24 April Wednesday

തൃപ്പൂണിത്തുറയ്‌ക്ക്‌ ഓണസമ്മാനമായി മെട്രോ എത്തുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022


കൊച്ചി
തൃപ്പൂണിത്തുറയ്‌ക്കുള്ള ഓണസമ്മാനമായി വടക്കേക്കോട്ട, എസ്‌എൻ ജങ്ഷൻ മെട്രോ സ്‌റ്റേഷനുകൾ ഉദ്‌ഘാടനത്തിനൊരുങ്ങി. രണ്ടു സ്‌റ്റേഷനുകളിലും യാത്രികരെയും ട്രെയിനുകളെയും സ്വീകരിക്കാനുള്ള എല്ലാ സജ്ജീകരണവും കഴിഞ്ഞമാസം  പൂർത്തിയായിരുന്നു. ട്രെയിനുകളുടെ പരീക്ഷണ ഓട്ടവും സുരക്ഷാപരിശോധനയും വിജയകരമായി പൂർത്തിയാക്കി.  ഇനി പാതതുറക്കാനുള്ള തീയതി കേന്ദ്ര ഹൗസിങ് ആൻഡ്‌ അർബൻ അഫയേഴ്‌സ്‌ മന്ത്രാലയത്തിൽനിന്ന്‌ ലഭിക്കേണ്ട താമസം മാത്രം. തൃപ്പൂണിത്തുറയ്‌ക്കുള്ള  ഓണസമ്മാനമായി പാത തുറക്കാനാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ കെഎംആർഎൽ എംഡി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു. പേട്ടയിൽ അവസാനിച്ച മെട്രോ ഒന്നാംഘട്ടത്തിന്റെ അനുബന്ധമായാണ്‌ ഇവിടെനിന്ന്‌ 1. 80 കിലോമീറ്റർ മെട്രോപാത എസ്‌എൻ ജങ്ഷനിലേക്ക്‌ എത്തുന്നത്‌.

നിരക്കിൽ മാറ്റമില്ല
രണ്ട്‌ പുതിയ സ്‌റ്റേഷനുകളോടെ എസ്‌എൻ ജങ്ഷൻ പാത തുറക്കുമ്പോൾ ആകെ സ്‌റ്റേഷനുകളുടെ എണ്ണം 24 ആകും. എന്നാൽ, നിലവിലെ ടിക്കറ്റ്‌ നിരക്കിൽ മാറ്റമുണ്ടാകില്ല. ആലുവയിൽനിന്ന്‌ പേട്ടവരെ യാത്രചെയ്യാൻ ഇപ്പോൾ ആവശ്യമായ 60 രൂപയ്‌ക്ക്‌ എസ്‌എൻ ജങ്ഷൻവരെ പോകാം. 10 രൂപ മിനിമം ടിക്കറ്റ്‌ നിരക്കിലും മാറ്റമില്ല.

