04 August Tuesday
72 പേർക്കുകൂടി രോഗം

രോഗികളുടെ എണ്ണം അഞ്ഞൂറിലേ‌ക്ക്‌

സ്വന്തം ലേഖകൻUpdated: Thursday Jul 16, 2020

കൊച്ചി > ജില്ലയിലെ കോവിഡ്‌ രോഗികളുടെ എണ്ണം അഞ്ഞൂറിലേക്ക്‌ അടുക്കുന്നു. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 474 ആയി.
എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ 165 പേരും അങ്കമാലി അഡ്‌ലക്‌സിൽ 232 പേരും സിയാൽ എഫ്എൽസിടിസിയിൽ 72 പേരും ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ രണ്ടുപേരും സ്വകാര്യ ആശുപത്രിയിൽ മൂന്നുപേരും ചികിത്സയിലുണ്ട്. രോഗികളിൽ 65 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം പകർന്നത്‌.

പഞ്ചായത്തുകളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്‌ സെന്ററുകൾ

കോവിഡ് ചികിത്സയ്ക്കായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്‌ സെന്ററുകൾ സ്ഥാപിക്കും. ഓരോ പഞ്ചായത്തിലും എഫ്എൽടിസികൾ ആരംഭിക്കണമെന്ന് കലക്ടർ എസ്‌ സുഹാസ്‌ നിർദേശം നൽകി. പഞ്ചായത്തുകളിൽ ശരാശരി 100 പേർക്കുള്ള എഫ്എൽടിസിയും ഓരോ നഗരസഭ ഡിവിഷനിലും ശരാശരി 50 പേർക്ക് താമസിക്കാവുന്ന എഫ്എൽടിസികളും സജ്ജമാക്കും. 

ഓരോ പഞ്ചായത്തിലും കോവിഡ് മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കും. പഞ്ചായത്തുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കും. എഫ്എൽടിസികളിൽ ടെലി മെഡിസിൻ സംവിധാനവും സ്വാബ് കലക്‌ഷൻ സെന്ററും പ്രവർത്തിക്കും.

വൃത്തിയുള്ള മുറികൾ, ശുചിമുറികൾ, ഭക്ഷണം, ശുദ്ധജലം എന്നിവ ഉറപ്പാക്കണം. കട്ടിൽ, ബെഡ്, പാത്രങ്ങൾ, ബക്കറ്റ്, കപ്പ്‌ തുടങ്ങിയവ  ക്രമീകരിക്കണം. ഓരോ പഞ്ചായത്തിലും ഒന്നിലധികം ഡബിൾ ചേംബർ വാഹനങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കണം‌.

കീം പരീക്ഷയിൽ കോവിഡ് പ്രോട്ടോകോൾ

വ്യാഴാഴ്‌ച നടക്കുന്ന കീം പ്രവേശന പരീക്ഷാ കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പൊലീസിന്റെ സാന്നിധ്യമുണ്ടാകും.

പരീക്ഷാ കേന്ദ്രങ്ങൾ പരീക്ഷയ്ക്ക് മുമ്പും ശേഷവും അണുവിമുക്തമാക്കാൻ ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിന് നിർദേശം നൽകി. സാമൂഹ്യ അകലം പാലിക്കുന്നതിനും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തും.

കണ്ടെയ്‌ൻമെന്റ് സോണുകളിൽനിന്നുള്ളവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പ്രത്യേക മുറികളിലായിരിക്കും പരീക്ഷ. കേന്ദ്രങ്ങളിലേക്ക് പ്രത്യേക സർവീസ് നടത്തുന്നതിന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് നിർദേശം നൽകി. രക്ഷിതാക്കൾ കൂട്ടംകൂടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണം. ഇവർക്ക്‌ വിശ്രമിക്കാൻ  നഗരസഭ/പഞ്ചായത്ത് പരിധിയിലെ ഹാളുകളോ കെട്ടിടങ്ങളോ തുറന്നുനൽകാൻ കലക്ടർ നിർദേശിച്ചിട്ടുണ്ട്‌.

രോഗം സ്ഥിരീകരിച്ചവർ
വിദേശത്ത്/ ഇതരസംസ്ഥാനത്തുനിന്ന്‌ വന്നവർ
• ഖത്തറിൽനിന്നെത്തിയ വരാപ്പുഴ സ്വദേശി (31)
• മുംബൈയിൽനിന്നെത്തിയ ഗുജറാത്ത് സ്വദേശി (30) 
• ഹൈദരാബാദിൽനിന്നെത്തിയ ഗുജറാത്ത് സ്വദേശി (29)
• ദമാമിൽനിന്നെത്തിയ അശമന്നൂർ സ്വദേശി (38)
• മുംബൈയിൽനിന്നെത്തിയ മഹാരാഷ്ട്ര സ്വദേശി (45)
• ഒഡിഷയിൽനിന്നെത്തിയ ഒഡിഷ സ്വദേശി (26)
• ഡൽഹിയിൽനിന്നെത്തിയ ഉത്തർപ്രദേശ് സ്വദേശി (22) 
 

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ
• 39 ചെല്ലാനം സ്വദേശികൾക്ക്‌ രോഗം. ഇവരെല്ലാവരും നേരത്തെ രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശികളുടെ സമ്പർക്കപട്ടികയിലുള്ളവർ
 • ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യസംസ്കരണ യൂണിറ്റിലെ ജീവനക്കാരനായ തോപ്പുംപടി സ്വദേശി  (53),   42, 75 വയസ്സുള്ള കുടുംബാംഗങ്ങൾ
 • ആലുവ ക്ലസ്റ്ററിൽനിന്ന്‌ 12 പേർക്ക്
 • പാറക്കടവ് സ്വദേശി (75).
 • കീഴ്മാട് ക്ലസ്റ്ററിൽനിന്ന്‌ സമ്പർക്കം വഴി രോഗം പിടിപെട്ട രണ്ടു കവളങ്ങാട് സ്വദേശികൾക്കും ഒരു കീഴ്മാട് സ്വദേശിക്കും
 •  മ‌രിച്ച രായമംഗലം സ്വദേശിയുടെ 12, 16, 50, 69, 45 വയസ്സുള്ള കുടുംബാംഗങ്ങൾ
 • എടത്തല  സ്വദേശിനിക്ക് (29) രോഗം.  മാതാപിതാക്കൾക്ക് മുമ്പ്‌ രോഗം സ്ഥിരീകരിച്ചിരുന്നു
 • എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരുന്ന തൃപ്പൂണിത്തുറ സ്വദേശിയായ ഡോക്ടർക്കും (62)
 

ഒരാൾക്ക്‌ രോഗമുക്തി
• ഐഎൻഎച്ച്എസ് സഞ്‌ജീവനിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരു നാവികൻ രോഗമുക്തി നേടി.
 

1267 പേർ നിരീക്ഷണത്തിൽ
• 1267 പേരെക്കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി.  570 പേരെ ഒഴിവാക്കി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 14,411. 12,789 പേർ വീടുകളിലും 206 പേർ കോവിഡ് കെയർ സെന്ററുകളിലും 1416 പേർ പണം കൊടുത്ത്‌ ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• 69 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിന്‌ പ്രവേശിപ്പിച്ചു.   29 പേരെ ഡിസ്ചാർജ് ചെയ്തു. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 470.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top