24 April Wednesday
കോൺഗ്രസിന്‌ അധ്യക്ഷർ ഉണ്ടാകില്ല

സ്ഥിരംസമിതി തെരഞ്ഞെടുപ്പ്‌ പൂർത്തിയായി; അധ്യക്ഷർ 23ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021


കൊച്ചി
കൊച്ചി കോർപറേഷനിലെ സ്ഥിരംസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ പൂർത്തിയായപ്പോൾ എട്ടു സമിതികളിൽ ഒന്നിൽപ്പോലും അധ്യക്ഷസ്ഥാനമില്ലാതെ കോൺഗ്രസ്‌. വനിതാ സംവരണ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും രഹസ്യധാരണയുണ്ടാക്കി വോട്ടുകച്ചവടം നടത്തിയെങ്കിലും ബിജെപിക്കാണ്‌ നേട്ടമായത്‌. എൽഡിഎഫിലെ ഒരംഗത്തിന്റെ വോട്ട്‌ അസാധുവായത്‌ മരാമത്ത്‌ സ്ഥിരംസമിതിയിൽ യുഡിഎഫിന്‌ നേട്ടമായെങ്കിലും കോൺഗ്രസിന്‌ അധ്യക്ഷസ്ഥാനം കിട്ടാനിടയില്ല.

തിങ്കളാഴ്‌ച നടന്ന മൂന്നാംഘട്ട തെരഞ്ഞെടുപ്പോടെയാണ്‌ സ്ഥിരംസമിതി തെരഞ്ഞെടുപ്പു പൂർത്തിയായത്‌. സമിതി അധ്യക്ഷരുടെ തെരഞ്ഞെടുപ്പ്‌ ശനിയാഴ്‌ച നടക്കും. ധനകാര്യസമിതിയിലെ ഒരു ഒഴിവിലേക്കും നികുതി അപ്പീൽ സമിതിയിലെയും വിദ്യാഭ്യാസസമിതിയിലെയും രണ്ടുവീതം ഒഴിവിലേക്കുമാണ്‌ തിങ്കളാഴ്‌ച തെരഞ്ഞെടുപ്പു നടന്നത്‌. ധനകാര്യ സമിതിയിലേക്ക്‌ 37 വോട്ടുനേടി അശ്വതി വത്സൻ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ അഞ്ച്‌ അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഇതോടെ ഡെപ്യൂട്ടി മേയർ അധ്യക്ഷയായ സമിതിയിൽ ധനകാര്യസമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും അഞ്ചുവീതം അംഗങ്ങളായി.

നികുതി അപ്പീൽ സമിതിയിൽ എൽഡിഎഫും യുഡിഎഫും ബിജെപിയും മത്സരിച്ചു. രണ്ട്‌ അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച്‌ വോട്ട്‌ മാത്രം നേടിയ ബിജെപി അംഗത്തെയും ധനകാര്യസമിതിയിൽ തോറ്റ യുഡിഎഫ്‌ അംഗത്തെയും വിദ്യാഭ്യാസ സ്ഥിരംസമിതിയിൽ ഉൾപ്പെടുത്തിയതോടെ തെരഞ്ഞെടുപ്പ്‌ നടപടികൾ പൂർത്തിയായി.

നിലവിൽ ധനകാര്യത്തിനുപുറമെ വികസനം, ക്ഷേമം, ആരോഗ്യം, നഗരാസൂത്രണം, വിദ്യാഭ്യാസം എന്നീ സ്ഥിരംസമിതികളിൽ എൽഡിഎഫിനാണ്‌ മേൽക്കൈ. പൊതുമരാമത്ത്‌ സ്ഥിരംസമിതിയിൽ യുഡിഎഫിനും. നികുതികാര്യ സമിതിയിൽ ഒമ്പത്‌ അംഗങ്ങളിൽ നാല്‌   ബിജെപിക്കുണ്ട്‌. യുഡിഎഫിന്‌ മൂന്നും എൽഡിഎഫിന്‌ രണ്ടും. പൊതുമരാമത്ത്‌, ക്ഷേമം, നികുതി അപ്പീൽ, ധനകാര്യം സ്ഥിരംസമിതികളിൽ അധ്യക്ഷസ്ഥാനം വനിതാ സംവരണമാണ്‌.

സ്ഥിരംസമിതികളിലെ വനിതാസംവരണ സീറ്റുകളിലേക്ക്‌ ആദ്യഘട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന്‌ അധ്യക്ഷസ്ഥാനങ്ങൾ പിടിക്കാനുള്ള തന്ത്രമാണ്‌ കോൺഗ്രസ്‌ നടത്തിയത്‌. കോൺഗ്രസിനെ സഹായിച്ചില്ലെന്ന സാങ്കേതികത്വത്തിൽ തൂങ്ങി ബിജെപിയും ബിജെപി വോട്ട്‌ തങ്ങൾ വാങ്ങിയില്ലെന്ന ന്യായം പറഞ്ഞ്‌ കോൺഗ്രസും പരസ്‌പരധാരണയോടെ നേട്ടമുണ്ടാക്കാനാണ്‌ ശ്രമിച്ചത്‌. അതിന്റെ ഭാഗമായി യുഡിഎഫ്‌ ഘടകകക്ഷികളായ വെൽഫെയർ പാർടി, മുസ്ലിംലീഗ്‌, കോൺഗ്രസ്‌ –- ജോസഫ്‌, ആർഎസ്‌പി കൗൺസിലർമാരെ കൊൺഗ്രസ്‌ മത്സരത്തിനിറക്കി. നാലുപേർക്കും ബിജെപി വോട്ട്‌ നൽകിയപ്പോൾ എൽഡിഎഫിനൊപ്പം വോട്ട്‌ കിട്ടി. നറുക്കിലൂടെ മൂന്ന്‌ സമിതികൾ എൽഡിഎഫിനൊപ്പമായപ്പോൾ ധനകാര്യസമിതിയിൽ യുഡിഎഫ്‌ വിജയിച്ചു. നികുതി, വിദ്യാഭ്യാസ സമിതികളിൽ ബിജെപിക്കെതിരെ മത്സരിക്കാനും കോൺഗ്രസ്‌ തയ്യാറായില്ല. സ്ഥിരംസമിതി തെരഞ്ഞെടുപ്പിലെ രഹസ്യധാരണ കോൺഗ്രസിലും ബിജെപിയിലും പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top