കൂത്താട്ടുകുളം
കൂത്താട്ടുകുളം നഗരസഭാ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ 24 മണിക്കൂർ അത്യാഹിതവിഭാഗം ഒപി, പ്രവർത്തനമാരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ 24 മണിക്കൂർ സേവനത്തിനായി ഡോക്ടർമാരെ നിയമിക്കുന്നതെന്ന് നഗരസഭാ അധ്യക്ഷ വിജയ ശിവൻ, ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ്, സ്ഥിരംസമിതി അധ്യക്ഷരായ ഷിബി ബേബി, ജിജി ഷാനവാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നഗരസഭയ്‌ക്കുപുറമെ തിരുമാറാടി, ഇലഞ്ഞി, പാലക്കുഴ, വെളിയന്നൂർ പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവരും ആശ്രയിക്കുന്ന ആശുപത്രിയാണിത്. എംസി റോഡിന്റെ സാമീപ്യവും ശബരിമല തീർഥാടകർ കടന്നുപോകുന്ന പ്രധാന സ്ഥലമെന്നനിലയിലും 24 മണിക്കൂർ സേവനം നാടിന്റെ നിരന്തര ആവശ്യമായിരുന്നു. സംസ്ഥാനത്തെ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിൽ പകൽ രണ്ടുവരെയാണ് ഡോക്ടർമാരുടെ സേവനമാണുള്ളത്.
നഗരസഭ വാങ്ങിയ എക്സ്റേ യൂണിറ്റ് ഉടൻ പ്രവർത്തനസജ്ജമാകും. സ്വകാര്യ ആശുപത്രിയോട് കിടപിടിക്കുന്ന ലാബ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. ദിവസേന മുന്നൂറിലേറെ രോഗികൾ എത്തുന്നിടത്ത് 40 പേർക്ക് കിടത്തിച്ചികിത്സാ സൗകര്യമുണ്ട്. സൂപ്രണ്ട്, രണ്ട് അസിസ്റ്റന്റ് സർജൻമാരുൾപ്പെടെ ആറു ഡോക്ടർമാരും 40 ജീവനക്കാരുമുണ്ട്. ആംബുലൻസ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം പുനരാരംഭിക്കാൻ രണ്ട് നഴ്സിങ് അസിസ്റ്റന്റുമാർക്ക് പരിശീലനം നൽകി. കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. നിലവിലെ ഒപി മന്ദിര നവീകരണംകൂടി പൂർത്തിയാകുമ്പോൾ കിടത്തിച്ചികിത്സയ്‌ക്ക് കൂടുതൽ സൗകര്യമുണ്ടാകും. അസ്ഥിരോഗവിഭാഗം ഡോക്ടറുടെ സേവനത്തിനായി ആരോഗ്യവകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കിയതായും അധികൃതർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..