പെരുമ്പാവൂർ
വെങ്ങോല പഞ്ചായത്തിലെ അറയ്ക്കപ്പടി ചെറുപാറത്തോടിൽ തടയണയുടെ നിർമാണം പൂർത്തിയായി. ജലസേചനവകുപ്പിൽനിന്ന് അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. കുമ്പനോട് പെരിയാർവാലി കനാലും വെങ്കിട്ടപാടം തോടും ചേരുന്ന ചെറുപാറത്തോടിലാണ് തടയണ നിർമിച്ചത്. ഇതോടെ ഓണംവേലി, വട്ടത്തറ ഭാഗങ്ങളിലെ 150 ഏക്കർ സ്ഥലത്തെ കൃഷിക്കും കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും.
ആധുനിക സാങ്കേതികവിദ്യപ്രകാരമുള്ള ഫൈബർ റെയിൽ ഫോഴ്സ്ഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് 12 ഷട്ടറുകളാണ് തടയണയിൽ ഘടിപ്പിച്ചത്. ഓരോന്നിനും 25 കിലോവീതം തൂക്കമുണ്ട്. തോട് 130 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ചെയ്തും കരിങ്കൽ സംരക്ഷണഭിത്തിയുടെ ജോലിയും ഓണംവേലി കുളത്തിലേക്കുള്ള കാനയുടെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി. വെങ്ങോല പഞ്ചായത്ത് അറക്കപ്പടി വാർഡ് അംഗം എം പി സുരേഷ് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് നൽകിയ നിവേദനത്തെത്തുടർന്നാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..