25 April Thursday

ജില്ലയിൽ ഇന്നലെ കോവിഡ്‌ സ്ഥിരീകരിച്ചത്‌ 47 പേർക്ക്‌ ; സമ്പർക്കരോഗികൾ 100 കടന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020


കൊച്ചി
ജില്ലയിൽ കോവിഡ്‌ സമ്പർക്കരോഗികളുടെ എണ്ണം 124 ആയി. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 47 പേരിൽ 30 പേരും സമ്പർക്കരോഗികളാണ്‌. 17 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ആലുവയിൽ സ്ഥിതി കൂടുതൽ രൂക്ഷമായി. കൂടുതൽപേർക്ക്‌ രോഗം സ്ഥിരീകരിച്ചതോടെ നഗരസഭയും കീഴ്‌മാട്‌ പഞ്ചായത്തും പൂർണമായും അടച്ചു.

നിയന്ത്രിതമേഖലകളിൽ ട്രിപ്പിൾ ലോക്ക്‌ഡൗണിനുസമാനമായ നടപടികളാണ് ജില്ലാ ഭരണനേതൃത്വം നടപ്പാക്കുന്നത്. സോണിലേക്കുള്ള വഴികളെല്ലാം അടച്ചുകെട്ടി പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി. നൂറ്റമ്പതോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ജില്ലയിലാകെ പൊലീസ് വളന്റിയർമാരുടെ സേവനവുമുണ്ട്‌.

ആലുവയിൽ കനത്ത ജാഗ്രത;ബഫർസോണുകളും
ആലുവ മാർക്കറ്റ്‌ കേന്ദ്രീകരിച്ചാണ്‌ സമ്പർക്കരോഗികൾ കൂടുതലുള്ളത്‌. ഉറവിടമറിയാത്ത രോഗികളും പട്ടികയിലുണ്ട്‌. കുട്ടമശേരിയിൽ ആദ്യം രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്കപട്ടികയിൽ 200 പേരുണ്ട്‌. നൂറോളംപേരുടെ സ്രവം പരിശോധിച്ചതിൽ 12 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ശനിയാഴ്‌ച 60 പേരുടെ സ്രവംകൂടി പരിശോധനയ്‌ക്ക്‌ എടുത്തിട്ടുണ്ട്‌.  ആലുവ നഗരസഭയുടെ രണ്ട്‌ ശുചീകരണത്തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചു.

ഏ​ഴി​ന്​ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ല​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​കന്റെ സ​മ്പ​ര്‍ക്കപ​ട്ടി​ക​യി​ലു​ള്ള നാ​ലു​പേ​ര്‍ക്ക്‌ വെ​ള്ളി​യാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ചൂ​ര്‍ണി​ക്ക​ര​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​ലു​വ മാ​ര്‍ക്ക​റ്റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​ടെ സ​മ്പ​ര്‍ക്കപ​ട്ടി​ക​യി​ലു​ള്ളവർക്കും‌ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​ലു​വ​യി​ൽ ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ഉ​ളി​യ​ന്നൂ​ർ സ്വ​ദേ​ശി​ ആ​ലു​വ മാ​ർ​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഓ​ട്ടോ ഓ​ടി​ക്കു​ന്ന​ത്. ഇദ്ദേഹത്തിന്റെ സമ്പർക്കപട്ടികയിലുള്ളവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌.

കണ്ടെയ്ൻമെന്റ്‌ സോൺ സാധ്യത പരിഗണിച്ച്‌  ആലുവ നഗരസഭയുടെ സമീപ പഞ്ചായത്തുകളെ ബഫർ സോണുകളാക്കി പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തി. കീഴ്മാട്‌, എടത്തല, കടുങ്ങല്ലൂർ, ഏലൂർ, ചൂർണിക്കര ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ കർശന നിയന്ത്രണം കൊണ്ടുവരും.  ആലുവയിൽമാത്രം 448 പേരുടെ സ്രവം ശേ‌ഖരിച്ചു. 1342 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്‌. ഇവിടങ്ങളിൽ ജനം വീടുകളിൽതന്നെ കഴിയണം.

