25 April Thursday

ഐടി‌ക്ക്‌ ബിഗ്‌ ‘ഷേക്ക്‌ഹാൻഡ്’‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021


കൊച്ചി
ഐടി മേഖലയ്‌ക്കും സ്‌റ്റാർട്ടപ്പുകൾക്കും ബജറ്റിൽ വൻ പിന്തുണ ലഭിച്ചതോടെ കൊച്ചി കൂടുതൽ ഹൈടെക്കാകുന്നു. സ്‌റ്റാർട്‌ അപ്പുകളുടെയും ഐടിയുടെയും ഹബ്ബായ കൊച്ചിയിൽ അടിമുടിമാറ്റങ്ങളാണ്‌ വരുംവർഷങ്ങളിൽ എൽഡിഎഫ്‌ സർക്കാർ വിഭാവനം ചെയ്‌തിരിക്കുന്നത്‌. ഭാവി മുൻകൂട്ടി കണ്ടുള്ള പദ്ധതികളിൽ നിരവധി തൊഴിലവസരങ്ങളാണ്‌ പുതുതലമുറയെ കാത്തിരിക്കുന്നത്‌. 

ഇന്നവേഷൻ സോൺ കൂടുതൽ സ്‌മാർട്ട്‌‌
സ്റ്റാർട്ട് അപ് മിഷന്റെ ആഭിമുഖ്യത്തിൽ കൊച്ചി കിൻഫ്ര ഹൈടെക് പാർക്കിൽ ആരംഭിച്ച ടെക്നോളജി ഇന്നവേഷൻ സോൺ കൂടുതൽ ശക്തിപ്പെടുത്തും. കഴിഞ്ഞവർഷം സ്ഥാപിച്ച ഈ സംവിധാനത്തിന്‌ 10 കോടി രൂപയാണ്‌ ബജറ്റ് സമ്മാനിച്ചത്‌‌‌. ഭാവി സാങ്കേതികവിദ്യകൾ പ്രാപ്‌തമാക്കുന്ന ഫ്യൂച്ചർ ലാബ്‌ ഈ വർഷം യാഥാർഥ്യമാകും. സ്‌റ്റാർട്ടപ്പുകളുമായി എത്തുന്നവർക്ക്‌ താമസ സൗകര്യവും ഉടൻ ലഭ്യമാക്കും. നൂറിലധികംപേർക്ക്‌ താമസ സൗകര്യമൊരുക്കും.

സ്റ്റാർട്ട് അപ്പ് റാങ്കിങ്ങിൽ ശക്തമായ പ്രോത്സാഹനാന്തരീക്ഷം സൃഷ്ടിച്ച്‌ ദേശീയതലത്തിൽ കേരളം കഴിഞ്ഞ രണ്ടു വർഷമായി ഏറെ മുന്നിലാണ്‌. കേരള ബാങ്ക്, കെഎസ്ഐഡിസി, കെഎഫ്സി, കെഎസ്എഫ്ഇ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി ഒരു വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിന് രൂപം നൽകാൻ തിരുമാനിച്ചത്‌ സ്‌റ്റാർട്ട്‌ അപ്പുകൾക്ക്‌ കൂടുതൽ ഗുണം ചെയ്യുമെന്ന്‌ ടെക്കികൾ തന്നെ പറയുന്നു. 20,000 പേർക്ക് തൊഴിൽ ലഭിക്കുന്ന 2500 സ്റ്റാർട്ടപ്പുകൾ 2021-–-22ൽ ആരംഭിക്കുമ്പോൾ കൊച്ചിയുടെ പ്രാതിനിധ്യം കൂടുതൽ വർധിക്കും‌.

കേരളത്തിലെ സ്റ്റാർട്ട് അപ്പുകളുടെ അന്തർദേശീയ കമ്പോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്‌ പ്രത്യേക പരിപാടിക്കു സർക്കാർ രൂപം നൽകുന്നുണ്ട്‌. വിദേശ സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും വിദേശ കമ്പനികളും സംഘടനകളുമായി ബന്ധപ്പെട്ടുകൊണ്ട് 10 അന്താരാഷ്‌ട്ര ഡെസ്റ്റിനേഷൻ ലോഞ്ച് പാഡുകൾ സ്ഥാപിക്കും.

എന്റർപ്രണർഷിപ് ഡെവലപ്‌മെന്റ് പരിപാടി, സ്റ്റാർട്ട് അപ്പുകളുടെ ഇൻക്യുബേഷൻ, ആക്സിലറേഷൻ, ഉൽപ്പന്നങ്ങളുടെ വികസനവും മാർക്കറ്റിങും, സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ട് അപ്പുകൾക്കുള്ള പ്രോത്സാഹന പരിപാടി എന്നിവയ്ക്കായി 59 കോടിയും വകയിരുത്തിയിട്ടുണ്ട്‌. സ്റ്റാർട്ട് അപ്പുകൾക്കായി വെർച്വൽ മെന്ററിങ്‌ പ്ലാറ്റ്ഫോമും സ്ഥാപിക്കും.

തളരില്ല, കുതിച്ചുയരും
കോവിഡ്‌ പ്രതിസന്ധിയിൽ തളരാത്ത ഐടി മേഖല ബജറ്റ്‌ കരുത്തിൽ കൂടുതൽ കുതിച്ചുചാട്ടത്തിന്‌ ഒരുങ്ങുകയാണ്‌. ഇൻഫോപാർക്കിന് 36 കോടിയാണ്‌ നീക്കിവച്ചത്‌. കൂടുതൽ സ്ഥലം ലഭ്യമാക്കി ഇൻഫോപാർക്ക്‌ വിപുലീകരിക്കും. കിഫ്ബി പിന്തുണയോടെ 4.6 ലക്ഷം ചതുരശ്രയടിയുടെ തൊഴിൽ സമുച്ചയം 2021-–-22ൽ ഉദ്ഘാടനം ചെയ്യും.

കോവിഡ് പ്രതിസന്ധികൾക്കിടയിലും ഇൻഫോപാർക്കിൽ 2000 പേർക്ക് ജോലി നൽകുന്ന 40 കമ്പനികൾ ആരംഭിക്കാൻ സാധിച്ചിരുന്നു. ഇതിൽ പ്രധാനം അമേരിക്കയിലെ ഓർത്തോ എഫക്ട്സ് എന്ന ഡെന്റൽ കമ്പനിയാണ്. കൊച്ചിയിൽ ക്ലേസീസ് ടെക്നോളജീസ്, മീഡിയാ സിസ്റ്റംസ് സോഫ്റ്റ് സൊല്യൂഷൻസ്, കാസ്പിയൻ ടെക്സ്പാർക്ക്, ഐബിഎസ് സോഫ്റ്റ്‌വെയർ സർവീസസ് എന്നീ കമ്പനികളുടെ പാർക്കുകളുടെ നിർമാണം വേഗതയിൽ പുരോഗമിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top