20 April Saturday

സ്റ്റുഡിയോ ഉടമയുടെ കൊലപാതകം : യൂത്ത് കോൺഗ്രസ് നേതാവും മാതാപിതാക്കളും റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021


കോതമംഗലം
ചേലാട് സെവൻ ആർട്സ് ഉടമ നിരവത്തുകണ്ടത്തില്‍ എല്‍ദോസ് പോളിനെ (42)  കൊലപ്പെടുത്തി കനാൽ പരിസരത്ത്‌ തള്ളിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവും മാതാപിതാക്കളും റിമാൻഡിൽ. യൂത്ത് കോൺഗ്രസ് പിണ്ടിമന മണ്ഡലം ജനറൽ സെക്രട്ടറി പുത്തന്‍പുരക്കല്‍ എൽദോ പി  ജോയി (കൊച്ചാപ്പ–-27), അച്ഛൻ ജോയി (58), അമ്മ മോളി (55) എന്നിവരെയാണ് കോതമംഗലം പൊലീസ്‌ കഴിഞ്ഞദിവസം അറസ്‌റ്റ്‌ ചെയ്‌തത്‌.

തിങ്കളാഴ്‌ച പ്രഭാതസവാരിക്കിറങ്ങിയവരാണ് ചേലാട് ചെങ്കര പെരിയാര്‍വാലി ഹൈലെവല്‍ കനാലിന്റെ തീരത്ത് സ്കൂട്ടറിനടിയിൽ എൽദോസിന്റെ മൃതദേഹം കണ്ടത്. ഞായർ രാത്രി മൊബൈലില്‍ കോള്‍ വന്നതിനെത്തുടര്‍ന്ന്‌ വീട്ടില്‍നിന്ന്‌ ഇറങ്ങിയതായിരുന്നു എൽദോസ്‌. മൃതദേഹത്തിനു സമീപത്തുനിന്ന്‌ മൊബൈല്‍ ഫോൺ ലഭിക്കാത്തതിനെ തുടർന്ന് കോൾലിസ്റ്റ് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക്‌ എത്തിച്ചത്‌.

പ്രതി എൽദോ പി ജോയി  കൊല്ലപ്പെട്ട എൽദോസിന്റെ പക്കൽനിന്ന്‌ മൂന്നുലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതിൽ രണ്ടുലക്ഷം രൂപ തരാമെന്നുപറഞ്ഞ് ഞായർ രാത്രി 10.30ന് എൽദോസിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മഴുക്കൈകൊണ്ട് തലയ്‌ക്കടിച്ച് വീഴ്ത്തുകയായിരുന്നു. അടിയേറ്റുവീണ എല്‍ദോസ് തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് എൽദോയും അച്ഛൻ ജോയിയും മൃതദേഹം എല്‍ദോസിന്റെ സ്‌കൂട്ടറില്‍ ഇരുവരുടെയും നടുക്കിരുത്തി കനാലിന്റെ തീരത്ത് ഉപേക്ഷിച്ചു. അപകടമാണെന്ന്‌ തെറ്റിദ്ധരിപ്പിക്കാൻ സ്‌കൂട്ടർ മൃതദേഹത്തിനു മുകളിലേക്ക്‌ തള്ളിയിട്ടു.

മരിച്ച എല്‍ദോസിന്റെ മൊബൈൽ ഫോണും തലയ്ക്കടിക്കാൻ ഉപയോഗിച്ച മഴുക്കൈയും തീയിട്ട് നശിപ്പിച്ചത്‌ മോളിയാണെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തി. അമ്മിക്കല്ലിൽ ഇടിച്ചുപൊട്ടിച്ചശേഷമാണ്‌ ഫോൺ കത്തിച്ചത്‌. ഇതിന്റെ അവശിഷ്ടങ്ങൾ തെളിവെടുപ്പിനിടെ വീട്ടുപരിസരത്തുനിന്ന്‌ പ്രതികൾ പൊലീസിന്‌ എടുത്തുനൽകി. ജില്ലാ പൊലീസ് മേധാവി കെ  കാര്‍ത്തിക്, ഡിവൈഎസ്‌പി മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർമാരായ ബേസില്‍ തോമസ്, നോബിള്‍ മാനുവല്‍, കെ ജെ പീറ്റര്‍, എസ്ഐ മാഹിന്‍ സലിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എൽദോസിന്റെ സംസ്കാരം നടത്തി. ഭാര്യ: ടിമി തോമസ് (നഴ്‌സ്‌, ഇസ്രയേൽ). മക്കൾ: ഏദൽ മരിയ, അഭിഷേക് പോൾ, ആഷിക് പോൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top