27 April Saturday

വല്ലംകടവ്-– പാറപ്പുറം പാലം നിർമാണം 
ദ്രുതഗതിയിൽ ; ജൂലൈയിൽ തുറക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023



പെരുമ്പാവൂർ
വല്ലംകടവ്–-പാറപ്പുറം പാലം ജൂലൈയോടെ നിർമാണം പൂർത്തിയാക്കും. പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി. അവസാനഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അപ്രോച്ച് റോഡിലെ നിര്‍മാണപ്രവര്‍ത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

പെരിയാറിന്‌ കുറുകെ വല്ലംകടവിനെയും കാഞ്ഞൂർ പാറപ്പുറത്തെയും ബന്ധിപ്പിക്കുന്ന പാലം പൂർത്തിയാകുന്നതോടെ കാലടി, പെരുമ്പാവൂർ ടൗണിലെ ഗതാഗതക്കുരുക്കിന് ശമനമാകും. പെരുമ്പാവൂര്‍–-ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം ഇടുക്കി, കോട്ടയം ജില്ലകളില്‍നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് എത്തുന്നവര്‍ക്ക് എളുപ്പവഴിയാണ്. പുതിയ പാലം വരുന്നതോടെ കാഞ്ഞൂരില്‍നിന്ന് പെരുമ്പാവൂരിലെത്താന്‍ ആറ്‌ കിലോമീറ്ററോളം ലാഭിക്കാം. ഇത് കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് എളുപ്പത്തില്‍ കൊണ്ടുപോകാന്‍ സഹായകമാകും. പെരിയാറിന്റെ ഇരുകരകളിലുമുള്ള സെന്റ് മേരീസ് പള്ളി കാഞ്ഞൂര്‍, പുതിയേടം ക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രം, ചേലാമറ്റം ക്ഷേത്രം തുടങ്ങിയ തീര്‍ഥാടനകേന്ദ്രങ്ങളിലേക്കുള്ള യാത്രയും സുഗമമാകും. ഒമ്പതു സ്പാനുകളോടെ 289.45 മീറ്റര്‍ നീളവും ഇരുവശത്തും നടപ്പാത ഉള്‍പ്പെടെ 11.23 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുന്നത്. 23 കോടി രൂപയുടെ സാങ്കേതിക അനുമതിയോടെ 2016ല്‍ ആരംഭിച്ച പാലത്തിന്റെ നിര്‍മാണം പ്രളയവും, ആദ്യം കരാര്‍ ഏറ്റെടുത്ത കമ്പനി പിന്മാറിയതുംമൂലം മന്ദഗതിയിലായി. പിന്നീട് പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് ഇടപെട്ടാണ് വീണ്ടും ടെന്‍ഡര്‍ വിളിച്ച് നിർമാണം പുനരാരംഭിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top