19 April Friday

മധുര കമ്പനി പാലം ; സ്ഥലമേറ്റെടുക്കാതെ നഗരസഭ; എൽഡിഎഫ്‌ മനുഷ്യപ്പാലം 20ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 12, 2020


പള്ളുരുത്തി
സംസ്ഥാന സർക്കാർ തുക വകയിരുത്തിയിട്ടും മധുര കമ്പനി പാലം നിർമാണത്തിന് വിലങ്ങുതടിയായി മാറിയ കൊച്ചി നഗരസഭയ്ക്കെതിരെ എൽഡിഎഫ്‌ പ്രതിഷേധ  മനുഷ്യപ്പാലം 20ന്.  ഭരണാനുമതി ലഭിച്ചിട്ടും നഗരസഭ സ്ഥലമേറ്റെടുക്കാത്തതാണ്‌ പാലം നിർമാണത്തിന് തിരിച്ചടിയായത്‌. ജോൺ ഫെർണാണ്ടസ് എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന് ആദ്യഘട്ടത്തിൽ 1.80 കോടി വകയിരുത്തിയിരുന്നു.

നഗരസഭയ്‌ക്ക് സമയബന്ധിതമായി തുക ഉപയോഗിക്കാൻ  കഴിയാതെവന്നപ്പോൾ മറ്റു പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു. അതിനുശേഷം രണ്ടുഘട്ടങ്ങളായി 2.80 കോടി രൂപ വീണ്ടും അനുവദിച്ചു. മധുര കമ്പനി പ്രദേശത്തെ 13.5 സെന്റ്‌ സ്ഥലം നഗരസഭ ഏറ്റെടുത്താൽ പാലം നിർമാണം ഉടൻ ആരംഭിക്കാം.

നാൽപ്പത്തിമൂന്ന്‌ വർഷം പഴക്കമുള്ള പഷ്ണിത്തോട് പാലത്തിലൂടെ കൂറ്റൻ ഭാരവാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്നത് കണക്കിലെടുത്ത് പകരം സംവിധാനം എന്ന നിലയിലാണ് പഷ്ണിത്തോടിനു കുറുകേ മധുര കമ്പനിക്കുസമീപം പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്. പാലം പൂർത്തിയായാൽ മാത്രമേ കണ്ണങ്ങാട്ട് - വില്ലിങ്ടൺ ഐലൻഡ്‌ പാലത്തിന്റെ പ്രയോജനം പള്ളുരുത്തി, പെരുമ്പടപ്പ്, കുമ്പളങ്ങി മേഖലയിലുള്ളവർക്ക് ലഭിക്കൂ. പള്ളുരുത്തി മേഖലയിലെ ഗതാഗതക്കുരുക്കിനും പാലം പരിഹാരമാകും. ജോൺ ഫെർണാണ്ടസ് എംഎൽഎ അനുവദിച്ച തുക പാഴാക്കരുത്, സ്ഥലം ഏറ്റെടുക്കുന്നതിൽ കൊച്ചി നഗരസഭ കാണിക്കുന്ന വീഴ്ച അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മനുഷ്യപ്പാലം സംഘടിപ്പിക്കുന്നത്.

വൈകിട്ട് നാലിന് മധുര കമ്പനി പാലംമുതൽ എൻഇഎസ് ബ്ലോക്ക് ജങ്ഷൻവരെ സംഘടിപ്പിക്കുന്ന പ്രതിഷേധ മനുഷ്യപ്പാലം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top