26 April Friday

ഗ്രാഫ് തിയറിയിൽ കാവുങ്കൽ വീട്ടിലേക്ക്‌ മൂന്നാമത്തെ ഡോക്ടറേറ്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022

ഗവേഷക സഹോദരിമാർ അധ്യാപകർക്കൊപ്പം. ഇടത്തുനിന്ന്: നിൽക്കുന്നത് സീമ, സീതു, സീന. ഇരിക്കുന്നത് ഡോ. അമ്പാട്ട് വിജയകുമാർ, ഡോ. അപർണ ലക്ഷ്മണൻ


കളമശേരി
ഗണിതശാസ്ത്രത്തിലെ ഗ്രാഫ് തിയറിയിൽ അങ്കമാലി കാവുങ്കൽ വീട്ടിലേക്ക്‌ മൂന്നാമത്തെ ഡോക്ടറേറ്റ്‌. ഒരേവിഷയത്തിൽ ഡോക്ടറേറ്റ് നേടിയ മൂന്ന് സഹോദരിമാരും കുസാറ്റിൽനിന്ന് റാങ്കോടെ എംഎസ്‌സി പൂർത്തിയാക്കിയവരാണ്. അധ്യാപികമാരായ സീമ വർഗീസ്, സീന വർഗീസ്, സീതു വർഗീസ് എന്നിവരാണ് ഈ അപൂർവ സഹോദരിമാർ. സീമ ഒഴികെ രണ്ടുപേരും കുസാറ്റിൽനിന്നുതന്നെ എംഫിൽ കോഴ്സും പാസായിട്ടുണ്ട്. മുൻ ബാങ്ക് ഉദ്യോഗസ്ഥൻ അങ്കമാലി കാവുങ്കൽ വർഗീസിന്റെയും മേഴ്സിയുടെയും മക്കളാണ് ഇവർ.

കുസാറ്റ് അധ്യാപകൻ പ്രൊഫ. അമ്പാട്ട് വിജയകുമാറിന്റെ കീഴിലാണ് 2011ൽ സീമയും 2017ൽ സീതുവും പിഎച്ച്ഡി നേടിയത്. സീനയാകട്ടെ ഡോ. വിജയകുമാറിന്റെ മറ്റൊരു ഗവേഷണ വിദ്യാർഥിയും ഇപ്പോൾ കുസാറ്റ് അധ്യാപികയുമായ ഡോ. അപർണ ലക്ഷ്മണന്റെ കീഴിലും. നേരത്തേ ആലുവ സെന്റ്‌ സേവ്യേഴ്സ് കോളേജ് അധ്യാപികയായിരുന്നപ്പോഴാണ് അപർണയുടെ കീഴിൽ സീന പിഎച്ച്ഡിക്ക് രജിസ്റ്റർ ചെയ്തത്.

സീമ തൃശൂർ ഗവ. എൻജിനിയറിങ് കോളേജിലും സീന അങ്കമാലി ഫിസാറ്റിലും അധ്യാപകരാണ്‌. സീതു ഭാരത്‌മാതാ കോളേജ് ഗണിതവിഭാഗം മേധാവിയും. സീനയ്ക്ക് പിഎച്ച്ഡി ബിരുദവും സീതുവിന് ഗവേഷണ ഗൈഡ് പദവിയും അനുവദിച്ച ഉത്തരവ് ഒരുമിച്ചാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയത്.

കഴിഞ്ഞയാഴ്ച സീതു ഭാരത്‌മാതാ കോളേജിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാർ സഹോദരിമാരുടെയും ഗൈഡ്മാരുടെയും അക്കാദമിക്‌ പുനഃസമാഗമ വേദികൂടിയായി.ഇവരുടെ ഇളയ സഹോദരി രാജഗിരി കോളേജ് അധ്യാപിക ശാലു, ഇംഗ്ലീഷിൽ ഗവേഷകയാകാനുള്ള ഒരുക്കത്തിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top