വടക്കേക്കോട്ടയും 
എസ്‌എൻ ജങ്ഷനും
മെട്രോ സ്‌റ്റേഷനുകളിൽ ഏറ്റവും വലുതാണ്‌ വടക്കേക്കോട്ടയിലേത്‌. 4.3 ലക്ഷം ചതുരശ്രയടിയാണ് വിസ്തീർണം. എസ്എൻ ജങ്ഷൻ സ്‌റ്റേഷന്റെ വിസ്‌തീർണം 95,000 ചതുരശ്രയടി. ഇതിൽ 29,300 ചതുരശ്രയടി സ്ഥലം സംരംഭകർക്കും ബിസിനസുകാർക്കും വാണിജ്യ ആവശ്യങ്ങൾക്കുമാണ്‌. രണ്ടിടത്തും പാർക്കിങ്ങിന്‌ വിശാലസൗകര്യമുണ്ട്‌. സ്വാതന്ത്ര്യസമരവും ഗാന്ധിജിയുടെ കേരള സന്ദർശനങ്ങളുമായി ബന്ധപ്പെട്ട ആശയത്തിലൂന്നിയാണ്‌ വടക്കേക്കോട്ടയുടെ രൂപകൽപ്പന. ആയുർവേദ ചികിത്സയും ജീവനവുമാണ്‌ എസ്‌എൻ ജങ്‌ഷൻ  സ്‌റ്റേഷനിൽ ചിത്രീകരിച്ചിട്ടുള്ളത്‌. രണ്ടിടത്തേക്കും മേയിൽ ആരംഭിച്ച  ട്രെയിനുകളുടെ പരീക്ഷണ ഓട്ടം തുടരുന്നു. ജൂണിലാണ്‌ റെയിൽ സുരക്ഷാ കമീഷണറുടെ പരിശോധന പാതയിൽ പൂർത്തിയായത്‌. ഡിഎംആർസിയെ പിന്തുടർന്ന്‌ കെഎംആർഎൽ നേരിട്ട് ഏറ്റെടുത്ത് നിർമിക്കുന്ന ആദ്യ പാതയാണിത്. 453 കോടി രൂപയാണ് മൊത്തം നിർമാണച്ചെലവ്.

തൃപ്പൂണിത്തുറ ടെർമിനൽ
എസ്‌എൻ ജങ്ഷൻ സ്‌റ്റേഷനിൽനിന്ന്‌ കിഴക്കോട്ട്‌ നീളുന്ന 1.20 കിലോമീറ്റർ പാത തൃപ്പൂണിത്തുറ റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ ടെർമിനലിൽ അവസാനിക്കും. ഇതിന്റെ നിർമാണം പുരോഗമിക്കുന്നു. റെയിൽവേ സ്‌റ്റേഷനെ ബന്ധിപ്പിച്ച്‌ മുകളിലൂടെ നടപ്പാതയുണ്ടാകും. ടെർമിനൽ 2023 ജൂണിൽ പൂർത്തിയാകുന്നതോടെ ഫേസ്‌ 1, ഫേസ്‌ 1ബി നിർമാണം പൂർത്തിയാകും.

അനുമതി കാത്ത്‌ 
രണ്ടാംഘട്ടം
കലൂർ സ്‌റ്റേഡിയംമുതൽ കാക്കനാട്‌ ഇൻഫോപാർക്കുവരെ നീളുന്ന രണ്ടാംഘട്ട പാതയുടെ നിർമാണത്തിന്‌ ഇനിയും കേന്ദ്രാനുമതിയായിട്ടില്ല. 2018 ജൂലൈയിൽ പദ്ധതിയുടെ പുതുക്കിയ ഡിപിആർ കേന്ദ്രത്തിന്‌ സമർപ്പിച്ചതാണ്‌. 1957 കോടി രൂപ ചെലവുപ്രതീക്ഷിക്കുന്ന പുതുക്കിയ എസ്‌റ്റിമേറ്റുപ്രകാരം 2019 ഫെബ്രുവരി 26ന്‌ കേന്ദ്രം തത്വത്തിൽ അനുമതി നൽകി. 2020 മാർച്ച്‌ 13ന്‌ പബ്ലിക്‌ ഇൻവെസ്‌റ്റ്‌മെന്റ്‌ ബോർഡും അംഗീകരിച്ചു. കഴിഞ്ഞവർഷത്തെ കേന്ദ്രബജറ്റിലും പദ്ധതി പരാമർശിച്ചിരുന്നു. എന്നാൽ, ഇതുവരെ കേന്ദ്ര കാബിനറ്റ്‌ അംഗീകാരം നൽകിയിട്ടില്ല. പാതയ്‌ക്ക്‌ ആവശ്യമായ സ്ഥലമെടുപ്പും റോഡുകളുടെ വീതികൂട്ടലും ഉൾപ്പെടെ ജോലി പുരോഗമിക്കുന്നു. 11.2 കിലോമീറ്റർ പാതയിൽ 10 സ്‌റ്റേഷനുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top