25 April Thursday

കൊലയിലേക്ക്‌ നയിച്ചത് ലഹരി ഇടപാട് ?

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

കാസർകോട് പൊലീസ് പിടിയിലായ അർഷാദും അശ്വന്തും (പുറകിൽ)


കാക്കനാട്‌
ഇടച്ചിറയിലെ ഫ്ലാറ്റിൽ മലപ്പുറം സ്വദേശി സജീവ്‌ കൃഷ്‌ണൻ കൊല്ലപ്പെട്ടതിനു പിന്നിൽ ലഹരിമരുന്ന്‌ ഇടപാടാണെന്ന്‌ സംശയിക്കുന്നതായി സിറ്റി പൊലീസ്‌ കമീഷണർ സി എച്ച്‌ നാഗരാജു. സജീവും പിടിയിലായ സുഹൃത്ത്‌ അർഷാദും മയക്കുമരുന്ന്‌ ഉപയോഗിച്ചിരുന്നതായാണ്‌ സംശയിക്കുന്നത്‌. ഇതിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിലേക്ക്‌ നയിച്ചതായാണ്‌ അന്വേഷകസംഘത്തിന്റെ പ്രാഥമിക നിഗമനം.

സജീവ്‌ ഇൻഫോപാർക്കിലെ ഹോട്ടൽ ജോലി രാജിവച്ച്‌ വിദേശത്ത്‌ പോകാൻ പദ്ധതിയിട്ടിരുന്നു. ഈ വിഷയത്തിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നോ എന്നതും പൊലീസ്‌ പരിശോധിക്കുന്നുണ്ട്‌. അർഷാദിനെതിരെ കൊണ്ടോട്ടിയിൽ മോഷണക്കേസുള്ളതായും പൊലീസ്‌ കണ്ടെത്തി.

മൃതദേഹത്തിൽ 
25 മുറിവുകൾ
സജീവിന്റെ ശരീരത്തിൽ ഇരുപത്തഞ്ചോളം മുറിവുകൾ ഉണ്ടായിരുന്നതായി പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌. ഞായറാഴ്‌ച മരിച്ചതായാണ്‌ സംശയിക്കുന്നത്‌. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികൊണ്ട്‌ കുത്തിയതെന്നാണ്‌ പൊലീസ്‌ നിഗമനം. തലയിലും നെഞ്ചിലും കഴുത്തിലും ഉണ്ടായ മുറിവാണ്‌ മരണകാരണം. പുറത്തും അഞ്ചിലധികംതവണ കുത്തിയി
ട്ടുണ്ട്‌.

എത്തിയത്‌ അതിഥിയായി
അർഷാദ്‌ ഫ്ലാറ്റിലെ സ്ഥിരം താമസക്കാരനായിരുന്നില്ല. ഫ്ലാറ്റിന്റെ 20–-ാംനിലയിൽ താമസിച്ചിരുന്ന ആദിഷിന്റെ സുഹൃത്തായിരുന്നു അർഷാദ്‌.  കൊല്ലപ്പെട്ട സജീവിനൊപ്പം താമസിച്ചിരുന്ന അംജാദും അർഷാദും സുഹൃത്തുക്കളാണ്‌. അംജാദ്‌ വഴിയാണ്‌ സജീവ്‌ ഉൾപ്പെടെ മുറിയിലെ മറ്റുള്ളവരെ അർഷാദ്‌ പരിചയപ്പെട്ടത്‌. ഭാര്യ ഗർഭിണിയായതിനെ തുടർന്ന്‌ ആദിഷ്‌ താമസം മാറിയതിനാൽ രണ്ടാഴ്‌ചയായി അർഷാദ്‌ സജീവിന്റെ മുറിയിലായിരുന്നു താമസം. ഈ മുറിയിൽ മദ്യപാനം നടക്കുന്നതായി മറ്റ്‌ ഫ്ലാറ്റ്‌ ഉടമകൾ പരാതിപ്പെട്ടതിനാൽ കെയർടേക്കർ ജലീൽ ഇവരോട്‌ മുറി ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. മുറി മാറാൻ ഇവർ ഒരാഴ്‌ച സമയം ചോദിച്ചു. അംജാദിന്റെ ബൈക്കുമായാണ്‌ അർഷാദ്‌ ഇവിടെനിന്ന്‌ കടന്നതെന്നാണ്‌ സൂചന.