തീരദേശമേഖല അടഞ്ഞുതന്നെ
ചെല്ലാനം പഞ്ചായത്തും കൊച്ചി നഗരസഭയിലെ 10 ഡിവിഷനുകളും ചമ്പക്കര, ബ്രോഡ്‌‌വേ, വരാപ്പുഴ മാർക്കറ്റുകളും അടഞ്ഞുതന്നെ കിടക്കുകയാണ്‌. ഇവിടങ്ങളിൽ കൂടുതൽ ആന്റിജെൻ ടെസ്റ്റ് നടത്തും. എസ്ആ‌ർവി സ്കൂളിലെ പ്ലസ്ടു മൂല്യനിർണയത്തിൽ പങ്കെടുത്ത അധ്യാപികയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 18 അധ്യാപകർ ക്വാറന്റൈനിലായി.

ജനറൽ ആശുപത്രിയിലെ കാർഡിയോളജി, ജനറൽ മെഡിക്കൽ വിഭാഗങ്ങൾ തുറക്കുന്നതിൽ തീരുമാനമായില്ല. ഇതിന് പരിഹാരമായി പിവിഎസ് ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗം ഒപി തുടങ്ങാനാണ് തീരുമാനം. കൊച്ചി നഗരത്തിൽ സ്വകാര്യ ഏജൻസിയുമായി സഹകരിച്ച് നിയന്ത്രിതമേഖലകൾ നഗരസഭ അണുവിമുക്തമാക്കി.

ചെല്ലാനം–-ആലുവ മേഖലകൾ പ്രത്യേക ക്ലസ്‌റ്റർ
ചെല്ലാനം, ആലുവ മേഖലകളെ പ്രത്യേക ക്ലസറ്ററാക്കും. ഇവിടെ രോഗലക്ഷണമുള്ള എല്ലാവരുടെയും സാമ്പിളുകൾ പരിശോധനയ്‌ക്ക്‌ അയക്കും. ഇതിനായി നാല്‌ മൊബൈൽ സ്വാബ്‌ യൂണിറ്റുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ലക്ഷദ്വീപിന്‌ നൽകിയ കോവിഡ്‌ പരിശോധന ആർടിപിസിആർ മെഷീൻ താൽക്കാലികമായി എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ഉപയോഗിക്കും. തിങ്കളാഴ്‌ച മുതൽ കൂടുതൽ പരിശോധനയ്‌ക്ക്‌ ഇത്‌ ഉപയോഗിക്കും.

819 പേർ വീടുകളിൽ നിരീക്ഷണത്തിൽ 
ജില്ലയിൽ 819 പേരെക്കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 1172 പേരെ ഒഴിവാക്കി. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 12,852. ഇതിൽ 11,041 പേർ വീടുകളിലും 529 പേർ കോവിഡ് കെയർ സെന്ററുകളിലും 1282 പേർ പണം കൊടുത്ത്‌ ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.57 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 33 പേരെ ഡിസ്ചാർജ് ചെയ്തു. വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 319 ആണ്.

കോലഞ്ചേരിയിൽ 45 പേർ ക്വാറന്റൈനിൽ
മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച പുല്ലുവഴി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 45 പേർ ക്വാറന്റൈനിലായി. ചികിത്സിച്ച ഡോക്ടർമാർ, നേഴ്‌സുമാർ, ഇദ്ദേഹത്തെ പ്രവേശിപ്പിച്ച വാർഡിലുണ്ടായിരുന്ന രോഗികൾ എന്നിവരടക്കം നേരിട്ട് സമ്പർക്കമുള്ളവരാണ്‌ ക്വാറന്റൈനിൽ.

രോഗം സ്ഥിരീകരിച്ചവർ
• മുംബൈയിൽനിന്നെത്തിയ പെരുമ്പാവൂർ സ്വദേശിനി (46)
•റഷ്യയിൽനിന്നെത്തിയ
ഉദയംപേരൂർ സ്വദേശി (24)
•ഹൈദരാബാദിൽ
നിന്നെത്തിയ ഹൈദരാബാദ്‌ സ്വദേശിനി (16)
• മസ്‌കറ്റിൽനിന്നെത്തിയ
നായത്തോട് സ്വദേശി (33)
• റിയാദിൽനിന്നെത്തിയ ഒരേ കുടുംബത്തിലെ 40, 36, 7, 11  വയസ്സുള്ള മഴുവന്നൂർ സ്വദേശികൾ 
• ദുബായിൽനിന്നെത്തിയ എറണാകുളം സ്വദേശി (32)
•സൗദിയിൽനിന്നെത്തിയ വെളിയത്തുനാട് സ്വദേശി (32)
• മഹാരാഷ്ട്രയിൽനിന്നെത്തിയ ചേന്ദമംഗലം സ്വദേശിനി (13) 
• മുംബൈയിൽനിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിങ്‌ കമ്പനി ജീവനക്കാരൻ (54) 

