ആലുവ
റെയിൽവേ സ്‌റ്റേഷനുസമീപം വയോധികനെ മർദിച്ച് സ്വർണവും പണവും കവർന്ന കേസിൽ മൂന്നുപേർ പിടിയിൽ. ചിറ്റൂർ കോളനിക്കൽ ലിജി (39), ഇടപ്പള്ളി മരോട്ടിച്ചുവട് എറുക്കാട്ട് പറമ്പിൽ ചന്ദ്രൻ (56), കൂനംതൈ നെരിയങ്ങോട് പറമ്പിൽ പ്രവീൺ (43) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ കാതികുടം സ്വദേശി ജോസിനാണ് (76) മർദനമേറ്റത്. ലിജിയുടെ ക്വാട്ടേഷൻപ്രകാരമാണ് ചന്ദ്രനും പ്രവീണും ജോസിനെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു.
ചിറ്റൂരിൽ ലിജിയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ ജോസ് വാടകയ്ക്ക് താമസിച്ചിരുന്നു. പുതിയ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കാമെന്നുപറഞ്ഞ് ലിജി ആലുവ കെഎസ്ആർടിസി സ്റ്റാൻഡിനുസമീപത്തെ ഒഴിഞ്ഞകെട്ടിടത്തിൽ ജോസിനെ എത്തിച്ചു. തുടർന്ന് ഭക്ഷണം വാങ്ങിവരാമെന്ന വ്യാജേന ലിജി പുറത്തേക്ക് പോയി. ഈസമയം ചന്ദ്രനും പ്രവീണും ചേർന്ന് ജോസിനെ മർദിച്ച് അഞ്ചരപ്പവൻ മാലയും മൊബൈൽ ഫോണും പണവും കവർന്നു.
പ്രതികൾ ഒളിവിൽ പോയി. ലിജിയുടെ മൊബൈൽ ഫോൺ ഓഫായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ലിജിയെ ആലുവയിൽനിന്നും ചന്ദ്രനെയും പ്രവീണിനെയും ഇടപ്പള്ളിയിൽനിന്നുമാണ് പിടികൂടിയത്. ജോസിന്റെ കൈവശം എപ്പോഴും കൂടുതൽ പണമുണ്ടാകുമെന്നും ഇത് തട്ടിയെടുക്കുകയായിരുന്നു ഉദ്ദേശ്യമെന്നും ലിജി പൊലീസിനോട് പറഞ്ഞു. ലിജി 10,000 രൂപയ്ക്കാണ് ജോസിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതെന്നും പൊലീസ് അറിയിച്ചു. ഡിവൈഎസ്‌പി പി പ്രസാദ്, ആലുവ എസ്എച്ച്ഒ എം എം മഞ്ജുദാസ്, എസ്ഐമാരായ എസ് എസ് ശ്രീലാൽ, പി ടി ലിജിമോൾ, ജി എസ് അരുൺ തുടങ്ങിയവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..