24 April Wednesday
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷസ്ഥാനം

എൽഡിഎഫിന്‌ നേട്ടം, ട്വന്റി–-ട്വന്റിക്ക്‌ പരാജയം

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021


വാഴക്കുളം
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ നേട്ടം. വികസനകാര്യ സ്ഥിരംസമിതി ചെയർമാനായി എൽഡിഎഫിലെ സിപിഐ അംഗം അസീസ് മൂലയിൽ തെരഞ്ഞെടുക്കപ്പെട്ടു. തുല്യവോട്ട് വന്നതിനെത്തുടർന്ന് നറുക്കെടുപ്പിലൂടെയാണ് അസീസ് ചെയർമാനായത്. ട്വന്റി–-ട്വന്റിയുടെ സ്ഥാനാർഥി ലാലൻ കെ മാത്യൂസ് പരാജയപ്പെട്ടു.

സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫ്–- ട്വന്റി ട്വന്റി സഖ്യമാണ് എൽഡിഎഫിനെതിരെ മത്സരിച്ചത്. എന്നാൽ, ട്വന്റി–-ട്വന്റിയുടെ പരിചയക്കുറവ് യുഡിഎഫ് മുതലാക്കി. യുഡിഎഫുമായി സഖ്യമുണ്ടാക്കിയെങ്കിലും ട്വന്റി–-ട്വന്റിക്ക്  സ്ഥിരംസമിതി അധ്യക്ഷസ്ഥാനങ്ങൾ ലഭിച്ചില്ല. കഴിഞ്ഞ ആഴ്ച വികസനകാര്യ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ആദ്യാംഗമായി ഷീജ പുളിക്കലിനെ ആറ് സീറ്റുള്ള എല്‍ഡിഎഫ് നിർദേശിച്ചു. ട്വന്റി–-ട്വന്റി സജ്‌ന നസീറിനെ നാമനിര്‍ദേശം ചെയ്‌തെങ്കിലും വനിതാ അംഗമാണെന്ന് അപേക്ഷാ ഫോമില്‍ എഴുതിയില്ല. ഒരുമിച്ചുനിന്നിട്ടും യുഡിഎഫ് ഇക്കാര്യം ബോധപൂർവം മറച്ചുവച്ചു. ഇതോടെ ഷീജ പുളിക്കൽ‌ സമിതി അംഗമായി.

സ്ഥിരംസമിതി ചെയർമാൻ തെരഞ്ഞെടുപ്പില്‍ ലാലന്‍ കെ മാത്യൂസിനെ യുഡിഎഫും സ്വന്തം പ്രതിനിധിയായി സജ്‌ന നസീറിനെ ട്വന്റി–-ട്വന്റിയും നോമിനേറ്റ് ചെയ്തു. ജനറൽ വിഭാഗത്തിൽ അവസരം വന്നപ്പോള്‍ എൽഡിഎഫ് അസീസ് മൂലയിലിനെയും വികസനകാര്യ സമിതി അംഗമാക്കി. ഇതോടെ രണ്ടുവീതം അംഗങ്ങളുമായി എല്‍ഡിഎഫും യുഡിഎഫ് -–- ട്വന്റി ട്വന്റി മുന്നണിയും തുല്യത പാലിച്ചതോടെ അധ്യക്ഷസ്ഥാനത്തേക്ക്‌ നറുക്കെടുപ്പ് വേണ്ടിവന്നു.  നറുക്കെടുപ്പില്‍ അസീസ് മൂലയില്‍ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായി യുഡിഎഫിലെ മുസ്ലിംലീഗ് അംഗം ആബിദ ഷെറീഫ്, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി ചെയർമാനായി യുഡിഎഫിലെ കോൺഗ്രസ് അംഗം ഷമീർ തുകൽ എന്നിവരെ തെരഞ്ഞെടുത്തു. ധനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുകൂടിയായ എൽഡിഎഫ്‌ അംഗം അജി ഹക്കിം ആണ്.  ഇതോടെ സ്ഥിരംസമിതി അധ്യക്ഷസ്ഥാനങ്ങളിൽ രണ്ടെണ്ണം എൽഡിഎഫിനും രണ്ടെണ്ണം യുഡിഎഫിനുമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top