29 March Friday

മഴക്കെടുതി; ദുരിതാശ്വാസക്യാമ്പ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

ശക്തമായ മഴയിൽ ഇരുമ്പിച്ചി കവലയ്ക്കുസമീപം കൂറ്റൻ വൃക്ഷം മറിഞ്ഞ് 
കാറിനുമുകളിൽ വീണപ്പോൾ

കൊച്ചി> ശക്തമായ വേനൽമഴയിൽ ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളം കയറി. മരം വീണ്‌ വീടുകൾക്ക്‌ നാശം. രണ്ടു ദുരിതാശ്വാസക്യാമ്പ്‌ തുറന്നു. വെള്ളക്കെട്ടുണ്ടായ എളംകുളം പി ആൻഡ് ടി കോളനിയിലെ ഏഴു കുടുംബങ്ങളെ കടവന്ത്ര കേന്ദ്രീയവിദ്യാലയത്തിലെ ക്യാമ്പിലേക്ക് മാറ്റി. തൃക്കാക്കര ഹിൽവാലി സ്‌കൂളിലെ ക്യാമ്പിൽ രണ്ടു കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു.   കലാഭവനിൽ വെള്ളം കയറി സംഗീതോപകരണങ്ങൾ നശിച്ചു.

ഉളിയന്നൂരിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ആലുവ അഗ്നി രക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി. ഏലൂരിൽ പുലർച്ചെ വേലിയേറ്റവും മഴയും കാരണം ഒന്നരമീറ്റർ വെള്ളം ഉയർന്നു. ഏലൂർ ഫെറി, മഞ്ഞുമ്മൽ ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി. മഞ്ഞുമ്മലിൽ 110–-ാംനമ്പർ റേഷൻകടയിൽ വെള്ളം കയറി അരി, ഗോതമ്പ് എന്നിവ വെള്ളത്തിലായി. മഞ്ഞുമ്മൽ ശങ്കർ ഫാർമസിക്കടുത്ത് കിണർ ഇടിഞ്ഞുതാഴ്‌ന്നു.

പറവൂർ നഗരസഭ ഒന്നാംവാർഡിൽ വൃന്ദാവൻ ബസ് സ്റ്റോപ്പിനുസമീപത്തെ മരം ആലപ്പാട് വർഗീസിന്റെ വീടിനുമുകളിലേക്ക് വീണു. ചിറ്റാറ്റുകര ഏഴാംവാർഡിൽ കളപ്പുരക്കൽ കെ കെ സുലോചനയുടെ വീടിന്റെ മേൽക്കൂരയിലേക്ക് മരം വീണു.  കുന്നുകര പഞ്ചായത്തിൽ പൂമംഗലത്ത് സുബാ സൈഗന്റെ വീടിനുസമീപത്തെ തിട്ടയിൽനിന്ന്‌ മണ്ണ് ഇടിഞ്ഞുവീണു. വീടിന് നാശമില്ല. എളങ്കുന്നപ്പുഴയിൽ മരം റോഡിലേക്ക് മറിഞ്ഞ് ഗതാഗത തടസ്സമുണ്ടായി. അഗ്നി രക്ഷാസേന മരം മുറിച്ചുമാറ്റി.

എടത്തല തേവർപറമ്പിൽ ഷംസുവിന്റെ വീട്ടിലെ പോർച്ചിൽ നിർത്തിയിട്ട കാറിലേക്ക് ആറടി ഉയരമുള്ള മതിൽ വീണു. പെരുമ്പാവൂർ അഗ്നി രക്ഷാസേന മതിൽ നീക്കി കാർ പുറത്തെടുത്തു. പാടത്തിക്കര–-പിണർമുണ്ട–- ഇൻഫോപാർക്ക് റോഡിൽ പിണർമുണ്ട മുസ്ലിംപള്ളിക്കുസമീപത്ത് റോഡ് ഇടിഞ്ഞു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top