്ദേഹം സൂചിപ്പിച്ചു. ഗാഡ്‌ജിയോൺ കമ്പനിയിലെ ചെറിയാനെ ഡോക്ടർ കണ്ടുമുട്ടി.

കുടിവെള്ളം നൽകും, 
മാലിന്യം സംസ്‌കരിക്കും
തൃക്കാക്കരയിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാനും മാലിന്യനിർമാർജനം ഊർജിതമാക്കാനുമാണ്‌ പ്രഥമ പരിഗണനയെന്ന്‌ സ്ഥാനാർഥി വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലേതുപോലെ ചെലവ്‌ കുറഞ്ഞ ശാസ്‌ത്രീയമാർഗങ്ങൾ തേടുമെന്നും ഡോ. ജോ പറഞ്ഞു.
ഇൻഫോപാർക്കിലെ ടെക്കികളുടെ പ്രശ്‌നങ്ങൾ ചോദ്യങ്ങളായി ഒഴുകിയെത്തി. വൈകിട്ട്‌ ആറ്‌ കഴിഞ്ഞാൽ ഇൻഫോപാർക്കിൽനിന്ന്‌ ഗതാഗതസൗകര്യം  പരിമിതമാണെന്ന്‌ അവർ പറഞ്ഞു. ഇൻഫോപാർക്കിലേക്ക്‌ കൂടുതൽ സർക്കുലർ കെഎസ്‌ആർടിസി സർവീസുകൾ ആരംഭിക്കുന്നത്‌ പരിഗണിക്കുമെന്ന്‌ ഡോക്ടറുടെ മറുപടി. വനിതാ ജീവനക്കാർക്കായി ഇൻഫോപാർക്കിൽ സ്‌മാർട്ട്‌ അങ്കണവാടികൾ ആരംഭിക്കുന്നതിനെക്കുറിച്ചും ചോദ്യമുയർന്നു. വനിതാ ശിശുവകുപ്പുമായി ആലോചിച്ച്‌ പരിഹരിക്കാമെന്ന്‌ ഉറപ്പുനൽകി. സ്‌പോർട്‌സ്‌ പ്രേമികൾക്ക്‌ മൈതാനം വേണമെന്ന ആവശ്യവും ഡോക്ടർ പുഞ്ചിരിയോടെ സ്വീകരിച്ചു. സൈക്ലിങ്‌ ട്രാക്ക്‌ ഉണ്ടാക്കുമെന്നും സ്‌പോർട്ട്‌ സമുച്ചയം നിർമിക്കുന്നത്‌ ആലോചിക്കുമെന്നും മറുപടി. 

സിൽവർ ലൈൻ വേണം  
ഇൻഫോപാർക്കിൽനിന്ന്‌ വടക്കൻ ജില്ലകളിലേക്ക്‌ അച്ഛനമ്മമാരെ കാണാൻ വേഗമെത്താൻ ആഗ്രഹിച്ചവരോട്‌ സിൽവർ ലൈൻ പദ്ധതിയുടെ ആവശ്യകതയെപ്പറ്റി സ്ഥാനാർഥി വിവരിച്ചു. ഗതാഗതക്കുരുക്കിൽ അകപ്പെട്ട്‌ വീടുകളിലും ജോലിസ്ഥലങ്ങളിലുമെല്ലാം എത്തിപ്പെടാൻ വിഷമിക്കുന്നവർക്ക്‌ അതിവേഗ യാത്രാസൗകര്യങ്ങളാണ്‌ ഭാവിയിൽ ആവശ്യമെന്നും വ്യക്തമാക്കി.
ചില വലിയ കമ്പനികളിൽ മാത്രമാണ്‌ ആംബുലൻസ്‌ ഉൾപ്പെടെയുള്ള ജീവൻരക്ഷാ സൗകര്യങ്ങൾ ഉള്ളതെന്ന്‌ ജീവനക്കാർ ചൂണ്ടിക്കാട്ടി. ഇതിനു പരിഹാരം കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ മെഡിക്കൽ റിസർച്ച്‌ നടക്കുന്നത്‌ കേരളത്തിലാണ്‌. കേരള മെഡിക്കൽ റിസർച്ച്‌ കൗൺസിൽ തൃക്കാക്കരയിൽ സ്ഥാപിക്കണമെന്നാണ്‌ ആഗ്രഹം. മെഡിക്കൽ ടൂറിസം പ്രവർത്തനം ഏകോപിപ്പിക്കാൻ ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിക്കുമെന്നും ഡോ. ജോ പറഞ്ഞു.

നല്ല ഡോക്ടർക്ക്‌ നല്ല എംഎൽഎയാകാൻ സാധിക്കുമെന്ന്‌ ചടങ്ങിൽ പങ്കെടുത്ത സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ്‌ ഐസക് പറഞ്ഞു. ആശിക്ക്‌ സി ശ്രീനിവാസൻ, അഭിഷേക്‌, ടി വി രാജേഷ്‌ എന്നിവരും പങ്കെടുത്തു.

ഇൻഫോപാർക്കിൽ എത്തിയ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്  ഐടി പ്രൊഫഷണലുകളുമായി സംസാരിക്കുന്നു

ഇൻഫോപാർക്കിൽ എത്തിയ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് ഐടി പ്രൊഫഷണലുകളുമായി സംസാരിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top