23 April Tuesday

സ്വാതന്ത്ര്യസമര സേനാനികളുടെ സ്വന്തം കുരിശിങ്കല്‍ തറവാട്

എ എസ്‌ ജിബിനUpdated: Saturday Aug 13, 2022

ക്യാപ്റ്റൻ ലക്ഷ്മി കുരിശിങ്കൽ തറവാട്ടിലെത്തിയപ്പോൾ (ഫയൽ ചിത്രം)

കൊച്ചി
കൊച്ചിയിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന ഏടാണ് ​സ്വാതന്ത്ര്യസമര നേതാക്കളുടെയും സേനാനികളുടെയും സ്ഥിരം കേന്ദ്രമായിരുന്ന കുരിശിങ്കൽ തറവാട്. കുരിശിങ്കൽ തറവാട്ടിലെ കെ ജെ ബെർലിയുടെ നേതൃത്വത്തിലാണ് അമരാവതിക്കടുത്തുള്ള കുടുസ്സുമുറിക്കുമുന്നിൽ കോൺ​ഗ്രസി​ന്റെ ബോർഡ്‌ ഉയർന്നത്. പൊലീസുകാർ അതെടുത്ത് മാറ്റിയപ്പോൾ ‘വന്ദേമാതരം’ ക്ലബ് എന്ന ബോർഡ് പ്രത്യക്ഷപ്പെട്ടു. അയ്യായിരത്തിലധികം നോട്ടീസ് വിതരണം ചെയ്ത് കടപ്പുറത്തെ വെടിക്കുന്നിൽ യോഗം നടത്തിയെങ്കിലും 40 പേരാണ് പങ്കെടുത്തത്, അവരെ പൊലീസ് അടിച്ചോടിച്ചു.
സ്ത്രീകൾ സത്യഗ്രഹം നടത്തി കൊച്ചിയിലെ 12 കള്ളുഷാപ്പ് പൂട്ടിച്ചതറിഞ്ഞ് 1925 മാർച്ച് എട്ടിന് ​ഗാന്ധി ഫോർട്ട് കൊച്ചിയിലെത്തിയപ്പോള്‍ കെ ജെ ബെർലിയുടെ നേതൃത്വത്തിലുള്ള സംഘം ​ഗാന്ധിയെ അനുഗമിച്ചു. കൊച്ചുകടപ്പുറത്ത് നടന്ന യോഗം അയ്യായിരത്തിലധികം ബ്രിട്ടീഷ് പട്ടാളക്കാരാണ് നിരീക്ഷിച്ചത്. യോഗത്തിൽ ഗാന്ധിയുടെ അരികിലായിരുന്നു ബെർലി.
കെ ജെ ബെർലിയുടെ അനിയൻ കെ ജെ ഹർഷൽ രാഷ്ട്രീയത്തിൽ സജീവമായതോടെ ബെർലി ബിസിനസിലേക്ക്‌ ശ്രദ്ധയൂന്നി. 1937 മുതൽ 1962 വരെ മുനിസിപ്പൽ ചെയർമാനായിരുന്നു ഹർഷൽ. 1937ൽ മുനിസിപ്പൽ ചെയർമാനാകുമ്പോൾ കോൺഗ്രസ് ടിക്കറ്റ് നൽകാനെത്തിയത് ഇ എം എസായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി നിയമനിഷേധ സമരത്തിന് നേതൃത്വം നൽകിയ ഹർഷലിനെ ശിക്ഷിക്കാൻ ബ്രിട്ടീഷ് കൊച്ചിയിലാദ്യമായി കോടതി രാവിലെ എട്ടിന് ചേർന്നു. ജനസമ്മതനായ നേതാവിനെതിരെയുള്ള നടപടി ജനരോഷത്തിനിടയാക്കുമെന്ന് ഭയന്നായിരുന്നു ബ്രിട്ടീഷുകാരുടെ നീക്കം.
എ കെ ജിക്കും സുഭാഷ് ചന്ദ്രബോസിന്റെ നിർദേശാനുസരണം 1945ൽ ഫണ്ട് പിരിക്കാനെത്തിയ ക്യാപ്റ്റൻ ലക്ഷ്മിക്കും ഈ തറവാട്‌ ആതിഥ്യമരുളി. വിഖ്യാതമായ ബാരക്ക് തീവയ്‌പുകേസിൽ ബ്രിട്ടീഷുകാർ ജയിലിൽ തള്ളിയ ഫോർട്ട്‌ കൊച്ചിക്കാരൻ കെ ജെ ഏണസ്റ്റും കുരിശിങ്കൽ തറവാട്ടുകാരനാണ്. ബെർലിയുടെ സഹോദരനായിരുന്നു അദ്ദേഹം. ബെർലിയുടെയും ഹർഷലിന്റെയും ഏർണസ്റ്റിന്റെയും അച്ഛൻ കെ ബി ജേക്കബ് ഫോർട്ട്‌ കൊച്ചിയിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുനിസിപ്പൽ ചെയർമാനായിരുന്നു. കെ ബി ജേക്കബ്ബിന് ഏഴ് മക്കളാണ്. ഇതിൽ കെ ജെ ക്ലീറ്റസ്, കെ ജെ ലൂയിസ്  എന്നിവർക്കും ദേശീയ പ്രസ്ഥാനവുമായി ബന്ധമുണ്ട്‌. ഡച്ചുകാരുടെ കാലത്ത് പണികഴിപ്പിച്ച കുരിശിങ്കൽ തറവാട്ടിൽ ഇപ്പോൾ താമസമില്ല. ബെർലിയുടെ മകൻ തോമസ് ബെർലി തറവാടിനടുത്താണ് താമസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top