മൂവാറ്റുപുഴ
ആയവന ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ സ്ഥലം വാങ്ങുന്നതിന് ഭരണാനുമതിയായതായി ആയവന പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ കടയ്ക്കോട്ട് അറിയിച്ചു. ഏനാനെല്ലൂർ വില്ലേജിൽ ഉൾപ്പെട്ട ആയവന പാലിയത്ത് പി ജെ ജയിംസിന്റെ ഉടമസ്ഥതയിലുള്ള മൂന്നേക്കർ ഏറ്റെടുക്കുന്നതിനാണ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.
ടെക്നിക്കൽ സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ സ്ഥലം വാങ്ങണമെന്ന് ആയവന പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിരുന്നു. തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അംഗങ്ങളായ എം എസ് ഭാസ്‌കരൻനായർ, ജോളി വാമറ്റം, ജോസ് പൊട്ടമ്പുഴ എന്നിവർ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന് നാലുമാസംമുമ്പ് നിവേദനം നൽകിയിരുന്നു.
മുപ്പത്തഞ്ച് വർഷംമുമ്പാണ് സ്‌കൂൾ ആരംഭിച്ചത്. ആയവന പള്ളിത്താഴത്തുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വാടക കെട്ടിടത്തിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽനിന്ന് ആറുവർഷംമുമ്പ് മാറ്റി കാരിമറ്റം ഗവ. എൽപി സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗത്താണ് പ്രവർത്തിക്കുന്നത്. പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളിൽ 35 വിദ്യാർഥികളുണ്ട്. സ്വന്തമായി കെട്ടിടവും സൗകര്യങ്ങളും വരുന്നതോടെ കൂടുതൽ വിദ്യാർഥികൾ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..