10 December Sunday

ദേശീയപാത നിർമാണം : മൂത്തകുന്നം ഗവ. എൽപിജി സ്കൂൾ മറ്റൊരിടത്തേക്ക് മാറ്റുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023


വടക്കേക്കര
ദേശീയപാത നിർമാണം നടക്കുന്നതിനാല്‍ മൂത്തകുന്നം ​ഗവ. എല്‍പിജി സ്കൂളിന്റെ പ്രവര്‍ത്തനം മറ്റൊരിടത്തേക്ക് മാറ്റും. മടപ്ലാതുരുത്തിലെ അഞ്ചു മുറികളുടെ വീടാണ് സ്കൂളിന്റെ താല്‍ക്കാലിക പ്രവര്‍ത്തനത്തിനായി പരി​ഗണിക്കുന്നത്. പഞ്ചായത്ത് അധികൃതരും എഇഒ ഉള്‍പ്പെടെയുള്ള ഉദ്യോ​ഗസ്ഥരും പരിശോധന നടത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍മാത്രമേ പ്രവര്‍ത്തിക്കാനാകൂ.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ പഴക്കംചെന്ന മൂത്തകുന്നം ​ഗവ. എല്‍പിജി സ്കൂളിന് നിലവിലെ സ്ഥലത്ത് പ്രവര്‍ത്തിക്കാനാകില്ലെന്ന് പറവൂര്‍ എഇഒ സ്കൂൾ, പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നു. ഇതുപ്രകാരം പഞ്ചായത്ത് സ്കൂളിന്റെ സ്ഥിരപ്രവര്‍ത്തനത്തിന്  അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മടപ്ലാതുരുത്തിൽ റോഡ് ഉൾപ്പെടെ 37 സെന്റ് സ്ഥലം നൽകാൻ ഭൂ ഉടമ തയ്യാറാണെങ്കിലും വിലസംബന്ധിച്ച് തർക്കമുണ്ട്. സെന്റിന് മൂന്നരലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്.

1912ൽ സ്ഥാപിച്ച സ്കൂളിന്റെ കുറച്ചുസ്ഥലം ദേശീയപാത 66 നിർമാണത്തിന് ഏറ്റെടുത്തിട്ടുണ്ട്. റോഡ് നിർമാണത്തിന്റെ ഭാഗമായി നിലവിലെ സ്കൂൾ കെട്ടിടത്തിന്റെ ചെറിയ ഭാഗം പൊളിക്കും. തൊട്ടടുത്ത്‌ പൈലിങ് വർക്കുകളും മറ്റും നടക്കുമ്പോൾ വിദ്യാർഥികളെ 111 വർഷം പഴക്കമുള്ള കെട്ടിടത്തിൽ ഇരുത്തുന്നത്‌ സുരക്ഷിതമല്ല. പഴക്കവും സ്ഥലപരിമിതിയും കാരണം നിലവിലെ സ്കൂൾ മാറ്റിസ്ഥാപിക്കാൻ നേരത്തേ തീരുമാനിച്ചതാണ്. വിദ്യാലയത്തിന് ഇരുവശങ്ങളിൽ റോഡും ഒരു വശത്ത്‌ പുഴയുടെ കൈവഴിയുമാണ്. നിലവില്‍ പുഴയുടെ തെക്കേവശംവരെ ദേശീയപാതയുടെ പൈലിങ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വൈകാതെ സ്കൂളിനുസമീപത്തേക്കും നിർമാണം എത്തും. ഇതിനുമുമ്പേ സ്കൂളിന്റെ പ്രവർത്തനം മാറ്റുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ രശ്മി അനിൽകുമാർ പറഞ്ഞു. സർക്കാർ ഉത്തരവുപ്രകാരം സ്കൂളിന്റെ പേര് ഗവ. എൽപിഎസ് മൂത്തകുന്നം വെസ്റ്റ് എന്നാക്കുന്നതിന്റെ നടപടികൾ പൂർത്തിയായിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top