കളമശേരി
ഒക്‌ടോബറിൽ നിർമാണം പൂര്‍ത്തിയാക്കുന്ന എറണാകുളം ഗവ. മെഡിക്കൽ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് കിഫ്ബി 80 കോടി രൂപ അനുവദിച്ചു. പുതിയ ഉപകരണങ്ങൾ വാങ്ങുന്നത് വേഗത്തിലാക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.
കൊച്ചി ക്യാൻസർ സെന്ററിന് ഉപകരണങ്ങൾ വാങ്ങുന്നതിന് 204 കോടി കഴിഞ്ഞദിവസം അനുവദിച്ചിരുന്നു. നിശ്ചയിച്ചപ്രകാരം ഒക്ടോബർ, -നവംബർ മാസങ്ങളിൽ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, കൊച്ചി ക്യാൻസർ സെന്റർ എന്നിവയുടെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും ഫർണിച്ചറും ഉൾപ്പെടെ 223 പശ്ചാത്തല ഉപകരണങ്ങളുടെ പട്ടിക നേരത്തേ തയ്യാറാക്കിയിരുന്നു. മെഡിക്കൽ സർവീസസ് കോർപറേഷൻ തയ്യാറാക്കിയ ഡിപിആർ മെഡിക്കൽ വിദ്യാഭ്യാസവകുപ്പും സാങ്കേതികസമിതിയും പരിശോധിച്ചാണ് അന്തിമമാക്കിയത്. എല്ലാ ഉപകരണങ്ങളും പ്രവർത്തനോദ്ഘാടനത്തിനുമുമ്പായി സ്ഥാപിക്കും. എട്ടുനിലകളിലായി 8.27 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിൽ ഒരുങ്ങുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിനായി 368.74 കോടി രൂപയാണ് ചെലവഴിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..