29 March Friday

സ്നേഹമാണിവർക്ക് കാതും നാവും

അനന്തു ചന്ദ്രബാബുUpdated: Friday Sep 17, 2021


പള്ളുരുത്തി
ഇനി മെർലിനാണ്‌ ബാബുപോളിന്റെ കാതും നാവും. ബാബുവിന്‌ തിരിച്ചും. വ്യാഴാഴ്‌ച പള്ളുരുത്തി സെന്റ്‌ മേരീസ് ദേവാലയത്തിൽ ഫാ. പി ഡി തോമസിന്റെ ആശീർവാദം ഏറ്റുവാങ്ങി ഇരുവരും ജീവിതവീഥിയിൽ ഒരുമിച്ചു.

ജന്മനാ കേൾവിശക്തിയും സംസാരശേഷിയും ഇല്ലാതിരുന്ന ബാബുപോൾ, 10–-ാംവയസ്സിലാണ്‌ അമ്മയുടെ കൈപിടിച്ച്‌ കൊച്ചി കോർപറേഷന്റെ പള്ളുരുത്തി അഗതിമന്ദിരത്തിലെത്തിയത്‌. രോഗിയായ അമ്മ ഒരുവർഷം കഴിയുംമുമ്പ്‌ മരിച്ചു. ഇതോടെ തീർത്തും അനാഥനായ ബാബുപോൾ, നഗരസഭയുടെ സ്നേഹഭവനിലും ഡോൺബോസ്‌കോ ബോയ്സ് ഹോമിലുമായി വളർന്നു. നീർപ്പാറ മൂക–-ബധിര വിദ്യാലയത്തിലായിരുന്നു വിദ്യാഭ്യാസം. പിന്നീട്‌ കംപ്യൂട്ടർ കോഴ്‌സും പാസായി. ഇപ്പോൾ എറണാകുളം ചാവറ മാട്രിമോണിയലിൽ അക്കൗണ്ടന്റാണ്‌. 

വിവാഹപരസ്യം കണ്ടാണ്‌ മെർലിന്റെ വീട്ടുകാർ ആലോചന നടത്തിയത്‌. മുണ്ടക്കയം കുമ്പപ്പള്ളിൽ വർഗീസിന്റെയും മേഴ്സിയുടെയും മകളായ മെർലിനും കേൾവിശക്തിയും സംസാരശേഷിയുമില്ല. കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയിട്ടുണ്ട്‌. നവദമ്പതികൾക്ക്‌ താമസത്തിനായി സ്‌നേഹഭവൻ പ്രവർത്തകർ ഇടക്കൊച്ചിയിൽ വാടകവീട്‌ ഒരുക്കിയിട്ടുണ്ട്‌. കെ ജെ മാക്സി എംഎൽഎ, മേയർ എം അനിൽകുമാർ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ  വി എ ശ്രീജിത്, ഷീബ ലാൽ എന്നിവർ വിവാഹത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top