കൊച്ചി > മറൈൻഡ്രൈവിൽ തിങ്ങിനിറഞ്ഞവരുടെ ആവേശത്തിമിർപ്പിലാണ് സിബിഎൽ രണ്ടാം മത്സരം അവസാനിപ്പിച്ചത്. ഒമ്പത് ചുണ്ടൻവള്ളങ്ങൾക്കൊപ്പം 16 ഇരുട്ടുകുത്തിവള്ളങ്ങളും മത്സരത്തുഴയെറിഞ്ഞതോടെ ഓളപ്പരപ്പിൽ ആർപ്പുവിളി നിറഞ്ഞു. കാണികൾക്കുള്ള പവലിയനുകളും കായൽത്തീരവും നിറഞ്ഞ് ആളുകളെത്തി.
കുടുംബത്തോടൊപ്പം എത്തിയവരായിരുന്നു ഏറെയും. ഉദ്ഘാടനത്തിനുശേഷം 3.15ഓടെയാണ് വള്ളംകളി ആരംഭിച്ചത്. ആദ്യം ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരം. തുടർന്ന് ചുണ്ടൻവള്ളങ്ങൾ. എല്ലാ ഹീറ്റ്സിലും ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യം നടന്നത് പ്രാദേശിക വള്ളങ്ങളുടെ ഫെെനലായിരുന്നു. സിബിഎൽ രണ്ടാംമത്സരങ്ങളുടെ കിരീടം ചൂടുന്നതാരെന്നറിയാൻ ചുണ്ടൻവള്ളങ്ങളുടെ ഫെെനൽ. ഇടയ്ക്ക് മഴ ചാറിയെങ്കിലും കാണികൾ ആവേശം ചോരാതെ തുഴക്കാർക്ക് പ്രോത്സാഹനമായി. മത്സരത്തിന്റെ ഇടവേളയിൽ വഞ്ചിപ്പാട്ടും നാവികസേനാ അഭ്യാസപ്രകടനങ്ങളും മിഴിവേകി. വെെകിട്ട് കോതമംഗലം മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ കോളേജ് വിദ്യാർഥികളുടെ ഗാനമേളയും നടന്നു.
ഇരുട്ടുകുത്തിയിൽ താണിയനും മയിൽപ്പീലിയും ഒന്നാമത്
കൊച്ചി
ഇരുട്ടുകുത്തി എ, ബി ഗ്രേഡ് വിഭാഗത്തിൽ സംഘടിപ്പിച്ച പ്രാദേശിക വള്ളംകളി മത്സരത്തിൽ എ ഗ്രേഡ് വിഭാഗത്തിൽ കൊച്ചി ജലമെട്രോയ്ക്കായി തുഴയെറിഞ്ഞ താണിയൻ ഒന്നാമതെത്തി. മൂന്ന് മിനിറ്റും 42.35 സെക്കൻഡിലുമാണ് മറ്റു വള്ളങ്ങളെ പിന്നിലാക്കിയത്. മൂന്ന് മിനിറ്റ് 42.59 സെക്കൻഡിൽ തിരുത്തിപ്പുറം രണ്ടാംസ്ഥാനവും മൂന്നു മിനിറ്റും 49.55 സെക്കൻഡിൽ സെന്റ് സെബാസ്റ്റ്യൻ മൂന്നാംസ്ഥാനവും നേടി. ബി ഗ്രേഡ് വിഭാഗത്തിൽ മയിൽപ്പീലി ഒന്നാംസ്ഥാനം നേടി. മൂന്ന് മിനിറ്റും 49.10 സെക്കൻഡിലുമാണ് മയിൽപ്പീലിയുടെ വിജയം. മൂന്ന് മിനിറ്റ് 49.42 സെക്കൻഡിൽ ഗോതുരുത്ത് രണ്ടാംസ്ഥാനവും മൂന്ന് മിനിറ്റും 56.81 സെക്കൻഡിൽ ചെറിയ പണ്ഡിതൻ മൂന്നാംസ്ഥാനവും നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..