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ
 • രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പർക്കപട്ടികയിലുള്ള 11, 5, 45, 17, 21, 9,13, 16, 42, 36, 47, 69 വയസ്സുള്ള കുടുംബാംഗങ്ങൾ, കവളങ്ങാട് സ്വദേശി (38). ഇവരെല്ലാം ഇദ്ദേഹത്തിന്റെ കുടുംബത്തിൽ നടന്ന വളയിടൽച്ചടങ്ങിൽ പങ്കെടുത്തവരാണ്
• വെളിയത്തുനാട് സ്വദേശി (67).  ആലുവ, മരട് മാർക്കറ്റുകൾ സന്ദർശിച്ചിട്ടുണ്ട്
• ആലുവയിലെ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായ കീഴ്മാട് സ്വദേശി (67), അടുത്ത ബന്ധുവായ അറുപത്തിനാലുകാരി
• ചൂർണിക്കര സ്വദേശി (35), ശ്രീമൂലനഗരം സ്വദേശി (51). രണ്ടുപേരും ആലുവ മാർക്കറ്റ് സന്ദർശിച്ചു.
• ചെല്ലാനം സ്വദേശികളുടെ സമ്പർക്കപട്ടികയിലുള്ള 62ഉം 43ഉം വയസ്സുള്ള അടുത്ത ബന്ധുക്കൾ
• മരട് സ്വദേശിയുടെ സഹപ്രവർത്തകയായ ഇടപ്പള്ളി സ്വദേശിനിയും (53) അവരുടെ അടുത്ത ബന്ധുവായ 21 വയസ്സുകാരിയും
• വെണ്ണല സ്വദേശിനിയുടെ (23) സമ്പർക്കപട്ടികയിലുള്ള തമ്മനം സ്വദേശിനി (24) 
• ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന ആലപ്പുഴ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ സഹപ്രവർത്തകരായ 29, 54 വയസ്സുള്ള കുമ്പളങ്ങി സ്വദേശികൾ, പുത്തൻകുരിശ് സ്വദേശി (50), പാണ്ടിക്കുടി സ്വദേശി (26),  തൃക്കാക്കര സ്വദേശി (51), ചെല്ലാനം സ്വദേശി (27).
• ആലങ്ങാട് സ്വദേശിയുടെ സമ്പർക്കപട്ടികയിലുള്ള ആലുവയിലുള്ള ഹോട്ടൽ ജീവനക്കാരനായ ചൂർണിക്കര സ്വദേശി (27)
• കീഴ്മാട് സ്വദേശിയുടെ സമ്പർക്കപട്ടികയിലുള്ള സ്വകാര്യ ബസ് ജീവനക്കാരനായ കീഴ്മാട് സ്വദേശി (45)
• ആലുവ മുനിസിപ്പാലിറ്റിയിലെ ശുചീകരണത്തൊഴിലാളിയായ ആലുവ സ്വദേശി (23)
• കടുങ്ങല്ലൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിലുള്ള ആലുവ  മുനിസിപ്പാലിറ്റിയിലെ ശുചീകരണത്തൊഴിലാളിയായ എടത്തല സ്വദേശി (25)
• ചെല്ലാനം സ്വദേശി (40), ഇദ്ദേഹം ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളിയുമായി സമ്പർക്കത്തിൽ വന്നിരുന്നു
• ശനിയാഴ്‌ച മരിച്ച രായമംഗലം സ്വദേശി (79)  

ആകെ രോഗികൾ 274
ജില്ലയിലെ ആശുപത്രികളിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 274 ആയി. എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ 116 പേരും അങ്കമാലി അഡ്‌ലക്‌സിൽ 153 പേരും ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ രണ്ടുപേരും സ്വകാര്യ ആശുപത്രിയിൽ മൂന്നുപേരും ചികിത്സയിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top