28 March Thursday

സ്നേഹമഴയില്‍ നനഞ്ഞ്

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

വിനോഭ നഗറിൽ നൽകിയ സ്വീകരണത്തിൽ എൽഡിഎഫ് സ്ഥാർഥി ഡോ. ജോ ജോസഫിനെ ചേർത്തുപിടിക്കുന്ന വോട്ടർ

കൊച്ചി
"ഇതാ വരുന്നു, തൃക്കാക്കര ജനതയുടെ മനസ്സിൽ ആവേശത്തിരയിളക്കം സൃഷ്ടിച്ച്‌ നാടിന്റെ പ്രിയനായകൻ...' അനൗൺസ്‌മെന്റ്‌ വാഹനം കടന്നുപോകുന്ന പാതകളിൽ എൽഡിഎഫ്‌ സാരഥിയെ, പ്രിയഡോക്ടർ ജോ ജോസഫിനെ കാണാൻ തോരാത്ത മഴയിലും അണയാത്ത ജനപ്രവാഹം.

ആവേശം തെല്ലും ചോരാതെ തിങ്കളാഴ്ച ഡോ. ജോ ജോസഫിന്റെ പൊതുപര്യടന സ്വീകരണകേന്ദ്രങ്ങളിൽ നൂറുകണക്കിനുപേർ തടിച്ചുകൂടി. രാവിലെ ഏഴരയ്ക്ക്‌ മുണ്ടംപാലം ജങ്‌ഷനിൽ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി പി രാജു അധ്യക്ഷനായി. ഉദ്‌ഘാടനവേദിയിൽ ഡോ. ജോ ജോസഫിനെ ഇ പി ജയരാജൻ പൊന്നാട അണിയിച്ച്‌ സ്വീകരിച്ചു.

കൊടിതോരണങ്ങൾകൊണ്ട്‌ അലങ്കരിച്ച തുറന്നവാഹനത്തിൽ എട്ടരയോടെ സ്ഥാനാർഥി പര്യടനം ആരംഭിച്ചു. കൊടികളും പ്ലക്കാർഡുകളുമായി എൽഡിഎഫ്‌ പ്രവർത്തകരും വാദ്യമേളങ്ങളുമായി കലാകാരന്മാരും പര്യടനത്തിന്‌ അകമ്പടിയേകി. -കൊല്ലംകുടിമുകൾ, -മാവേലിപുരം, സെസ് (ഡിഎൽഎഫ്‌), -ചിറ്റേത്തുകര, നിലംപതിഞ്ഞിമുകൾ ജങ്‌ഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ഉച്ചഭക്ഷണത്തിനായി -നോയൽ ജങ്‌ഷനിൽ സമാപിച്ചു. തുടർന്ന്‌ മൂന്നരയോടെ പുല്യാടത്തുനിന്ന്‌ ആരംഭിച്ച്‌ അമല ഭവൻ, ബണ്ട് ജങ്‌ഷൻ, പണ്ടാരച്ചിറ, കടവന്ത്ര ജങ്‌ഷൻ, അംബികാപുരം, -ടെമ്പിൾ റോഡ്, കുമാരനാശാൻ നഗർ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി എട്ടരയോടെ -ഐക്യനഗറിൽ സമാപിച്ചു. എൽഡിഎഫ് നേതാക്കളായ മന്ത്രി പി രാജീവ്, എം സ്വരാജ്, സി എൻ മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ എൻ സുഗതൻ, ജോർജ്‌ ഇടപ്പരത്തി, പി ജെ കുഞ്ഞുമോൻ, സാബു ജോർജ്‌, സി ബി ചന്ദ്രബാബു, ടി വി രാജേഷ്‌ തുടങ്ങിയവർ സ്വീകരണകേന്ദ്രങ്ങളിൽ  സംസാരിച്ചു.

എളംകുളം മുട്ടത്ത്‌ ലെയ്‌നിൽ സാഹിത്യകാരൻ കെ എൽ മോഹനവർമയുടെ മരുമകൾ അഡ്വ. ആശാലതവർമ, പ്രമുഖ പ്ലാസ്റ്റിക് സർജൻ ഡോ. ജോസ് തറയിൽ എന്നിവർ സ്ഥാനാർഥിയെ സ്വീകരിച്ചു. മത്തങ്ങയിൽ തീർത്ത അരിവാൾ ചുറ്റിക നക്ഷത്രം ആശാലതവർമ ഡോ. ജോ ജോസഫിന്‌ സമ്മാനിച്ചു. ഡോ. ജോസ് തറയിൽ സ്ഥാനാർഥിയെ ഷാൾ അണിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top