20 April Saturday

അവിശ്വാസപ്രമേയം ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022


കൊച്ചി
കളമശേരി സഹകരണബാങ്കിലെ കോൺഗ്രസ്‌ പ്രസിഡന്റിനെതിരായ മുസ്ലിംലീഗ്‌ അംഗങ്ങളുടെ നീക്കം വി കെ ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെ. ഇബ്രാഹിംകുഞ്ഞ്‌ വിഭാഗക്കാരായ രണ്ട്‌ ഡയറക്ടർ ബോർഡ്‌ അംഗങ്ങളാണ്‌ ആറ്‌ കോൺഗ്രസുകാർക്കൊപ്പംചേർന്ന്‌ അവിശ്വാസ നോട്ടീസിൽ ഒപ്പിട്ടത്‌. നടപടി ഇബ്രാഹിംകുഞ്ഞ്‌ വിരുദ്ധപക്ഷത്തിന്‌ ഭൂരിപക്ഷമുള്ള മുസ്ലിംലീഗ്‌ ജില്ലാ നേതൃത്വത്തെയും യുഡിഎഫിനെയും കടുത്ത പ്രതിസന്ധിയിലാക്കി.

ജമാൽ മണക്കാടന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പാണ്‌ എ ഗ്രൂപ്പുകാരനായ ബാങ്ക്‌ പ്രസിഡന്റ്‌ ടി കെ കുട്ടിക്കെതിരെ അവിശ്വാസത്തിന്‌ മുൻകൈയെടുത്തത്‌. ബാങ്ക്‌ ആസ്ഥാനമന്ദിരവും ഷോപ്പിങ് കോംപ്ലക്‌സും നിർമിക്കാൻ സ്ഥലം വാങ്ങുന്നതുൾപ്പെടെ സാമ്പത്തിക ഇടപാടുകളിൽ ഉന്നമിട്ടാണ്‌ കോൺഗ്രസിലെ പോര്‌. കുട്ടി അതിന്‌ തടസ്സമാകുമെന്നതാണ്‌ അവിശ്വാസപ്രമേയത്തിലേക്ക്‌ നയിച്ചത്‌. ഡയറക്‌ടർ ബോർഡിലെ നാല്‌ ലീഗ്‌ അംഗങ്ങളിൽ രണ്ടുപേർ അവിശ്വാസത്തിന്‌ പിന്തുണ നൽകിയതിനുപിന്നിൽ മറ്റു താൽപ്പര്യങ്ങളാണുള്ളത്‌. കളമശേരിയിലെ തെരഞ്ഞെടുപ്പിൽ വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ തോറ്റതിന്‌ ജമാൽ മണക്കാടനും ഉത്തരവാദിയാണെന്ന്‌ ഇബ്രാഹിംകുഞ്ഞ്‌ പക്ഷം കുറ്റപ്പെടുത്തിയിരുന്നു. അതേ ജമാൽ മണക്കാടനോടൊപ്പം ചേർന്നാണ്‌ ഇബ്രാഹിംകുഞ്ഞ്‌ പക്ഷത്തെ രണ്ട്‌ ഡയറക്‌ടർമാർ അവിശ്വാസ നോട്ടീസിൽ ഒപ്പിട്ടത്‌. 13 അംഗ ഡയറക്‌ടർ ബോർഡിൽ അവിശ്വാസം വന്നാൽ കുട്ടി പുറത്താകും. എ ഗ്രൂപ്പുകാരെ ഒപ്പംകൂട്ടിയാണ്‌ മണക്കാടന്റെ നീക്കമെന്നതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്‌.

കാലങ്ങളായി യുഡിഎഫ്‌ ഭരിക്കുന്ന സഹകരണബാങ്കിന്റെ നിയന്ത്രണം അവിശ്വാസം പാസായാൽ നഷ്‌ടമാകും. വിമത ഭൂരിപക്ഷമുള്ള ജില്ലാ നേതൃത്വത്തെ യുഡിഎഫിനുള്ളിൽ ഒറ്റപ്പെടുത്താൻ ഇതിലൂടെ കഴിയുമെന്നും ഇബ്രാഹിംകുഞ്ഞ്‌ പക്ഷം കണക്കുകൂട്ടുന്നു. കളമശേരി തോൽവിസംബന്ധിച്ച്‌ ഇബ്രാഹിംകുഞ്ഞ്‌ ലീഗ്‌ സംസ്ഥാന നേതൃത്വത്തിന്‌ നൽകിയ പരാതി ഫലം കണ്ടില്ല. തോൽവി അന്വേഷിച്ച രണ്ടംഗ കമീഷൻ വിമതപക്ഷത്തിനെതിരെ നടപടിക്ക്‌ തയ്യാറായില്ല. ഇബ്രാഹിംകുഞ്ഞിന്റെ മകനെ ജില്ലാ ജനറൽ സെക്രട്ടറിയായി തിരിച്ചെത്തിക്കാനും കഴിഞ്ഞില്ല.

നിലവിലെ ജില്ലാ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളെ അന്വേഷണ റിപ്പോർട്ട്‌ പരിശോധിച്ച ലീഗ്‌ ഉന്നതാധികാരസമിതി പുകഴ്‌ത്തിയ സാഹചര്യത്തിലാണ്‌ നിലനിൽപ്പ്‌ ലക്ഷ്യമാക്കി ഇബ്രാഹിംകുഞ്ഞ്‌ പക്ഷത്തിന്റെ പുതിയ നീക്കം. അവിശ്വാസ നോട്ടീസിൽ ഒപ്പിട്ടവർക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ ഔദ്യോഗികപക്ഷം ലീഗ്‌ സംസ്ഥാനനേതൃത്വത്തിന്‌ പരാതി നൽകിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top