26 April Friday

മത്സ്യത്തൊഴിലാളികള്‍ക്ക് ഫ്ലാറ്റ് : ഭൂമി വിട്ടുകിട്ടാനുള്ള നടപടി ഈമാസം പൂര്‍ത്തിയാക്കാൻ നിര്‍ദേശം

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021


കൊച്ചി
തീരദേശത്ത് വേലിയേറ്റരേഖയിൽനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പുനർഗേഹം പദ്ധതിയുടെ ഭാഗമായി ഫ്ലാറ്റ് നിർമിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാൻ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ കലക്ടർക്ക് നിർദേശം നൽകി. ഇതിനായി ചെല്ലാനം വില്ലേജിൽ കണ്ടെത്തിയ സർക്കാർ/സ്വകാര്യ ഭൂമികൾ വിട്ടുകിട്ടുന്നതിനുള്ള നടപടി 31നകം പൂർത്തിയാക്കണം. ജില്ലയിൽനിന്ന് 195 പേരെയാണ് പുനർഗേഹം പദ്ധതിയുടെ ഗുണഭോക്താക്കളായി  ജില്ലാതല അപ്രൂവൽ കമ്മിറ്റി അംഗീകരിച്ചത്. ഇതിൽ 33 ഗുണഭോക്താക്കൾ കണ്ടെത്തിയ സ്ഥലങ്ങളുടെ മാർക്കറ്റ് വിലയും ജില്ലാതല മോണിറ്ററിങ്‌ കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. ഇവരിൽ 16 ഗുണഭോക്താക്കൾ കണ്ടെത്തിയ സ്ഥലങ്ങളുടെയും ഒരു ഗുണഭോക്താവ് കണ്ടെത്തിയ വീടുൾപ്പെടെയുള്ള സ്ഥലത്തിന്റെയും  രജിസ്‌ട്രേഷൻ പൂർത്തിയായി.

ഇതിനായി 1,01,18,980 രൂപ ചെലവഴിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നൗഷർ ഖാൻ അറിയിച്ചു. 50 ഗുണഭോക്താക്കൾ കണ്ടെത്തിയ സ്ഥലങ്ങളുടെ രജിസ്‌ട്രേഷൻ മാർച്ചിനുള്ളിൽ പൂർത്തിയാക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടർ യോഗത്തിൽ അറിയിച്ചു. പദ്ധതിപ്രകാരം തെരഞ്ഞെടുത്ത 195 പേരിൽ നൂറിൽ താഴെപേരാണ് തീരദേശത്തുനിന്നു മാറിത്താമസിക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്. ഇതിൽ ഭൂരിഭാഗത്തിനും ഫ്ലാറ്റിലേക്ക് മാറാനാണ് താൽപ്പര്യം. ഫ്ലാറ്റ് നിർമിക്കുന്നതിന്‌ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. കലക്ടർ എസ് സുഹാസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നൗഷർ ഖാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top