കൊച്ചി
ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരത്തിലെ വീടുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ നഗരസഭ ക്ലീൻ കേരള കമ്പനിക്ക് കൈമാറിത്തുടങ്ങി. സർക്കാർ നിശ്ചയിച്ച നിരക്കുപ്രകാരമാണിത്.ജൈവമാലിന്യങ്ങൾ ഒഴികെയുള്ള മാലിന്യങ്ങളൊന്നും ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലേക്ക് കൊണ്ടുപോകില്ലെന്ന് തീരുമാനിച്ചിരുന്നു.
തിങ്കളാഴ്ച ചേർന്ന അടിയന്തര കൗൺസിലിൽ മാലിന്യത്തിന്റെ ശാസ്ത്രീയവും വികേന്ദ്രീകൃതവുമായ സംസ്കരണം ഉറപ്പാക്കാനുള്ള കർമപദ്ധതിപ്രകാരമുള്ള പ്രവർത്തന കലണ്ടറും നഗരസഭ തയ്യാറാക്കി. കലണ്ടറിൽ പ്രഖ്യാപിച്ച തീയതിയിൽ തന്നെയാണ് അജൈവമാലിന്യം ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറിത്തുടങ്ങിയത്. വീടുകളിൽനിന്ന് ജൈവ–-അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഹരിതകർമസേനയ്ക്കാണ്. കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്ന് കൊച്ചിയിൽ രൂപീകരിക്കുന്ന ഹരിതകർമസേന അംഗങ്ങളുടെ പരിശീലനം മുപ്പത്തൊന്നിനകം പൂർത്തിയാക്കും. ഏപ്രിൽ ഒന്നുമുതൽ വീടുകളിൽനിന്ന് ഹരിതകർമസേനയാകും ജൈവ–-അജൈവ മാലിന്യങ്ങൾ ശേഖരിക്കുക. അതുവരെ നിലവിലെ സംവിധാനം ഉപയോഗപ്പെടുത്തിത്തന്നെയാകും മാലിന്യശേഖരണം നടത്തുക. നഗരസഭ ഒരുക്കുന്ന എംസിഎഫുകളിൽനിന്നും നഗരസഭയുടെ കലക്‌ഷൻ കേന്ദ്രങ്ങളിൽനിന്നുമായിരിക്കും ക്ലീൻ കേരള കമ്പനി അജൈവമാലിന്യങ്ങൾ ശേഖരിക്കുക.
ബുധനാഴ്ച ഇടപ്പള്ളി 37–--ാംഡിവിഷനിലെ നഗസഭയുടെ മാലിന്യ കലക്‌ഷൻ പോയിന്റിൽനിന്നുമാണ് മൂന്ന് ടണ്ണിലധികം അജൈവമാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. മേയർ എം അനിൽകുമാർ ഫ്ലാഗ്ഓഫ് ചെയ്തു. കൗൺസിലർ ദീപാവർമ, ക്ലീൻ കേരള കമ്പനി ഡിസ്ട്രിക്ട് മാനേജർ പി വി ഗ്രീഷ്മ, റിസോഴ്സ് പേഴ്സൺ ഡി പി ശശിധരൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..