ആലുവ
രണ്ടരപ്പതിറ്റാണ്ടിനുശേഷം കീഴ്മാടിന്റെ നെല്ലറയായ തുമ്പിച്ചാൽ വട്ടച്ചാൽ പാടശേഖരത്തിൽ കൊയ്ത്തുത്സവം തുടങ്ങി. കൊയ്ത്തുപാട്ടിന്റെയും ആർപ്പുവിളിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അൻവർ അലി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു കർഷകരെ ആദരിച്ചു. കൃഷി അസി. ഡയറക്ടർ ഫാൻസി പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി.
സിനിമ നടൻ റഫീഖ് ചൊക്ലി മുഖ്യാതിഥിയായി. കീഴ്മാട് പഞ്ചായത്ത് അംഗം ടി ആർ രജീഷ് അധ്യക്ഷനായി. സിപിഐ എം കീഴ്മാട് ലോക്കൽ സെക്രട്ടറി കെ എ രമേശ്, വാഴക്കുളം ബ്ലോക്ക് അംഗം ഷീജ പുളിക്കൽ, പഞ്ചായത്ത് അംഗം സാജു മത്തായി, കുട്ടമശേരി സഹകരണ ബാങ്ക് പ്രസിഡന്റ് മീതിയൻപിള്ള, സൂര്യ പുരുഷ സ്വയംസഹായ സംഘം ഭാരവാഹികളായ കെ കെ അസീസ്, എം വി ബാബു എന്നിവർ സംസാരിച്ചു.
കീഴ്മാട് പഞ്ചായത്ത്, കൃഷിഭവൻ, പാടശേഖരസമിതി എന്നിവയുടെ സഹകരണത്തോടെ കുട്ടമശേരി സൂര്യ പുരുഷ സ്വയംസഹായ സംഘമാണ് 26 ഏക്കറിൽ നെൽക്കൃഷി ഇറക്കിയത്. ജനപ്രതിനിധികൾ, കർഷകർ, കൃഷി ഉദ്യോഗസ്ഥർ, മാറമ്പിള്ളി എംഇഎസ് കോളേജ് വിദ്യാർഥികൾ, കുട്ടമശേരി ഹയർ സെക്കൻഡറി സ്കൂൾ, അമൽ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുമാർ, അധ്യാപകർ, അങ്കണവാടി കുട്ടികൾ ഉൾപ്പെടെയുള്ളവർ കൊയ്ത്തുത്സവത്തിനെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..