16 July Wednesday

40 കടന്ന്‌ ടിപിആർ ; എറണാകുളം ജില്ലയിൽ ഇതുവരെ 27 ക്ലസ്റ്ററുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

കൊച്ചി>
ജില്ലയിൽ കോവിഡ്‌ സ്ഥിരീകരണനിരക്ക്‌ 40 ശതമാനം കടന്നു. 40.71 ശതമാനമാണ്‌ ചൊവ്വാഴ്‌ച രേഖപ്പെടുത്തിയത്‌. 4013 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. 3966 പേർക്ക്‌ സമ്പർക്കംവഴിയാണ്‌ രോഗം ബാധിച്ചത്‌. 2468 പേർമുക്തരായി. വീടുകളിൽ 4974 പേരെ നിരീക്ഷണത്തിലാക്കി. 1683 പേരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. 29,320 പേരാണ്‌ വീടുകളിൽ നിരീക്ഷണത്തിലുള്ളത്‌. 21,613 പേരാണ്‌ രോഗം സ്ഥിരീകരിച്ച്‌ നിരീക്ഷണത്തിലുള്ളത്‌. 9858 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

ജില്ലയിൽ 27 ക്ലസ്റ്ററുകൾ
വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഓഫീസുകൾ, ബാങ്കുകൾ, മാളുകൾ എന്നിവ കേന്ദ്രീകരിച്ച് ജില്ലയിൽ ഇതുവരെ 27 ക്ലസ്റ്ററുകൾ റിപ്പോർട്ട്‌ ചെയ്തു. സ്ഥാപനങ്ങളിൽ രണ്ടോ അതിലധികമോ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജില്ലാ കൺട്രോൾ റൂമിൽ വിവരം അറിയിക്കണം. കൂട്ടംകൂടി ഭക്ഷണം കഴിക്കുന്നതും വായുസഞ്ചാരമില്ലാത്ത അടഞ്ഞ അന്തരീക്ഷവും ഒഴിവാക്കണം. മാളുകളും ഭക്ഷണശാലകളും അനാവശ്യമായി സന്ദർശിക്കരുത്‌. അന്വേഷണ കൗണ്ടറുകൾ, വാതിൽപ്പിടികൾ, ലിഫ്റ്റുകൾ, ശുചിമുറികൾ തുടങ്ങിയ ഇടങ്ങൾ ഇടവിട്ട് അണുവിമുക്തമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

നിയന്ത്രണം കടുപ്പിക്കും
കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ആരോ​ഗ്യവകുപ്പ് മാർ​ഗനിർദേശമിറക്കി. കോവിഡ് നിയന്ത്രണ–-പ്രതിരോധ–-ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ഡിഎംഒ നിർദേശം നൽകി. എല്ലാ ആരോ​ഗ്യകേന്ദ്രങ്ങളിലും ഫിവർ ക്ലിനിക്കുകൾ പ്രവർത്തിക്കും. രോഗലക്ഷണമുള്ളവരെ പരിശോധിക്കും. പ്രാഥമികാരോ​ഗ്യകേന്ദ്രങ്ങളിൽ ടെലി മെഡിസിൻ സംവിധാനമുണ്ടാകും. താലൂക്ക് കൺട്രോൾ റൂമുകളും താലൂക്കാശുപത്രിയിൽ ട്രയാജ് സംവിധാനത്തോടെ കോവിഡ് ഔട്ട് പേഷ്യന്റ്‌ വിഭാ​ഗവും ആരംഭിക്കും.

താലൂക്കാശുപത്രികളിൽ കിടത്തി ചികിത്സയ്ക്ക്‌ സംവിധാനമൊരുക്കും. താലൂക്കാശുപത്രികളിൽനിന്ന് ശുപാർശ ചെയ്യുന്നവരെ അമ്പലമുകൾ കോവിഡ് സെന്ററിലേക്ക് മാറ്റും. അവിടെ ചികിത്സ നൽകാനാവാത്ത രോ​ഗികളെ ആലുവ ഡിസിടിസി, കളമശേരി ​ഗവ. മെഡിക്കൽ കോളേജ്, കാസ്‌പ്‌ പദ്ധതിയുള്ള സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് മാറ്റും.

ഗുരുതര ലക്ഷണമില്ലാത്തവരെ വടക്കൻ പറവൂർ, പിറവം, ഫോർട്ട്‌ കൊച്ചി, കോതമംഗലം, മൂവാറ്റുപുഴ, പള്ളുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ ഡിസിസികളിലേക്ക് മാറ്റും. ജില്ലാ കോവിഡ് കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും. കോവിഡ് പോസിറ്റീവാകുന്നവർ സ്ഥലത്തെ ആരോഗ്യകേന്ദ്രങ്ങളിൽ വിവരം അറിയിക്കണം. സമ്പർക്കവിലക്ക്‌ കർശനമായി പാലിക്കണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top