ഫ്ലാറ്റിൽ സുരക്ഷാവീഴ്‌ച , സന്ദർശകവിവരങ്ങളും സിസിടിവിയുമില്ല
യുവാവ്‌ കൊല്ലപ്പെട്ട ഇടച്ചിറ ഒക്സോണിയ ഫ്ലാറ്റിൽ സുരക്ഷാ നിർദേശങ്ങൾ പാലിച്ചിരുന്നില്ലെന്ന്‌ പൊലീസ്‌. മലപ്പുറം വണ്ടൂർ സ്വദേശി സജീവ്‌ കൃഷ്‌ണനെ കൊലപ്പെടുത്തി 16–-ാംനിലയിലാണ്‌ മൃതദേഹം ഒളിപ്പിച്ചത്‌.ഫ്ലാറ്റിൽ നേരത്തേമുതൽ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നതായും ആരും പൊലീസിനെ അറിയിച്ചില്ലെന്നും സിറ്റി പൊലീസ്  കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു. ഫ്ലാറ്റുകളിൽ സിസിടിവി സ്ഥാപിക്കണമെന്നും അജ്ഞാതർ വന്നാൽ അറിയിക്കണമെന്നുമുള്ള നിർദേശവും അവഗണിച്ചു. പത്ത് വർഷത്തിലധികമായി 20 നില സമുച്ചയം നിർമിച്ചിട്ട്‌. 120 ഫ്ലാറ്റുകളുണ്ട്‌. ഉടമകളും വാടകക്കാരുമുൾപ്പെടെ 100 ഫ്ലാറ്റിലും ആളുണ്ട്‌. നാനൂറിലധികം താമസക്കാരുള്ള ഇവിടെ സിസിടിവി സംവിധാനം ഒരുക്കാത്തത് ഗുരുതര വീഴ്‌ചയാണെന്ന് കമീഷണർ വ്യക്തമാക്കി. പ്രധാന കവാടത്തിൽ ലിഫ്റ്റിന് താഴെ സിസിടിവി ക്യാമറയുടെ മാതൃക മാത്രമാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. ഇത് മനസ്സിലാക്കിയാകാം കുറ്റകൃത്യത്തിന് ഫ്ലാറ്റ് തെരഞ്ഞെടുത്തതെന്ന് കരുതുന്നു.ഫ്ലാറ്റിൽ എത്തുന്നവരുടെ വിവരങ്ങൾ പൂർണമായും എഴുതി സൂക്ഷിക്കുന്ന പതിവും ഉണ്ടായിരുന്നില്ല. കൊലപാതകം നടന്ന ഫ്ലാറ്റിൽനിന്ന് ലഹരിമരുന്ന് ഉപയോഗിക്കുന്ന ഹുക്കകളും ലഹരി ഉപയോഗിച്ചതിന്റെ സൂചനകളും പരിശോധനയിൽ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌.

കൊലക്കേസുകളിൽ വഴിത്തിരിവ്‌ 
മിന്നൽവേഗത്തിൽ
ആറുദിവസത്തിനിടെ കൊച്ചി നഗരത്തിലും ചുറ്റുവട്ടത്തുമായി നടന്ന മൂന്ന്‌ കൊലപാതകങ്ങളിൽ രണ്ടെണ്ണത്തിനും പൊലീസ്‌ വഴിത്തിരിവുണ്ടാക്കിയത്‌ മിന്നൽവേഗത്തിൽ. സൗത്ത്‌ കളത്തിപ്പറമ്പ്‌ റോഡിൽ നടന്ന കൊലപാതകക്കേസിൽ 11 മണിക്കൂറിനുള്ളിൽ മൂന്നുപ്രതികളും പിടിയിലായി. ചൊവ്വാഴ്‌ച കാക്കനാട്‌ ഇടച്ചിറയിൽ യുവാവ്‌ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയെന്ന്‌ സംശയിക്കുന്നയാൾ കാസർകോട്ടുനിന്ന്‌ 24 മണിക്കൂറിനകം പിടിയിലായി. പഴുതടച്ചുള്ള അന്വേഷണമാണ്‌ ഇവരെ കുടുക്കിയത്‌. മൂന്ന്‌ കുറ്റകൃത്യങ്ങൾക്കുപിന്നിലും ലഹരിയുടെ സ്വാധീനമുണ്ടായിരുന്നു.

ഞായറാഴ്ച പുലർച്ചെ രണ്ടിന്‌ സൗത്ത് റെയിൽവേ സ്‌റ്റേഷനുസമീപം കളത്തിപ്പറമ്പ് റോഡിലുണ്ടായ വാക്കുതർക്കത്തിലാണ്‌ വരാപ്പുഴ മുട്ടിനകം കളത്തിപ്പറമ്പിൽ ശ്യാം ശിവാനന്ദനെ (33) ഒരു സംഘം കുത്തിക്കൊന്നത്. ശ്യാമും സുഹൃത്തുക്കളും പ്രതികളെ പരിഹസിച്ച് പാട്ടുപാടിയതാണ് പ്രകോപനമായത്. മൂന്നംഗസംഘത്തിലെ ഹർഷാദ് കാറിൽനിന്ന്‌ കത്തിയെടുത്ത് ശ്യാമിനെ ആക്രമിക്കുകയായിരുന്നു. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ്‌ പറയുന്നു. 11 മണിക്കൂറിനകം മൂന്നു പ്രതികളെയും പിടികൂടി.

എറണാകുളം ടൗൺ ഹാളിനുസമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ കൊല്ലം നീണ്ടകര മേരിലാൻഡിൽ എഡിസണെ (35) കുത്തിക്കൊന്നത്‌ കഴിഞ്ഞ വ്യാഴാഴ്‌ച  രാത്രിയാണ്‌. പ്രതി മുളവുകാട് ചുങ്കത്ത് വീട്ടിൽ സുരേഷിനായി (38) ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഊർജിത അന്വേഷണമാണ്‌ നടക്കുന്നത്‌. ഇതിനിടെയാണ് ചൊവ്വാഴ്‌ച കാക്കനാടുള്ള ഫ്ലാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ലഹരിയുടെ ഇടപാടുകളും ഉപയോഗവുമാണ് കൊലപാതകത്തിന്‌ പിന്നിലെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി പയ്യോളി സ്വദേശി അർഷാദിനെ മൊബൈൽ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണമാണ്‌ കുടുക്കിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top