25 April Thursday

കളമശേരിയിലും ബ്രഹ്മപുരത്തും 
മാലിന്യത്തിന്‌ തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022


കളമശേരി/പുത്തൻകുരിശ്‌
കളമശേരിയിലെയും ബ്രഹ്മപുരത്തെയും മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിൽ തീപിടിത്തം. ചൊവ്വ പകൽ രണ്ടരയ്‌ക്കാണ്‌ നഗരസഭയുടെ മാലിന്യക്കൂമ്പാരത്തിന്‌ തീപിടിച്ചത്‌. രാത്രി ഒമ്പതോടെ അഗ്നി രക്ഷാസേന രണ്ടിടത്തും തീയണച്ചു.

കളമശേരിയിൽ ദേശീയപാതയോരത്ത്‌ അപ്പോളോ ടയേഴ്‌സ്‌ കമ്പനിക്കുസമീപത്തെ മാലിന്യ സംഭരണ കേന്ദ്രത്തിൽ തരംതിരിച്ച പ്ലാസ്‌റ്റിക്കിനാണ്‌ ആദ്യം തീപിടിച്ചത്‌. പ്ലാസ്റ്റിക് വൻകൂനകളായി കിടന്നിരുന്നു. തരംതിരിച്ച 15 ടൺ പ്ലാസ്റ്റിക് മൂന്ന് ഷെഡ്ഡുകളിലാണ്‌ സൂക്ഷിച്ചിരുന്നത്‌. ഇവയ്‌ക്കെല്ലാം തീപിടിച്ചു. പ്രദേശമാകെ കറുത്തപുക വ്യാപിച്ചു. ഹരിതകർമ സേനാംഗങ്ങളാണ്‌ പുക ഉയരുന്നത് കണ്ടത്. അങ്കമാലി, പറവൂർ, ആലുവ, പെരുമ്പാവൂർ, എറണാകുളം ക്ലബ് റോഡ്, ഗാന്ധിനഗർ, ഗെയിൽ എന്നിവിടങ്ങളിൽനിന്ന് അഗ്നി രക്ഷാസേന യൂണിറ്റുകളും കളമശേരി പൊലീസും എത്തിയാണ്‌ രാത്രി ഒമ്പതോടെ തീ നിയന്ത്രണവിധേയമാക്കിയത്.

മണ്ണുമാന്തി യന്ത്രമെത്തിച്ച്‌ പ്ലാസ്റ്റിക് ഇളക്കിമാറ്റി വെള്ളം ഒഴിച്ചാണ് തീ പൂർണമായും അണച്ചത്. മേഖലാ ഫയർ ഓഫീസർ കെ കെ ജിജു, അങ്കമാലി സ്‌റ്റേഷൻ ഫയർ ഓഫീസർ കെ എസ്‌ ദിപിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തീയണയ്‌ക്കൽ. നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ, സിപിഐ എം ഏരിയ സെക്രട്ടറി കെ ബി വർഗീസ്, സിപിഐ ലോക്കൽ സെക്രട്ടറി എസ് രമേശൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തീപിടിത്തത്തെക്കുറിച്ച്‌ സമഗ്രമായി അന്വേഷിക്കണമെന്ന്‌ സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി കെ ബി വർഗീസ് ആവശ്യപ്പെട്ടു.

ബ്രഹ്മപുരത്തും തീ
ചൊവ്വ പകൽ രണ്ടരയ്‌ക്കാണ്‌ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിച്ചത്‌. കാറ്റ് വീശിയതോടെ തീ പടർന്നുപിടിക്കുകയായിരുന്നു. തൃക്കാക്കര, ഏലൂർ, ഗാന്ധിനഗർ,  തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നി രക്ഷാസേന യൂണിറ്റുകളാണ്‌ തീയണച്ചത്‌. റോഡിൽ  മാലിന്യവും ചെളിയും നിറഞ്ഞതിനാൽ അഗ്നി രക്ഷാസേനയുടെ വാഹനങ്ങൾക്ക്‌ എത്തിപ്പെടാനായില്ല. റോഡിൽ മണ്ണടിച്ച് നിരപ്പാക്കിയാണ്‌ വാഹനങ്ങളെത്തിച്ചത്‌. വെള്ളം പമ്പുചെയ്യാനായി സ്ഥാപിച്ച പൈപ്പുകളും പ്രവർത്തിച്ചില്ല. സേനാംഗങ്ങളെത്തി പൈപ്പ് നന്നാക്കിയാണ്‌ വെള്ളം പമ്പുചെയ്‌തത്‌. രാത്രി ഒമ്പതോടെ തീയണച്ചു. ബ്രഹ്മപുരം, കരിമുകൾ, അമ്പലമുകൾ, കാക്കനാട്,  ഇരുമ്പനം ഭാഗത്തേക്ക് പുക വ്യാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top