25 April Thursday

അതിതീവ്രമഴ നേരിടാൻ ജില്ല സജ്ജം

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021


കൊച്ചി
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അതിതീവ്രമഴ (റെഡ് അലർട്ട് ) മുന്നറിയിപ്പ്‌ ലഭിച്ചതിനെ തുടർന്ന്‌, അടിയന്തര സാഹചര്യം നേരിടാൻ ജില്ല പൂർണ സജ്ജം. താലൂക്ക്, വില്ലേജ്, തദ്ദേശ സ്ഥാപനതലങ്ങളിൽ കൺട്രോൾ റൂമുകൾ സജീവമായി.  ദേശീയ ദുരന്തനിവാരണസേന ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. എഡിഎം എസ് ഷാജഹാന്റെ നേതൃത്വത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തരയോഗം ചേർന്ന് സ്ഥിതി അവലോകനം ചെയ്‌തു.

അത്യാവശ്യഘട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ  തുറക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. വില്ലേജ് ഓഫീസർമാരോട് ക്യാമ്പുകളായി പരിഗണിക്കുന്ന സ്ഥാപനങ്ങളുടെ താക്കോലുകൾ കൈവശം സൂക്ഷിക്കാൻ നിർദേശം നൽകി. കോവിഡ് കണക്കിലെടുത്ത്‌ ആരോഗ്യ വകുപ്പിനോട്‌ മുൻകരുതൽ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്‌.

ആന്റിജൻ ടെസ്റ്റ് നടത്തിയശേഷമാണ്‌ ക്യാമ്പിൽ പ്രവേശിപ്പിക്കുക. ഇതിനുള്ള സജ്ജീകരണങ്ങൾ  പൂർത്തിയാക്കി. വാഹനസൗകര്യങ്ങൾ ഏർപ്പാടാക്കാൻ എറണാകുളം, മൂവാറ്റുപുഴ ആർടിഒമാർക്കും നിർദേശം നൽകി. ജില്ലാ കൺട്രോൾ റൂമിൽ കെഎസ്ഇബി, ആർടിഒ വകുപ്പുകളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി. ദേശീയ  ദുരന്തനിവാരണസേനയുടെ 11 അംഗ സംഘത്തെ മൂവാറ്റുപുഴയിൽ വിന്യസിച്ചു.

മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ആളുകളെ ഒഴിപ്പിക്കാനും നോട്ടീസ് നൽകാനും വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകി. ഇടമലയാർ ജലസംഭരണിയിലെ ജലനിരപ്പ് ആശങ്കാജനകമല്ലെന്ന്‌ യോഗം വിലയിരുത്തി. പരമാവധി ജലനിരപ്പ് 169 മീറ്ററാണ്. 164.36 മീറ്ററാണ്‌ നിലവിലുള്ളത്‌. യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ എൻ ആർ വൃന്ദാദേവി, തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top