19 April Friday

നൂറുദിന കർമപദ്ധതി : ആരോഗ്യപദ്ധതികൾക്ക്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021


കൊച്ചി
സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ആരോഗ്യപദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ്‌ വെള്ളി രാവിലെ 10.30ന്‌ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ആവോലി, വാളകം, കുമാരപുരം പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തും. രാമമംഗലം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഒരുക്കിയ ഓക്സിജൻ ജനറേറ്റർ പ്ലാന്റിന്റെ ഉദ്ഘാടനം, ആലുവ ജില്ലാ ആശുപത്രിയിൽ സജ്ജമാക്കുന്ന ‘ലക്ഷ്യ’ പ്രവൃത്തികളുടെ നിർമാണോദ്ഘാടനം എന്നിവയും മന്ത്രി നിർവഹിക്കും

പ്രസവസമയത്തും ശേഷവും സങ്കീർണത ഉണ്ടാകുന്നതിനാൽ സമയബന്ധിതമായി റഫറലുകൾ ഉറപ്പുവരുത്താനും ഗുണനിലവാരം മെച്ചപ്പെടുത്താനുമാണ്‌ മാതൃ–--നവജാതശിശു മരണനിരക്കും രോഗാവസ്ഥയും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ‘ലക്ഷ്യ’ നടപ്പാക്കുന്നത്. 15.5 ലക്ഷം രൂപവീതം ചെലവഴിച്ചാണ്‌ ആവോലി, വാളകം ആശുപത്രികളിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയത്. കുമാരപുരം ആശുപത്രിയിൽ 14 ലക്ഷം രൂപ ചെലവഴിച്ചു. ദേശീയ ആരോഗ്യദൗത്യം വഴിയാണ്‌ തുക അനുവദിച്ചത്. ഇതുവരെ 39 ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി.

രാമമംഗലം സാമൂഹികാരോഗ്യകേന്ദ്രത്തിൽ സ്ഥാപിച്ച ഓക്സിജൻ ജനറേറ്റർ പ്ലാന്റിന്‌ ഉപകരണങ്ങൾ വാങ്ങിയത് ഫാക്ട് സിഎസ്ആർ ഫണ്ടിലൂടെ അനുവദിച്ച 19.5 ലക്ഷം രൂപ ചെലവഴിച്ചാണ്‌. ഇവ സ്ഥാപിക്കുന്നതിനും പ്ലാന്റ് സജ്ജമാക്കുന്നതിനുമായി ദേശീയ ആരോഗ്യദൗത്യം രണ്ടുലക്ഷം രൂപയും പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് 1.25 ലക്ഷം രൂപയും അനുവദിച്ചു. ‘ലക്ഷ്യ’ പദ്ധതിപ്രകാരം ജില്ലാ ആശുപത്രിയിലെ ലേബർ റൂമും പ്രസവ ഓപ്പറേഷൻ തിയറ്ററും നവീകരിക്കാൻ 1.97 കോടി രൂപയുടെ നിർമാണങ്ങൾക്ക് തുടക്കമിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top