26 April Friday

പട്ടികയ്‌ക്ക്‌ അംഗീകാരം; ഏലൂരിൽ 3000 കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ളം

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023


കളമശേരി
ഏലൂർ നഗരസഭയിൽ സൗജന്യ കുടിവെള്ളപദ്ധതിയിൽ 3000 കുടുംബങ്ങളെ ഉൾക്കൊള്ളിച്ചുള്ള പട്ടികയ്‌ക്ക്‌ അംഗീകാരമായി. വാട്ടർ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, നഗരസഭാ അധികൃതർ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.

വ്യവസായമേഖലയായ ഏലൂരിൽ പരിസ്ഥിതിമലിനീകരണത്താൽ കുടിവെള്ളസ്രോതസ്സ് മലിനമായതിനെ തുടർന്നുണ്ടായ സമരങ്ങളുടെ ഫലമായി സുപ്രീംകോടതി മോണിറ്ററിങ്‌ കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഒമ്പത് വാർഡുകളിൽ 2009ൽ സൗജന്യ കുടിവെള്ളപദ്ധതി നടപ്പായത്. ഒന്നുമുതൽ ആറുവരെയും 29 മുതൽ 31 വരെയുമുള്ള ഒമ്പത് വാർഡുകളിലായി 2144 കുടുംബങ്ങളായിരുന്നു തുടക്കത്തിൽ പദ്ധതിയിൽ ഉൾപ്പെട്ടത്. കുടുംബത്തിന് ദിവസും 500 ലിറ്റർ കുടിവെള്ളം ഇങ്ങനെ ലഭിച്ചിരുന്നു. തുടർന്ന് നഗരസഭ വിവിധ ഘട്ടങ്ങളിലായി പുതിയവരെയും ഉൾപ്പെടുത്തി 3000 കുടുംബങ്ങളുടെ പട്ടിക നൽകി. എന്നാൽ, ഈ പട്ടികയ്‌ക്ക്‌ ഇപ്പോഴാണ് അംഗീകാരമായത്. ഇതനുസരിച്ച് പട്ടിക നൽകിയ ദിവസംമുതൽ കുടുംബങ്ങൾ സൗജന്യ കുടിവെള്ളപദ്ധതിയുടെ ഗുണഭോക്താക്കളാകും.

പുതിയ പട്ടികയിലെ പേരുകളുടെ സൂക്ഷ്മപരിശോധനയ്‌ക്കായി 15 മുതൽ ജൂലൈ ഏഴുവരെ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പ് നടത്തും.
യോഗത്തിൽ നഗരസഭാ ചെയർമാർ എ ഡി സുജിൽ അധ്യക്ഷനായി. എൻവയോൺമെന്റൽ എൻജിനിയർ എം എൻ കൃഷ്ണൻ, വാട്ടർ അതോറിറ്റി അസിസ്‌റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയർ അനിൽ കെ വർഗീസ്, നഗരസഭാ സെക്രട്ടറി പി കെ സുഭാഷ്, ടി എം ഷെനിൻ, പി എ ഷെരീഫ്, പി എം അയ്യൂബ്, എസ് ഷാജി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top