29 March Friday

മരിച്ചത്‌ ജയചന്ദ്രൻ, സർട്ടിഫിക്കറ്റിൽ മേരി ലോറൻസ്‌; താറുമാറായി കൊച്ചി കോർപറേഷൻ

ശ്രീരാജ‌് ഓണക്കൂർUpdated: Saturday Sep 12, 2020


കൊച്ചി > പുരുഷന്റെ മരണസർട്ടിഫിക്കറ്റിന്‌ അപേക്ഷിച്ചപ്പോൾ ലഭിച്ചത്‌ സ്‌ത്രീയുടേത്‌. കൊച്ചി കോർപറേഷനിൽ മരണസർട്ടിഫിക്കറ്റിന്‌ അപേക്ഷ നൽകിയവർക്കാണ്‌ ഈ അനുഭവം. ആഗസ്‌ത്‌ 15ന്‌ അമൃത ആശുപത്രിയിൽ മരിച്ച എം ജി ജയചന്ദ്രൻ എന്നയാളുടെ മരണസർട്ടിഫിക്കറ്റിന്‌ കുടുംബം അപേക്ഷിച്ചപ്പോൾ ലഭിച്ചത്, ജൂലൈ 20ന്‌ മരിച്ച മുണ്ടംവേലി തച്ചേലിപ്പറമ്പിൽ‌ മേരി ലോറൻസിന്റെ സർട്ടിഫിക്കറ്റാണ്‌. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓൺലൈൻ വഴി കൃത്യമായി ജനന–-മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുമ്പോഴാണ്‌ കൊച്ചി കോർപറേഷന്റെ ഈ ദുരവസ്ഥ.

കോർപറേഷൻ എട്ടുകോടി പാഴാക്കിയിട്ടും ജനന–-മരണ സർട്ടിഫിക്കറ്റുകളും ബിൽഡിങ്ങ‌ിനുള്ള പെർമിറ്റും യഥാസമയം നൽകാൻ സാധിക്കാത്ത അവസ്ഥയാണ്‌. ഇതുൾപ്പെടെ കൊച്ചി കോർപറേഷനിലെ ഇ–-ഗവേണൻസ‌് സംവിധാനത്തെക്കുറിച്ച്‌ നിരവധി പരാതികളാണ്‌ ഉയരുന്നത്‌. ടൗൺ ഹാൾ ബുക്കിങ്ങിന്‌ തയ്യാറാക്കിയ സോഫ്‌റ്റ്‌വെയറും പണിമുടക്കിയിരുന്നു. 25 ശതമാനം തുകയാണ്‌ ആദ്യം അടയ്‌ക്കേണ്ടത്‌. ഓൺലൈൻ വഴി ഒരാൾ 5097 രൂപ മുടക്കി ഇത്തരത്തിൽ ബുക്ക്‌ ചെയ്‌തു. ബുക്കിങ് ലഭിച്ചില്ലെന്നുമാത്രമല്ല, ഇയാൾ അടച്ച തുക ഏത്‌ ബാങ്കിലേക്കാണ്‌ പോയതെന്ന്‌ കണ്ടെത്താൻ സാധിച്ചില്ല. പണം നഷ്ടപ്പെട്ടയാൾ നഗരസഭാ സെക്രട്ടറിക്ക്‌ പരാതി നൽകിയിരുന്നു.

ഇ–-ഗവേണൻസ്‌ ഇങ്ങനെ താളംതെറ്റുന്നതിനാൽ കോവിഡ്‌ കാലത്ത്‌ ജനന–-മരണ സർട്ടിഫിക്കറ്റിനായി നഗരസഭയുടെ മുന്നിൽ എല്ലാ ദിവസവും നീണ്ട ക്യൂവാണ്‌. ശാരീരിക അകലം പാലിക്കാതെയാണ്‌ ക്യൂവെന്നും ആക്ഷേപമുണ്ട്‌. നഗരസഭയിലെ നികുതിപിരിവും താറുമാറായി‌. ഓൺലൈൻ വഴി നികുതി അടയ്‌ക്കാൻ സാധിക്കില്ല. കണ്ടെയ്‌ൻമെന്റ്‌ സോണുകൾ വർധിച്ചതോടെ ടാക്‌സ്‌ കലക്ടർമാർക്ക്‌ വീടുകളിലെത്തി നികുതി പിരിക്കാനും സാധിക്കാത്ത അവസ്ഥയാണ്‌.

തനതുവരുമാനം നിലച്ചതോടെ ജീവനക്കാർക്ക്‌ ശമ്പളം കൃത്യമായി നൽകാൻ കോർപറേഷൻ ബുദ്ധിമുട്ടുകയാണ്‌. കൊച്ചി നഗരസഭ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളിലും ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) എന്ന സ്ഥാപനമാണ് ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നത്. യുഡിഎഫ‌് ഭരണകാലത്ത‌് കൊച്ചി കോർപറേഷനൊപ്പം തിരുവനന്തപുരവും തൃശൂരും കോർപറേഷനുകൾ സ്വകാര്യ കമ്പനിക്ക‌് ഇ–-ഗവേണൻസ‌് നൽകാനായി ആലോചിച്ചിരുന്നു. എന്നാൽ, എൽഡിഎഫ‌് ഭരിച്ചിരുന്ന തിരുവനന്തപുരം, തൃശൂർ കോർപറേഷനുകൾ ഇതിൽനിന്ന‌് പിന്മാറുകയും ഐകെഎം തെരഞ്ഞെടുക്കുകയും ചെയ‌്തു.

ഇ–--ഗവേണൻസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 2011ൽ കൊച്ചി നഗരസഭയിൽ വോട്ടിനിട്ടാണ് ഐകെഎമ്മിനെ ഒഴിവാക്കി ടിസിഎസിനെ തെരഞ്ഞെടുത്തത്. എന്നാൽ, 2020 ആയിട്ടും പദ്ധതി പൂർത്തിയാക്കാൻ സ്ഥാപനത്തിനായിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top