19 April Friday

കനത്ത മഴ: വ്യാപക കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022


കൊച്ചി
ജില്ലയിൽ മൂന്നുദിവസമായി പെയ്യുന്ന മഴയിൽ തോട്ടറ പുഞ്ചയിലെ നൂറേക്കർ നെൽക്കൃഷി വെള്ളത്തിലായി. നേരത്തേ വേനൽമഴയിലും തോട്ടറ പുഞ്ചയിൽ കൃഷിനാശമുണ്ടായിരുന്നു. മഴ മാറി വെള്ളമിറങ്ങിയതോടെ കർഷകർ കൊയ്‌ത്തിന്‌ തയ്യാറെടുക്കുകയായിരുന്നു. മഴ കനത്തതോടെ മൂവാറ്റുപുഴയാറിൽ വെള്ളം ഉയർന്നുനിൽക്കുന്നതിനാൽ പമ്പിങ് നടക്കാത്തത് വെള്ളക്കെട്ട് പരിഹരിക്കുന്നതിന്‌ തടസ്സമായി.

കനത്ത മഴയിൽ മണീട് ഗവ. എച്ച്എസിലെ പഴയ കെട്ടിടം തകർന്നുവീണു. വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കെട്ടിടമാണ് തകർന്നത്. സുരക്ഷിതമല്ലാത്ത കെട്ടിടം പൊളിച്ചുമാറ്റാൻ 2019 മുതൽ ജില്ലാപഞ്ചായത്ത് അനുമതിക്കായി സ്കൂൾ അധികൃതർ കത്തുകൾ നൽകിയിരുന്നു. എന്നാൽ, നടപടിയുണ്ടായിട്ടില്ല. ചെങ്ങമനാട് പഞ്ചായത്തിലെ നാലാംവാർഡിൽ പനയക്കടവ് കരിയംപിള്ളി മുഹമ്മദലിയുടെ വീട്ടിലെ 30 അടി ആഴമുള്ള കിണർ മഴയിൽ ഇടിഞ്ഞുവീണു. റോഡ് വികസനത്തിനായി മുഹമ്മദലി കിണർ ഉൾപ്പെട്ട ഭൂമി പഞ്ചായത്തിന് സൗജന്യമായി വിട്ടുനൽകിയതാണ്. കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ച് അതിനുമുകളിലാണ് റോഡ് വികസിപ്പിച്ചത്. ഭാരവാഹനങ്ങൾ കയറിയിറങ്ങി റോഡ് ശോച്യാവസ്ഥയിലായിരുന്നു. അതിനിടെയാണ് തോരാത്ത  മഴ പെയ്തത്. റോഡിന്റെ സ്ലാബ് കിണറ്റിൽ നിലംപൊത്താൻ സാധ്യതയുള്ളതിനാൽ മസ്ജിദ് റോഡിലെ ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.

ശക്തിയായ കാറ്റിലും മഴയിലും ചേന്ദമംഗലം തെക്കുംപുറം 11–-ാം വാർഡ് കുണ്ടുപറമ്പിൽ ഉണ്ണിക്കൃഷ്ണന്റെ വീടും ഓട്ടോറിക്ഷയും തകർന്നു. ഞായർ രാത്രിയാണ് സംഭവം. ഓടുവീണ് പരിക്കേറ്റ ഭാര്യ രാധയെ (55) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ  ഉണ്ണിക്കൃഷ്ണൻ വീടിനുസമീപം പാർക്ക്‌ ചെയ്തിരുന്ന ഓട്ടോ ഓടും ഇഷ്ടികയും വീണ് ഭാഗികമായി തകർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top