27 April Saturday

മൃതദേഹം കിടന്ന സ്ഥലത്ത്‌ ആൾക്കൂട്ടത്തിൽ ഒരാളായി പ്രതി

ജോഷി അറയ്ക്കൽUpdated: Saturday Oct 16, 2021



കോതമംഗലം
ചേലാട് സ്റ്റുഡിയോ ഉടമ എല്‍ദോസ്‌ പോളിന്റെ മരണവിവരമറിഞ്ഞ്‌ മൃതദേഹം കിടന്ന കനാൽ തീരത്ത്‌ ആദ്യം എത്തിയവരിൽ ഒരാൾ പ്രതി എൽദോ പി ജോയിയായിരുന്നു. സുഹൃത്തുക്കളെ വാട്‌സാപ്പിലൂടെ വിവരം അറിയിച്ച എൽദോ പി ജോയി ഒന്നുമറിയാത്തതുപോലെ ഇൻക്വസ്‌റ്റ്‌ നടപടി പൂർത്തിയാകുംവരെ സ്ഥലത്ത്‌ തുടർന്നു.

യൂത്ത് കോൺഗ്രസ് പിണ്ടിമന മണ്ഡലം ജനറൽ സെക്രട്ടറിയായ  എൽദോയാണ്‌ നാടിനെ നടുക്കിയ കൊലപാതകം നടത്തിയതെന്ന്‌ അറിഞ്ഞതോടെ നാട്ടുകാരും അമ്പരന്നു.
കൊല്ലപ്പെട്ട എല്‍ദോസിന്റെ വീട്ടില്‍നിന്ന്‌ 300 മീറ്റർ അകലെയാണ് കൊലപാതകം നടന്ന വീട്. ജോയിയും കുടുംബവും രണ്ടുമാസമായി ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. തെളിവ് നശിപ്പിച്ചതിനാല്‍ അന്വേഷണം തങ്ങളിലേക്കെത്തില്ലെന്ന പ്രതീക്ഷയിലാണ് എൽദോയും മാതാപിതാക്കളും ഒളിവില്‍ പോകാതിരുന്നതെന്ന്‌ എസ്‌എച്ച്‌ഒ ബേസിൽ തോമസ് പറഞ്ഞു.

കനാലില്‍ മൃതദേഹം കാണപ്പെട്ട ഭാഗത്ത് മുമ്പ്‌ നിരവധിപ്പേർ അപകടത്തിൽപെട്ടിട്ടുണ്ട്‌. ഇത്‌ മനസ്സിലാക്കിയാണ്‌ പ്രതികൾ മൃതദേഹവും സ്‌കൂട്ടറും ഉപേക്ഷിക്കാൻ ഇതേസ്ഥലം തെരഞ്ഞെടുത്തത്‌.

എൽദോസിന്റെ സംസ്കാരച്ചടങ്ങുകൾ നടക്കുമ്പോൾത്തന്നെ പ്രതികളെ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തുകയായിരുന്നു പൊലീസ് അന്വേഷക സംഘം. സമയബന്ധിതമായി അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ്‌സംഘത്തെ ആന്റണി ജോൺ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അഭിനന്ദിച്ചു. 

കുടുക്കിയത്‌ പഴുതടച്ച അന്വേഷണം
സ്‌റ്റുഡിയോ ഉടമ എൽദോസ്‌ പോളിന്റെ കൊലപാതകത്തിൽ പ്രതികളെ കുടുക്കിയത്‌ പൊലീസിന്റെ പഴുതടച്ച അന്വേഷണം. ഇസ്രയേലിൽ നഴ്‌സായ ഭാര്യ ടിമി തോമസുമായി എൽദോസ്‌ വീഡിയോ കോൾ ചെയ്യുന്നതിനിടെയാണ്‌ പ്രതി എൽദോയുടെ വിളിയും എത്തിയത്‌. പണം നൽകാമെന്ന്‌ എൽദോ പറഞ്ഞിട്ടുണ്ടെന്നും അതുവാങ്ങാൻ പോകുകയാണെന്നും എൽദോസ്‌ ടിമിയോട്‌ പറഞ്ഞിരുന്നു. എൽദോയുടെ വീട്ടിലെത്തിയശേഷം എൽദോസിന്റെ മകനും ഫോണിലേക്ക്‌ വിളിച്ചിരുന്നു. മൃതദേഹത്തിനു സമീപത്തുനിന്ന്‌ ഫോൺ ലഭിക്കാതിരുന്നതോടെ സംശയം തോന്നിയ പൊലീസ്‌ കോൾലിസ്‌റ്റ്‌ പരിശോധിച്ചു. വീട്ടിൽനിന്ന്‌ ഇറങ്ങുന്നതിനുതൊട്ടുമുമ്പുവന്ന കോൾ എൽദോ പി ജോയിയുടെതാണെന്ന്‌ കണ്ടെത്തി. എൽദോയുടെ പക്കൽനിന്ന്‌ പണം വാങ്ങാൻ പോകുന്ന വിവരം എൽദോസ്‌ പറഞ്ഞത്‌ ടിമിയിൽനിന്ന്‌ പൊലീസ്‌ സ്ഥിരീകരിച്ചു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത്‌ എത്തിയ എൽദോ പി ജോയി അവിടെയെത്തിയ പലരോടും രണ്ടുലക്ഷം രൂപ എൽദോസിന്‌ നൽകിയെന്ന്‌ അവകാശപ്പെട്ട വിവരവും അന്വേഷണത്തിനിടെ പൊലീസ്‌ മനസ്സിലാക്കി. മൃതദേഹത്തിൽനിന്നോ സ്‌കൂട്ടറിൽനിന്നോ പണം ലഭിക്കാതിരുന്നത്‌ പൊലീസിന്റെ സംശയം വർധിപ്പിച്ചു. ബുധനാഴ്‌ച കസ്‌റ്റഡിയിലെടുത്ത എൽദോയെയും കുടുംബത്തെയും വിശദമായി ചോദ്യം ചെയ്‌തതോടെയാണ്‌ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്‌. എൽദോസ് പോളിന് നൽകിയെന്നു പറഞ്ഞ പണത്തിന്റെ ഉറവിടം പൊലീസിനുമുന്നിൽ ഹാജരാക്കാൻ പ്രതികൾക്കായില്ല.

കൊലപാതകം നടത്തിയ രീതിയും മൃതദേഹവും സ്‌കൂട്ടറും ഉപേക്ഷിച്ചവിധവും മൊബൈൽ ഫോണും മഴുക്കൈയും നശിപ്പിച്ചതും തെളിവെടുപ്പിനിടെ എൽദോയും ജോയിയും മോളിയും വിശദീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top